സ്പോൺസർ കരാർത്തുക അടച്ചില്ല, മെസിയും ടീമും കേരളത്തിലേക്ക് ഇല്ല; സംഘാടകർക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടിയ്ക്ക്

സ്പോൺസർ കരാർ‌ തുക അടയ്ക്കാത്തത് ആണ് കാരണം.
Lionel Messi
മെസിഫെയ്സ്ബുക്ക്
Updated on
2 min read

കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നിരാശ. ഈ വർഷം മെസിയും സംഘവും കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തില്ല എന്നാണ് പുതിയ റിപ്പോർട്ട്. സ്പോൺസർ കരാർ‌ തുക അടയ്ക്കാത്തത് ആണ് കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോൺസർ (റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ) പണം അടച്ചിട്ടില്ല.

സംഘാടകരും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള തീയതി കഴിഞ്ഞ് മൂന്ന് മാസത്തോളം പിന്നിട്ടിട്ടും കരാർ തുക അടയ്ക്കാത്തതിനെ തുടർന്ന് നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഇതിനോടകം തന്നെ അവർ സംഘാടകർക്ക് നോട്ടീസ് അയച്ചതായാണ് വിവരം. മെസി കേരളത്തിൽ കളിക്കില്ലെന്ന് നേരത്തെ സമകാലിക മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.

മെസിയും, അര്‍ജന്റീന ടീമും സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാനായി സംസ്ഥാനത്ത് എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീന ദേശീയ ടീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ ഗസ്റ്റന്‍ എഡുല്‍ ടീമിന്റെ സാധ്യതാ ഷെഡ്യൂൾ എക്‌സില്‍ മുൻപ് പങ്കുവച്ചിരുന്നു. ഒക്ടോബറിൽ ചൈനയിലും പിന്നാലെ ലോകകപ്പ് നേടിയ ഖത്തര്‍ മണ്ണിലും ടീം സൗഹൃദ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു ശേഷം അര്‍ജന്റീന ആഫ്രിക്ക, ഏഷ്യന്‍ പര്യടനങ്ങളാണ് നടത്തുക. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോള എതിരാളികൾ ആകും. ഖത്തറിൽ അർജന്റീന അമേരിക്കയെ നേരിടും. ഈ വർഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്ക് പുറപ്പെടുന്നത്. അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കഴിഞ്ഞവര്‍ഷം നവംബറിലാണ് മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചത്.

ഇക്കാര്യം പിന്നീട് സ്പോണ്‍സര്‍മാരായ എച്ച്എസ്ബിസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എച്ച്എസ്ബിസിയാണ് അര്‍ജന്റീന ടീമിന്റെ ഇന്ത്യയിലെ സ്പോണ്‍സര്‍മാര്‍. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം 2025 ഒക്ടോബറില്‍ ഇന്ത്യയിലെത്തി ഒരു അന്താരാഷ്ട്ര പ്രദര്‍ശന മത്സരം കളിക്കുമെന്നാണ് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. കേരളത്തിലെത്താമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍, കേരള കായിക മന്ത്രിയുടെ ഓഫീസിനെ ഇ-മെയിലിലൂടെ അറിയിച്ചതായും പറഞ്ഞിരുന്നു.

വലിയതുക ചെലവ് വരുന്ന മത്സരം നടത്താന്‍ കായികവകുപ്പ് ശ്രമം തുടങ്ങിതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയതായും പറഞ്ഞിരുന്നു. മത്സര നടത്തിപ്പിനായി ഭീമമായ തുക ആവശ്യം വരുമെന്നും നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്നുമാണ് അറിയിച്ചിരുന്നത്.

സ്‌പോണ്‍സര്‍ വഴിയാകും ഈ തുക കണ്ടെത്തുകയെന്നും സ്പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണയായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മെസിയേയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരും ഇതോടെ വെട്ടിലായിരിക്കുകയാണ്. 2011 ൽ മെസി അടക്കമുള്ള അർജന്റീന താരങ്ങൾ കൊൽക്കത്തയിൽ സൗഹൃദ മത്സരം കളിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com