

ബ്യൂണസ് അയേഴ്സ്: ഇതിഹാസ താരം ഡീഗോ മറഡോണയുടെ മരണവുമായി (Maradona’s death) ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. അർജന്റീന ഫുട്ബോൾ ഇതിഹാസത്തിന്റെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന ആരോപണത്തിൽ മെഡിക്കൽ സംഘത്തിനെതിരെ വിചാരണ തടരവെ ജഡ്ജി രാജിവച്ചു. മൂന്ന് ജഡ്ജിമാരിലൊരാളായ അർജന്റീന സ്വദേശിയായ ജൂലിയേറ്റ മകിനാച് ആണ് രാജിവച്ചത്.
മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ ഭാഗമായതാണ് ജൂലിയേറ്റയ്ക്ക് വിനയായത്. കേസിൽ അഭിഭാഷകനായ പട്രീഷിയോ ഫെരാരി ആരോപണമുന്നയിച്ചത്. ജഡ്ജി രാജിവച്ചതിനെ തുടർന്നു വിചാരണ മാറ്റിവച്ചു. കോടതി നടപടി ഉൾപ്പെടെ ചിത്രീകരിക്കാൻ ജഡ്ജി അനുമതി നൽകിയെന്നാണ് ആരോപണം. ജൂലിയേറ്റയുടെ സഹോദരനാണ് ഡോക്യുമെന്ററിയുടെ നിർമാണ കമ്പനി തലവൻ. കോടതിയ്ക്കുള്ളിൽ കാമറ വെയ്ക്കാൻ ജഡ്ജി അനുമതി നൽകിയതായി പൊലീസും ആരോപിച്ചു.
തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു ജഡ‍്ജി ജൂലിയേറ്റയുടെ പ്രതികരണം. അതേസമയം വിചാരണ തുടരുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പുതിയ ജഡ്ജിയെ വച്ച് തുടരുന്നില്ലെങ്കിൽ വിചാരണ തുടക്കം മുതൽ ആരംഭിക്കേണ്ടി വരും.
മറഡോണയുടെ മരണം ചികിത്സാപ്പിഴവ് കാരണമാണ് സംഭവിച്ചതെന്നാണ് വാദം. ഇതിൽ ഏഴംഗ മെഡിക്കൽ സംഘത്തിനെതിരെ കൊലപാതക കുറ്റം ചുമത്തുകയായിരുന്നു. ഏഴ് പേരും ഇത് നിഷേധിച്ചു.
2020 നവംബറിലായിരുന്നു മറഡോണയുടെ മരണം. മെഡിക്കൽ സംഘത്തിന്റെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് അഭിഭാഷകരുടെ ആരോപണം. കുറ്റം തെളിഞ്ഞാൽ എട്ട് മുതൽ 25 വർഷം വരെ തടവുശിക്ഷ ലഭിക്കും. മാർച്ച് 11നാണ് വിചാരണ തുടങ്ങിയത്. ജൂലൈയിൽ അവസാനിക്കേണ്ട വിചാരണയാണ് പല വിവാദങ്ങളിൽപ്പെട്ട് നീളുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
