ഏഴാം വയസിൽ പന്ത് മെസിയുടെ കാലിൽ കയറി! അന്ന് തുടങ്ങിയ മലപ്പുറം മുഹബ്ബത്ത്...

Messi is coming to Kerala... Malappuram is excited
Lionel MessiX
Updated on
3 min read

റൊസാരിയോയിലെ സാന്റാ ഫെ പ്രൊവിന്‍സില്‍ നിന്നു മലപ്പുറത്തെ തെരട്ടമ്മലിലേക്ക് എത്ര ദൂരമുണ്ട്? അളന്നാല്‍ കിട്ടും, അബ്ദുക്കയും കുമാരേട്ടനുമൊക്കെ മറഡോണയില്‍ നിന്നു മെസിയിലേക്കുള്ള (Lionel Messi) യാത്രകളുടെ കഥ പറയുന്ന ദൂരക്കണക്ക്. അളക്കാന്‍ സാധിക്കാത്ത അടുപ്പത്തിന്റെ പേര് കൂടിയാണ് മലപ്പുറത്തെ ഫുട്‌ബോള്‍, മലബാറിന്റെ ഫുട്‌ബോള്‍, മലയാളിയുടെ ഫുട്‌ബോള്‍. കാതോര്‍ത്താല്‍ കേള്‍ക്കാം കാറ്റ് നിറച്ചൂതിയ തുകല്‍ പന്തിന്റെ മായാജാലങ്ങളുടെ, പ്രണയത്തിന്റെ, വേദനയുടെ, നിരാശയുടെ, ഉയിര്‍പ്പിന്റെ വിസ്മയിപ്പിക്കുന്ന പന്ത് കളി കഥകള്‍.

ഫുട്ബോളിനായി സർവവും ത്യജിച്ച മാനേജരേയും ടീമിനേയും അയാളെ ചുറ്റിപ്പറ്റി നിന്ന കുറേ കളിക്കാരേയും ഒരോ സെവൻസ് മൈതാനത്തും തിരഞ്ഞാൽ കിട്ടും. പന്ത് കളിക്കായി ജീവനും ജീവിതവും സമർപ്പിച്ചവരെ, പന്ത് കളി ഭ്രാന്ത് മൂത്ത് സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടവരെ, വാഴ്ത്തപ്പെട്ട താരങ്ങളെ, വീണു പോയവരെ... അങ്ങനെ അങ്ങനെ അവസാനിക്കാത്ത ഒട്ടേറെ മനുഷ്യരുടെ ജീവ ശ്വാസമുണ്ട് മലപ്പുറത്തിന്റെ ആകാശത്ത്...

***

'1997ല്‍ കൊച്ചി സ്‌റ്റേഡിയത്തില്‍ നെഹ്‌റു ട്രോഫി സെമി പോരാട്ടത്തില്‍ ഇന്ത്യയും ഇറാഖും തമ്മിലുള്ള മത്സരം നടന്നപ്പോള്‍ ഏതാണ്ട് 30000ത്തോളം പേര്‍ ടിക്കറ്റ് കിട്ടാതെ പുറത്തു നിരാശപ്പെട്ടു നിന്നിരുന്നു. അന്ന് രണ്ട് മണിക്കൂറോളം കാത്തു നിന്നാണ് കൊച്ചിയിലെ റോഡില്‍ നിന്നു ഒരു സൈക്കിളെങ്കിലും ചലിക്കാൻ ആരംഭിച്ചത്... ആ മത്സരം കാണാനായി മലബാര്‍ ഭാഗത്തു നിന്നെത്തിയ റ്റാറ്റാ സുമോകളുടെ കണക്കെടുത്താല്‍ മല ബാറില്‍ റ്റാറ്റാ സുമോ വണ്ടികള്‍ എത്രയുണ്ടെന്നറിയാം എന്നൊരു പറച്ചില്‍ പോലും അക്കാലത്തുണ്ടായിരുന്നു. അത്ര ആവേശത്തോടെയാണ് കേരളം അന്നത്തെ മത്സരത്തെ ആഘോഷിച്ചത്. ഇന്ത്യ തോറ്റിട്ടു പോലും. കൊച്ചി നഗരത്തിലേക്ക് അന്ന് ഇരച്ചെത്തിയ മനുഷ്യരില്‍ 70 ശതമാനം പേരും മലബാറില്‍ നിന്നായിരുന്നു...'- കേരളത്തില്‍ അരങ്ങേറിയ പഴയ ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ പോരാട്ടം ഓര്‍ത്തെടുക്കുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കളിയെഴുത്തുകാരന്‍ എഎന്‍ രവീന്ദ്രദാസ്.

Messi is coming to Kerala... Malappuram is excited
സെവൻസ് പോരാട്ടം (Lionel Messi)

***

നിലമ്പൂരിലെ, മഞ്ചേരിയിലെ, തിരൂരിലെ മണ്ണില്‍ ലയിച്ചു ചേര്‍ന്ന ലക്ഷക്കണക്കായ പന്തുകളുടെ ആത്മാക്കള്‍ നമ്മോടു പറഞ്ഞ അനേകായിരം മൊഹബ്ബത്തിന്‍ കഥകളില്‍ കേട്ട ഒരു ഡീഗോ മറഡോണ ഒരിക്കല്‍ ഈ മണ്ണിലേക്ക് ഇറങ്ങി വന്നു. ഒരു റൊണാള്‍ഡീഞ്ഞോയും. അങ്ങനെ പലരും... ആധുനിക ഫുട്‌ബോളിലെ മഹാ മാന്ത്രികനായ മെസിയും ശ്വാസം പോലെ പന്തിനെ ചേര്‍ത്ത മനുഷ്യരുടെ ഇടയിലേക്ക് ഒടുവില്‍ ഇറങ്ങി വരികയാണ്... മെസിയെ സ്വന്തം വീട്ടുകാരനെന്ന പോലെ അഭിസംബോധന ചെയ്യുന്ന സാധാരണ മനുഷ്യര്‍ മലപ്പുറത്തെ നാട്ടിന്‍പുറങ്ങളിലുണ്ട്. മലബാറിലൂടെ സഞ്ചരിച്ചാല്‍ അറിയാം ആ ഇഷ്ടത്തിന്റെ ആഴം.

ഫിഫ മഞ്ചേരിയും ലിന്‍ഷ മണ്ണാര്‍ക്കാടും സബാന്‍ കോട്ടയ്ക്കലും സൂപ്പര്‍ സ്റ്റുഡിയോയുമെല്ലാം കേവലം സെവന്‍സ് ടീമുകള്‍ മാത്രമല്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ബാഴ്സോലണയും റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും നാപ്പോളിയും പോലെയുള്ള ടീമുകളുടെ നിലവാരത്തിലാണ് മലബാറിലെ ഓരോ മനുഷ്യനും ആ ടീമുകളേയും നെഞ്ചേറ്റിയിരിക്കുന്നത്. ടീമുകളുടെ വൈകാരികതയോട്, കളിയോട് അവരെല്ലാം അത്രയേറെ സമരസപ്പെട്ടിരിക്കുന്നു.

***

'മെസിയുടെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിനോ, കേരളത്തിന്റെ ഫുട്‌ബോളിനോ എന്തു നേട്ടമുണ്ടാക്കും എന്നു ചോദിച്ചാല്‍ പ്രത്യേകിച്ച് ഒരു നേട്ടവും അതുണ്ടാക്കില്ല എന്നു പറയേണ്ടി വരും. അർജന്റീന ഇന്ത്യയുമായി സൗഹൃദ ഫുട്ബോൾ കളിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ റാങ്കിങിൽ 100നു മുകളിലുള്ള ഒരു ടീമുമായി കളിക്കാൻ ഒരുക്കമല്ലെന്നു അവർ തീർത്തു പറഞ്ഞിട്ടുണ്ട്. സൗദി അറേബ്യ അടക്കം അഞ്ച് ടീമുകളെയാണ് അവർ നിർദ്ദേശിക്കുന്നത്. മത്സരം നടന്നാൽ ആരാധകർക്കു മാത്രമാണ് നേട്ടം. മെസിയുടെ കളി നേരിൽ കാണമെന്ന ആവേശമാണത്.'

'ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം താഴേക്കാണെന്നു വ്യക്തമാക്കുന്നതാണ് ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം. ഇത്തവണയും ലോകകപ്പ് യോ​ഗ്യതയില്ല. ഏഷ്യൻ യോ​ഗ്യതാ പോരിന്റെ രണ്ടാം ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായി. ഏഷ്യൻ കരുത്തരായ ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ പോലുള്ള ടീമുകളുമായുള്ള മത്സരങ്ങളാണ് ഇന്ത്യക്ക് നിലവിൽ ആവശ്യമുള്ളത്. കളിക്കാർക്ക് അതൊരു അനുഭവമായിരിക്കും. അവരുടെ വളർച്ചയ്ക്കും. പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ നമുക്കുണ്ട്. എന്നാൽ അവരെല്ലാം കുറച്ചു കാലം മാത്രം കണുന്നു. പിന്നീട് അപ്രത്യക്ഷരാകുന്നു. ഒരു ഐഎം വിജയനുണ്ട് നമുക്ക്. അതിനു ശേഷം അത്ര മികവുള്ള ഒരു സ്ട്രൈക്കറെ ഇന്ത്യക്ക് കിട്ടിയിട്ടില്ല എന്നതും ഓർക്കേണ്ടതുണ്ട്. മെസി വരുന്നതിന്റെ ആവേശത്തിനിടയിൽ നാം മറന്നുപോകാൻ പാടില്ലാത്ത യാഥാർഥ്യങ്ങൾ കൂടിയുണ്ടെന്നു അറിയണം'- എഎൻ രവീന്ദ്ര ദാസ് ചൂണ്ടിക്കാട്ടുന്നു.

Messi is coming to Kerala... Malappuram is excited
Lionel Messi

***

മെസിയുടേയും അർജന്റീന ടീമിന്റേയും വരവ് ആരാധകരെ സംബന്ധിച്ചു ആവേശമാകുമെന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല. മലബാറുകാര്‍ക്ക്, പ്രത്യേകിച്ച് ആസ്ഥാനമായ മലപ്പുറത്തുകാര്‍ക്ക് പന്ത് കളിയോടുള്ള കമ്പം ജീവിതത്തിന്റെ അത്രയും പ്രാധാന്യമുള്ള കാര്യമാണ്. വാക്കുകൾ കൊണ്ടോ വ്യാഖ്യാനങ്ങൾ കൊണ്ടോ പൂരിപ്പിക്കാൻ സാധിക്കാത്ത എല്ലാ ജീവിത പ്രശ്‌നങ്ങളേയും പോലെ പ്രധാനപ്പെട്ടത്. കായിക ഭൂപടത്തിന്റെ അതിര്‍ വരമ്പുകളെ ഇത്ര മനോഹരമായി 'ഉരുണ്ടു' കടക്കുന്ന ഫുട്‌ബോളിന്റെ മാന്ത്രികത ലോകത്ത് ഇന്നുവരെ ഒരാള്‍ക്കും പൂര്‍ണാര്‍ഥത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയാത്ത സമസ്യയാണ്. അത്തരം അന്തമില്ലാത്ത പെരുത്ത ഇഷ്ടമാണ് ഫുട്ബോളിന്റെ വശ്യത...

ആ ഹൃദയ വയ്പ്പുകളുടെ ഓരത്തേക്കിതാ ഒടുവില്‍ മെസി കാലുകുത്തുന്നു. കാത്തിരിക്കാം... അവസാനിക്കാത്ത ആനന്ദങ്ങള്‍ക്കായി...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com