

ദുബൈ: വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്ത് ഹര്‍മന്‍പ്രീത് കൗറും സംഘവും എട്ടാം കിരീടം ചൂടിയെങ്കിലും, വിജയികള്‍ക്കുള്ള ട്രോഫി സ്വീകരിക്കാതെ ഇന്ത്യന്‍ ടീം. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന മുന്‍ നിലപാടില്‍ ബിസിസിഐ ഉറച്ചുനിന്നതാണ് ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചത്.
മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് സ്വീകരിക്കില്ല എന്ന് ബിസിസിഐ എസിസി ഭാരവാഹികളെ മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ സാറൂണിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം മൊഹ്സിന്‍ നഖ്‌വി നിരസിച്ചതോടെയാണ് സമ്മാനദാനച്ചടങ്ങില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
'ഒന്നര വര്‍ഷം മുമ്പ് പുരുഷ ഏഷ്യ കപ്പില്‍ സ്വീകരിച്ച അതേ നിലപാടാണ് ഇപ്പോഴും ബിസിസിഐക്കുള്ളത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ ജീവന്‍ വെടിഞ്ഞ നമ്മുടെ രാജ്യത്തെ ധീരന്മാരോടുള്ള ആദരവായാണ് ഞങ്ങള്‍ ഈ നിലപാട് തുടരുന്നത്. എസിസി ഡെപ്യൂട്ടി ചെയര്‍മാനില്‍ നിന്ന് ട്രോഫി നല്‍കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. അതിനാല്‍ സമ്മാനദാനച്ചടങ്ങ് ബഹിഷ്‌കരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു' -ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
എന്നാല്‍ ഔദ്യോഗിക ചാനലുകള്‍ വഴി ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ നേടിയ രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും വൈകാതെ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും, ടീമിന്റെ ചരിത്രവിജയത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മാനദാനച്ചടങ്ങില്‍ സംഭവിച്ചത്
ഞായറാഴ്ച രാത്രി 11:20ന് മത്സരം അവസാനിച്ചെങ്കിലും സമ്മാനദാനച്ചടങ്ങ് തുടങ്ങാന്‍ 12:05 വരെ വൈകി. ചടങ്ങ് ആരംഭിച്ചപ്പോള്‍ മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വീസ് മഹ്‌റൂഫ് റണ്ണേഴ്സ് അപ്പായ ശ്രീലങ്കന്‍ ടീമിനെ വേദിയിലേക്ക് ക്ഷണിച്ചു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു റണ്ണേഴ്സ് അപ്പിനുള്ള ചെക്ക് മൊഹ്സിന്‍ നഖ്‌വിയില്‍ നിന്നും, മെഡലുകള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇടക്കാല മേധാവി ഇറാന്‍ വിക്രമരത്‌നയില്‍ നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് ഇന്ത്യയുടെ ഊഴമാണെന്ന് എല്ലാവരും കരുതിയെങ്കിലും, ചടങ്ങ് അവസാനിപ്പിച്ചതായി അവതാരകന്‍ പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. നഖ്‌വി ഉടന്‍ തന്നെ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങുകയും ചെയ്തു.
ഗ്രൗണ്ടിന്റെ മറുഭാഗത്ത് ഒത്തുകൂടിയ ഇന്ത്യന്‍ കളിക്കാര്‍ക്ക് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും സെക്രട്ടറി ദേവജിത് സൈകിയയും ചേര്‍ന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചു. മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡല്‍ നന്ദിനി ശര്‍മ്മയ്ക്ക് സൈകിയ സമ്മാനിച്ചു. തുടര്‍ന്ന് ടീം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്നത് ബിസിസിഐയുടെ കൃത്യമായ തീരുമാനമായിരുന്നുവെന്ന് പിന്നീട് പരിശീലകന്‍ അമോല്‍ മജുംദാറും സ്ഥിരീകരിച്ചു.
2025 സെപ്റ്റംബര്‍ 28ന് ഇതേ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഏഷ്യാ കപ്പ് ഫൈനലില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോഴും നഖ്വിയുടെ സാന്നിധ്യം കാരണം ഇന്ത്യ ട്രോഫി സ്വീകരിച്ചിരുന്നില്ല. അന്ന് ഒരു മണിക്കൂറോളം നീണ്ട തര്‍ക്കത്തിനൊടുവില്‍ നഖ്വി ട്രോഫി ഗ്രൗണ്ടില്‍ നിന്ന് മാറ്റുകയായിരുന്നു. ആ ട്രോഫി ഇതുവരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല, നിലവില്‍ എസിസി ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഫൈനലില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം
കലാശപ്പോരില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. 12.5 ഓവറില്‍ 129 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണര്‍മാരായ ഷെഫാലി വര്‍മ്മയുടെയും (68) സ്മൃതി മന്ധാനയുടെയും (59) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. വെറും 24 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഷെഫാലി, വനിതാ ഏഷ്യാകപ്പ് ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ 4 വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ശ്രീ ചരണിയുടെയും (4/20), ഒറ്റ ഓവറില്‍ ലങ്കന്‍ പ്രതീക്ഷകളായ ചമാരി അത്തപ്പത്തു (36), വിഷ്മി ഗുണരത്‌നെ എന്നിവരെ പുറത്താക്കിയ ദീപ്തി ശര്‍മ്മയുടെയും പ്രകടനത്തില്‍ ശ്രീലങ്ക 111 റണ്‍സിന് ഓള്‍ഔട്ടായി. 72 റണ്‍സിന്റെ ആധികാരിക വിജയത്തോടെയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്മാരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates