

ലഖ്‌നൗ: ഐപിഎല്‍ 2027നു മുന്നോടിയായി അടുത്ത വമ്പന്‍ താരക്കൈമാറ്റ ഡീല്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്നു ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്ന് അര്‍ഷ്ദീപ് സിങിനെ കൈമാറിയ പഞ്ചാബ് കിങ്‌സിനു പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പുതിയ നീക്കം നടത്തുന്നത്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായ ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ രാജസ്ഥാന്‍ റോയല്‍സിനു കൈമാറി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനെ സ്വന്തമാക്കാനാണ് ലഖ്‌നൗ നീക്കം നടത്തുന്നത്.
ഇരു ടീമുകളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണെന്നും ഡീല്‍ നീക്കം അന്തിമ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ട്രേഡിന്റെ ഭാഗമായി ഇരു ടീമുകളില്‍ നിന്നു കൂടുതല്‍ താരങ്ങളെ പരസ്പരം കൈമാറിയേക്കുമെന്നും വിവരമുണ്ട്. ലഖ്‌നൗ സ്പിന്നര്‍ എം സിദ്ധാര്‍ഥ് ഈ ഡീലില്‍ ഭാഗമാകുന്ന താരങ്ങളില്‍ ഒരാളാണ്.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നു 10 കോടി രൂപയ്ക്കാണ് ഷമി ലഖ്‌നൗവില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ 13 കളിയില്‍ നിന്നു 12 വിക്കറ്റുകള്‍ വീഴ്ത്താന്‍ വെറ്ററന്‍ താരത്തിനു സാധിച്ചു. എന്നാല്‍ എല്‍എസ്ജി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. ഈ ട്രേഡ് യാഥാര്‍ഥ്യമായാല്‍ ഷമി കളിക്കുന്ന ഏഴാമത്തെ ഐപിഎല്‍ ഫ്രാഞ്ചൈസിയായി രാജസ്ഥാന്‍ റോയല്‍സ് മാറും.
കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണുമായി ബന്ധപ്പെട്ട ഹൈ പ്രൊഫൈല്‍ ട്രേഡിലൂടെയാണ് സാം കറന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നു രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്. എന്നാല്‍ പരിക്കിനെ തുടര്‍ന്നു താരത്തിനു ഒരു മത്സരം പോലും രാജസ്ഥാന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചില്ല. ഇത് രാജസ്ഥാന്റെ കണക്കുകൂട്ടല്‍ പാടെ തെറ്റിച്ച ഡീലായും മാറി.
അടുത്ത സീസണിനു മുന്നോടിയായുള്ള താരക്കൈമാറ്റ ഡീലുകള്‍ ഈ മാസം 17 വരെയാണ് ടീമുകള്‍ക്ക് നടത്താന്‍ സാധിക്കുന്നത്. നിലനിര്‍ത്തുന്ന താരങ്ങളുടേയും ഒഴിവാക്കുന്നവരുടേയും പട്ടിക 17നു ശേഷം ടീമുകള്‍ പുറത്തുവിടും. അടുത്ത സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 16നാണ്. എന്തായാലും ഷമി- സാം കറന്‍ ഡീലിന്റെ കടലാസ് ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ ട്രേഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates