

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരവും ലോങ് ജംപിലെ ഒളിംപിക് പ്രതീക്ഷയുമായ മലയാളി താരം എം ശ്രീശങ്കർ ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക്. താരത്തിന്റെ സർജറി അടക്കമുള്ള എല്ലാ ചെലവും കേന്ദ്ര സർക്കാർ പൂർണമായി ഏറ്റെടുത്തതായും കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. എഫ്ബി കുറിപ്പിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഏഷ്യൻ ഗെയിംസ് പോരാട്ടത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. പരിക്കേറ്റിട്ടും താരം വെള്ളി മെഡൽ ഇന്ത്യക്ക് സമ്മാനിച്ചിരുന്നു. പിന്നാലെയാണ് ലണ്ടനിലേക്ക് താരം ചികിത്സയ്ക്കായി പോകുന്നത്.
കുറിപ്പ്
നമ്മുടെ നാടിന്റെ അഭിമാനം ശ്രീശങ്കർ മുരളി വേഗത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെ; ഒളിമ്പിക്സ് സ്വപ്നങ്ങളിലേക്ക് പൂർണ്ണ പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഒപ്പമുണ്ട്!
ഭാരതത്തിന്റെ അഭിമാനമായ മലയാളി ലോങ്ങ് ജംപ് താരം ശ്രീശങ്കർ മുരളി അടിയന്തര ശസ്ത്രക്രിയക്കായി ഇപ്പോൾ ലണ്ടനിലേക്ക് തിരിക്കുകയാണ്. പരിക്കുകൾ നമ്മുടെ പ്രതിഭകൾക്ക് മുന്നിൽ ഒരിക്കലും ഒരു തടസ്സമാകരുത്; പ്രത്യേകിച്ചും ഒളിമ്പിക്സ് വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്താൻ താരങ്ങളെ പൂർണ്ണ സജ്ജരാക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.
ശ്രീശങ്കറിന്റെ ഒളിമ്പിക്സ് തയ്യാറെടുപ്പുകൾക്ക് കരുത്തുപകരാൻ, ഏറ്റവും മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കിക്കൊണ്ട് സർജറിയുടെ പൂർണ്ണ ചെലവും ഉത്തരവാദിത്തവും കേന്ദ്രം ഏറ്റെടുത്തിരിക്കുകയാണ്.
ലണ്ടനിലെ പ്രശസ്തമായ ഫോർഷ്യസ് ക്ലിനിക്കിൽ (Fortius Clinic) ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് സർജറി നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജനായ ഡോ. പീറ്റർ ഡിഹൂഗിന്റെ (Mr Pieter D'Hooghe) നേതൃത്വത്തിലാണ് ലിഗ്മെന്റ് റീകൺസ്ട്രക്ഷൻ അടക്കമുള്ള വിദഗ്ദ്ധ ശസ്ത്രക്രിയ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും പൂർണ്ണ പരിചരണവും നൽകി, നമ്മുടെ പ്രിയ താരത്തെ ഒളിമ്പിക്സ് ട്രാക്കിലേക്ക് ഏറ്റവും മികച്ച ഫോമിൽ തിരിച്ചെത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കായിക താരങ്ങൾക്ക് എപ്പോഴും തുണയായി നിൽക്കുകയും അവർക്ക് ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്കും, ഈ അടിയന്തര ഘട്ടത്തിൽ ആവശ്യമായ എല്ലാവിധ ഫണ്ടിംഗും ഇടപെടലുകളും ഉറപ്പാക്കി കൂടെനിന്ന കേന്ദ്ര കായിക മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ജിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കായിക ലോകത്ത് ഭാരതത്തിന്റെ ത്രിവർണ്ണ പതാക വാനോളമുയർത്തിയ നമ്മുടെ സ്വന്തം ശ്രീശങ്കർ മുരളി, ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇരട്ടി കരുത്തോടെ ഒളിമ്പിക്സ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് നമുക്കുറപ്പുണ്ട്.
പ്രിയ ശ്രീശങ്കറിന് വേഗത്തിലുള്ള രോഗമുക്തിയും വിജയകരമായ തിരിച്ചുവരവും നേരുന്നു. രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates