

കൊൽക്കത്ത: അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസി ഡിസംബറിൽ ഇന്ത്യയിലെത്തും. എന്നാൽ താരം കേരളത്തിലേക്ക് വരില്ല! കൊൽക്കത്തയിൽ എത്തുന്ന മെസിയുടെ 4 ഇന്ത്യൻ നഗരങ്ങളിലെ പരിപാടികളടക്കമുള്ള സന്ദർശനത്തിന്റെ വിശദ വിവരങ്ങൾ സംഘാടകർ പുറത്തു വിട്ടു.
ഇന്ത്യൻ ഫുട്ബോൾ താരങ്ങളുമായി മെസിയുടെ സംവാദമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും സന്ദർശനത്തിലെ മുഖ്യ പരിപാടിയാണ്.
ഡിസംബർ 12ന് രാത്രി പത്തിനു കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസി 15 വരെ ഇന്ത്യയിലുണ്ട്. കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളിൽ വിവിധ പരിപാടികൾ അദ്ദേഹം സംബന്ധിക്കും. എന്നാൽ കേരളത്തിലേക്ക് മെസി വരുന്നില്ലെന്നും സംഘാടകർ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഇതിഹാസ താരത്തിന്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ചും പരിപാടികളിലും ധാരണയിലെത്തിയതായി സംഘാടകരായ കമ്പനി അവകാശപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനം മെസി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ഉടൻ നടത്തുമെന്നും സംഘാടകർ പറയുന്നു. മെസി ഉൾപ്പെടുന്ന അർജന്റീന ടീമിന്റെ മത്സരം കേരളത്തിൽ നടത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഈ സന്ദർശനവുമായി ബന്ധമില്ല. ഒരു സ്വകാര്യ കമ്പനിയാണ് സംഘാടകർ.
കൊൽക്കത്തയിൽ നിന്ന് അഹമ്മദാബാദിലേക്ക്
2011 സെപ്റ്റംബറിലാണ് മെസി ആദ്യമായി ഇന്ത്യയിൽ വന്നത്. കൊൽക്കത്ത സാൾട്ട്ലേക് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന- വെനസ്വേല സൗഹൃദ ഫുട്ബോൾ പോരാട്ടം കളിക്കാനായാണ് അദ്ദേഹം ആദ്യം എത്തിയത്.
സിസംബർ 12നു രാത്രി അദ്ദേഹം കൊൽക്കത്തയിൽ എത്തും. സന്ദർശന പരിപാടികൾ 13 മുതലാണ് ആരംഭിക്കുന്നത്. രാവിലെ 9ന് കൊൽക്കത്തയിൽ 70 അടി ഉയരത്തിൽ ഒരുങ്ങുന്ന തന്റെ പ്രതിമ മസി അനാച്ഛാദനം ചെയ്യും. ലോകത്തിൽ നിലവിലുള്ള മെസിയുടെ ഏറ്റവും ഉയരമുള്ള പ്രതിമയാണ് ഇതെന്നു സംഘാടകർ അവകാശപ്പെടുന്നു.
പിന്നാട് സാൾട്ട്ലേക് സ്റ്റേഡിയത്തിൽ പ്രദർശന സോഫ്റ്റ്ബോൾ മത്സരത്തിൽ അദ്ദേഹം പങ്കെടുക്കും. ടെന്നീസ് ഇതിഹാസ ലിയാണ്ടർ പെയ്സ്, ക്രിക്കറ്റ് ഇതിഹാസം മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി, മുൻ ഇന്ത്യൻ ഫുട്ബോൾ നയകനും ഇതിഹാസവുമായ ബൈചുങ് ബൂട്ടിയ തുടങ്ങിയവർ മെസിക്കൊപ്പം അണിനിരക്കും.
ഈ പരിപാടി അവസാനിച്ചാൽ അദ്ദേഹം സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വൈകീട്ട് അഹമ്മദാബാദിലേക്ക്.
മുംബൈയിൽ
14ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ പ്രമുഖരുമായി കൂടിക്കാഴ്ച. വൈകീട്ട് വാംഖഡെ സ്റ്റേഡിയത്തിൽ മെസിക്കു സ്വീകരണം. ഈ ചടങ്ങിൽ അദ്ദേഹം ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾക്കൊപ്പം പ്രദർശന സോഫ്റ്റ്ബോൾ മത്സരം കളിക്കും. തുടർന്നാണ് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം അംഗങ്ങളുമായുള്ള സംവാദം.
മോദിക്കൊപ്പം
15ന് ന്യൂഡൽഹിയിലെത്തുന്ന മെസി പ്രധാനമന്ത്ര നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്നു ഫിറോസ് ഷാ കോട്ല മൈതാനത്ത് നടക്കുന്ന സ്വീകരണ ചടങ്ങിൽ ആരാധകരെ മെസി അഭിസംബോധന ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
