എന്നെ പ്രസവിക്കുമ്പോള്‍ അമ്മയ്ക്ക് 16 വയസ്, ഭക്ഷണത്തിനായി അച്ഛന്‍ തെരുവുകളില്‍ അലഞ്ഞു; അതാണ് യഥാര്‍ഥ സമ്മര്‍ദ്ദം: യമാല്‍

ഇക്വറ്റോറിയല്‍ ഗിനിയയിലെ ബറ്റയില്‍ നിന്ന് കറ്റലോണിയയിലേക്ക് കുടിയേറിയതാണ് യമാലിന്റെ അമ്മ ഷീല എബാന
yamal family
യമാല്‍ അമ്മയ്ക്കും കുഞ്ഞു സഹോദരനുമൊപ്പം
Updated on
2 min read

മൈതാനത്ത് പന്തുകൊണ്ട് മാജിക് തീര്‍ക്കുന്ന സ്പാനിഷ്‌ കൗമാരതാരം ലാമിന്‍ യമാലിനെക്കുറിച്ച് ചോദിച്ചാല്‍ ഫുട്‌ബോള്‍ ലോകം പറയുക അയാളുടെ വേഗതയെക്കുറിച്ചും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളെക്കുറിച്ചുമൊക്കെയാവും. എന്നാല്‍, പത്തൊന്‍പതാം വയസ്സില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ചുമലിലേറ്റി കളിക്കളത്തിലിറങ്ങുമ്പോള്‍ അനുഭവപ്പെടുന്ന അമിത സമ്മര്‍ദ്ദത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യമാല്‍ നല്‍കിയ മറുപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

'16-ാം വയസില്‍ എന്റെ അമ്മ എന്നെ പ്രസവിച്ചു, വീട്ടില്‍ ഭക്ഷണമെത്തിക്കാന്‍ എന്റെ അച്ഛന്‍ തെരുവുകള്‍ തോറും അലഞ്ഞു -അതാണ് യഥാര്‍ഥ സമ്മര്‍ദ്ദം. എനിക്കിവിടെ ഫുട്‌ബോള്‍ കളിച്ചാല്‍ മാത്രം മതി' -ഈ വാക്കുകളില്‍ ഒരു ലോകകപ്പ് വിജയിയുടെ അഹങ്കാരമില്ല, തന്നെ ഇന്നത്തെ നിലയിലെത്തിക്കാന്‍ മാതാപിതാക്കള്‍ അനുഭവിച്ച ത്യാഗങ്ങളോടുള്ള ആഴത്തിലുള്ള നന്ദിയും തിരിച്ചറിവും മാത്രമാണുള്ളത്.

വന്‍കരകള്‍ കടന്നുവന്ന അതിജീവന കഥ

യമാലിന്റെ വാക്കുകള്‍ വെറുമൊരു വൈകാരിക പ്രതികരണമല്ല, മറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അതിജീവന ചരിത്രമാണ്. ഇക്വറ്റോറിയല്‍ ഗിനിയയിലെ ബറ്റയില്‍ നിന്ന് കറ്റലോണിയയിലേക്ക് കുടിയേറിയതാണ് യമാലിന്റെ അമ്മ ഷീല എബാന. 16-ാം വയസ്സില്‍ അവര്‍ യമാലിന് ജന്മം നല്‍കി. മൊറോക്കോയില്‍ നിന്ന് ചെറുപ്പത്തില്‍ സ്‌പെയിനിലെത്തിയ അച്ഛന്‍ മുനീര്‍ നസ്രോയി, ആക്രി സാധനങ്ങള്‍ ശേഖരിച്ചും താല്‍ക്കാലിക ജോലികള്‍ ചെയ്തുമാണ് കുടുംബത്തിന് അന്നം കണ്ടെത്തിയത്.

യമാലിന് മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ പിരിഞ്ഞു. റോകാഫോണ്ട എന്ന തൊഴിലാളി ഗ്രാമത്തിലെ ഒരു കൊച്ചു മുറിയിലായിരുന്നു അവന്‍ വളര്‍ന്നത്. അടുക്കളയും കിടപ്പുമുറിയും ഒന്നിച്ചുചേര്‍ന്ന ആ ചെറിയ മുറിയിലാണ് യമാല്‍ തന്റെ സ്വപ്നങ്ങള്‍ക്ക് വിത്തിട്ടത്.

ഫുട്‌ബോളിനേക്കാള്‍ വലിയ പോരാട്ടങ്ങള്‍

ലോകകപ്പ് പോരാട്ടങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ തന്റെ മേല്‍ 'വലിയ സമ്മര്‍ദ്ദത്തിന്റെ' ലേബല്‍ ഒട്ടിക്കാന്‍ നോക്കിയപ്പോഴൊക്കെയും യമാല്‍ അതിനെ ചെറുത്തു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗുകളില്‍ കളിക്കുക എന്നത് നിസ്സാരമല്ല, അതിനായി വര്‍ഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണ്. എന്നാല്‍, താന്‍ അനുഭവിക്കുന്ന ആ പ്രൊഫഷണല്‍ പ്രഷറിനെക്കാള്‍ എത്രയോ മുകളിലാണ് 16-ാം വയസ്സില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി വളര്‍ത്തേണ്ടി വന്ന അമ്മയുടെയും, അന്നത്തിന് വഴിയില്ലാതെ തെരുവില്‍ അലയേണ്ടി വന്ന അച്ഛന്റെയും ജീവിതപോരാട്ടങ്ങളെന്ന് യമാല്‍ കരുതുന്നു.

അതുകൊണ്ടുതന്നെ, കോടിക്കണക്കിന് ആളുകള്‍ ഉറ്റുനോക്കുന്ന ഫുട്‌ബോള്‍ മത്സരത്തെ ഒരു 'ഭാരമായി' കാണുന്നതിന് പകരം, മാതാപിതാക്കളുടെ ത്യാഗം തനിക്ക് തന്ന 'ഭാഗ്യമായി' കാണാനാണ് ഈ പത്തൊന്‍പതുകാരന്‍ ഇഷ്ടപ്പെടുന്നത്.

മൈതാനത്തിനപ്പുറമുള്ള പാഠം

'എന്റെ അനിയന്‍ സന്തോഷത്തോടെയിരിക്കുന്നത് കാണുമ്പോഴും, എന്റെ അമ്മ അവര്‍ ആഗ്രഹിച്ച ജീവിതം ജീവിക്കുന്നത് കാണുമ്പോഴും എനിക്ക് വലിയ സന്തോഷമുണ്ട്. ഒരു കുട്ടിയുടെ ഏറ്റവും വലിയ സ്വപ്നമാണത്' -യമാല്‍ മുന്‍പ് പറഞ്ഞ വാക്കുകളാണിത്. പ്രശസ്തിയുടെയും പണത്തിന്റെയും നെറുകയില്‍ നില്‍ക്കുമ്പോഴും വന്ന വഴി മറക്കാതിരിക്കുക എന്ന വലിയ പാഠമാണ് ലാമിന്‍ യമാല്‍ ലോകത്തിന് നല്‍കുന്നത്. നമ്മള്‍ നേരിടുന്ന പ്രതിസന്ധികള്‍ എത്ര വലുതാണെന്ന് തോന്നുമ്പോഴും, നമ്മെ ഈ നിലയിലെത്തിക്കാന്‍ മറ്റുള്ളവര്‍ സഹിച്ച ത്യാഗങ്ങളെ ഓര്‍ക്കുമ്പോള്‍ സ്വന്തം പോരാട്ടങ്ങള്‍ കുറച്ചുകൂടി എളുപ്പമുള്ളതായി മാറും എന്ന ലളിതമായ സത്യമാണ് യമാലിന്റെ ജീവിതം നമ്മോട് പറയുന്നത്.

yamal family
സ്പെയിനിന്റെ ഭാ​ഗ്യതാരം; ലമീൻ യമാലെന്ന താരോദയം
yamal family
മെസിക്കെതിരെ നിൽക്കുന്ന കൊച്ചുപയ്യൻ; ചില്ലറക്കാരനല്ല 'ലക്ഷ്മി യമ്മാൾ'
yamal family
യമാലിന്റെ ലോകകപ്പ് മൊമന്റ്സ്
Summary

'My Mother Had Me At 16, That's Real Pressure': Lamine Yamal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com