

ബ്യൂണസ് ഐറിസ്: അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി (ഹോർഹെ ഹൊറാഷിയോ മെസി) അന്തരിച്ചു. മരണം സംബന്ധിച്ച് വാർത്തകൾ അർജന്റീന മാധ്യമങ്ങളാണ് പുറത്തുവിട്ടത്. അർജന്റീന സമയം രാത്രി 10 മണിക്ക് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. ഏറെക്കാലമായി അദ്ദേഹം അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു.
മെസിയുടെ ഔദ്യോഗിക ഏജന്റായി പ്രവർത്തിച്ചത് പിതാവായിരുന്നു. അർജന്റീന നായകന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ കരുത്തും ഹോർഹെ മെസി തന്നെയാണ്. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ പ്രയാസപ്പെട്ട മെസിക്ക് കൃത്യമായ ചികിത്സ നൽകിയത് പിതാവാണ്. മെസി ന്യൂവെൽസ് ഓൾഡ് ബോയ്‌സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്തായിരുന്നു ഇത്.
13ാം വയസിൽ മെസിയെ ബാഴ്‌സലോണയിലെത്തിച്ചതും പിതാവിന്റെ ശ്രമങ്ങളായിരുന്നു. ഹോർമോൺ ചികിത്സയും ഒപ്പം സ്പെയിനിൽ വച്ചാണ് നടത്തിയത്. മെസിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരേയും റൊസാരിയോയിൽ തന്നെ താമസിപ്പിച്ച് ഹോർഹെ സ്‌പെയ്‌നിൽ മെസിക്കൊപ്പം നിന്നാണ് അദ്ദേഹത്തിന്റെ കരിയർ ശരിയായ ദിശയിലേക്ക് നയിച്ചത്.
ബാഴ്‌സലോണ, പിഎസ്ജി, ഇന്റർ മയാമി ക്ലബുകളുമായുള്ള മെസിയുടെ കരാറുകൾക്കും ഹോർഹെയാണ് നേതൃത്വം നൽകിയത്. കളിക്കളത്തിന് പുറത്ത് മെസിയുടെ വാണിജ്യ, പരസ്യ കരാറുകളുടെയെല്ലാം നിയന്ത്രണവും ഹോർഹെയ്ക്കു തന്നെയായിരുന്നു.
ഇത്തവണത്തെ ലോകകപ്പ് സമയത്ത് ഹോർഹെയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. അൾജീരിയയ്‌ക്കെതിരായ മത്സര ശേഷം മെസി പിതാവിനെയോർത്ത് കരഞ്ഞതും അന്ന് വാർത്തകളിൽ നിറഞ്ഞു. അൾജീരിയയ്‌ക്കെതിരായ ആദ്യ ഗോളിന് ശേഷമാണ് മെസി കരഞ്ഞത്.
മെസിയുടെ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഹോർഹെ മെസിക്ക് സ്‌റ്റേഡിയത്തിൽ വരാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യമല്ല ഇതിന് പിന്നിലെന്നും മെസി അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates