ബംഗളൂരു: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചരിത്ര വിജയം കുറിച്ച് മുംബൈ. ഉത്തരാഖണ്ഡിനെതിരായ പോരാട്ടത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് മുംബൈയുടെ ചരിത്ര നേട്ടം. ജയത്തോടെ മുംബൈ സെമി ഫൈനലിലേക്കും മുന്നേറി.
725 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് മുംബൈ ഉത്തരാഖണ്ഡിനെതിരെ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ടീം റണ്‍സ് മാര്‍ജിനില്‍ നേടുന്ന ഏറ്റവും വലിയ വിജയമെന്ന നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്. 92 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മുംബൈ പഴങ്കഥയാക്കിയത്. 1930ല്‍ ഓസ്‌ട്രേലിയന്‍ ടീമുകളായ ന്യൂസൗത്ത്‌വെയ്ല്‍സ് ക്വീന്‍സ്‌ലന്‍ഡ് ടീമിനെ 685 റണ്‍സിന് തോല്‍പ്പിച്ചതായിരുന്നു ഇക്കാലം വരെയുള്ള റെക്കോര്‍ഡ്.
ഒന്നാം ഇന്നിങ്‌സില്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 647 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഉത്തരാഖണ്ഡിന്റെ ഒന്നാം ഇന്നിങ്‌സ് 114 റണ്‍സില്‍ അവസാനിപ്പിച്ചു. 533 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയ മുബൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 795 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഉത്തരാഖണ്ഡിന് പക്ഷേ 100 റണ്‍സ് പോലും തികച്ചെടുക്കാന്‍ സാധിച്ചില്ല. അവര്‍ വെറും 69 റണ്‍സില്‍ എല്ലാവരും കീഴടങ്ങി.
ആകെ രണ്ട് പേരാണ് ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടത്. അഞ്ച് പേര്‍ പൂജ്യത്തിലും പുറത്തായി. ധവാല്‍ കുല്‍ക്കര്‍ണി, ഷാംസ് മുലാനി, തനുഷ് കൊട്ടിയാന്‍ എന്നിവര്‍ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മുംബൈക്കായി സുവേദ് പാര്‍കര്‍ ഒന്നാം ഇന്നിങ്‌സ് ഇരട്ട സെഞ്ച്വറി നേടി. താരം 252 റണ്‍സെടുത്തു. രഞ്ജി അരങ്ങേറ്റ മത്സരത്തില്‍ തന്നെയാണ് സുവേദിന്റെ നേട്ടം. സര്‍ഫ്രാസ് ഖാനും മുംബൈക്കായി ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങി. താരം സെഞ്ച്വറി (153) നേടി.
രണ്ടാം ഇന്നിങ്‌സില്‍ മുംബൈക്കായി യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറിയടിച്ചു. താരം 103 റണ്‍സാണ് കണ്ടെത്തിയത്. ക്യാപ്റ്റന്‍ പൃഥ്വി ഷാ 72 റണ്‍സെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates