

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിനു അടിയറവ് വയ്ക്കേണ്ടി വന്നത് പാകിസ്ഥാന് വൻ നാണക്കേടായി മാറിയിരുന്നു. അവസാന ടെസ്റ്റിൽ 8 വിക്കറ്റിന് പരാജയപ്പെട്ടാണ് അവർ സമ്പൂർണ തോൽവിയിലേക്ക് കൂപ്പുകുത്തിയത്. അതിനിടെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ പുറത്താക്കാൻ അവസരം കിട്ടിയിട്ടും അതിനു ശ്രമിക്കാതിരുന്ന സ്ലിപ്പ് ഫീൽഡർമാരും സഹ താരങ്ങളുമായ അബ്ദുല്ല ഷഫീഖിനും സയിം അയൂബിനും നേരെ വലിയ രീതിയിൽ ക്ഷുഭിതനായി പ്രതികരിച്ച പാകിസ്ഥാൻ പേസർ മുഹമ്മദ് അബ്ബാസിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനു 130 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തിൽ മുഹമ്മദ് അബ്ബാസ് ഞെട്ടിച്ചു. ഓപ്പണർമാരെ രണ്ട് പേരെയും റൺസ് എടുക്കാൻ പോലും സമ്മതിക്കാതെ താരം ഒറ്റ ഓവറിൽ ഔട്ടാക്കിയത് ഇംഗ്ലണ്ടിനെ പിടിച്ചുകുലുക്കാൻ പര്യാപ്തമായിരുന്നു. ബെൻ ഡക്കറ്റ്, എമിലിയോ ഗേ എന്നുവരെ പൂജ്യത്തിന് പുറത്താക്കിയ അബ്ബാസ് ഇംഗ്ലണ്ടിനെ 2-2 എന്ന നിലയിൽ സമ്മർദ്ദത്തിലാക്കി.
ഈ രണ്ട് വിക്കറ്റ് നേട്ടത്തിനു പിന്നാലെയാണ് അബ്ബാസ് ജോ റൂട്ടിനെ പുറക്കാൻ അവസരമൊരുക്കി പന്തെറിഞ്ഞത്. ഓഫ് സ്റ്റംപിനു പുറത്ത് എറിഞ്ഞ ഗുഡ് ലെങ്ത് ഡെലിവറി റൂട്ട് ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കാൻ ശ്രമിച്ചു. പന്ത് കൃത്യമായി കളിക്കാൻ ഇംഗ്ലീഷ് നായകനു പക്ഷേ കഴിഞ്ഞില്ല. ബാറ്റിന്റെ എഡ്ജിൽ തട്ടി പന്ത് ക്യാച്ചിനു പാകത്തിനു ഉയർന്നു വന്നു. ഈസിയായി എടുക്കാമായിരുന്ന ഈ ക്യാച്ച് പക്ഷേ ഒന്നാം സ്ലിപ്പിലും രണ്ടാം സ്ലിപ്പിലും നിലയുറപ്പിച്ചിരുന്ന അബ്ദുല്ല ഷഫീഖും സയിം അയൂബും നഷ്ടമാക്കി. ഇരുവരും അതിനുള്ള ശ്രമം പോലും നടത്തിയില്ല. ഇരുവരുടേയും ഇടയിലൂടെ പന്ത് ഫോറായി മാറുകയും ചെയ്തു.
ഇതോടെയാണ് മുഹമ്മദ് അബ്ബാസിന്റെ സമനില പോയത്. താരം സഹ താരങ്ങളോട് വളരെ ദേഷ്യത്തോടെ ആക്രോശിക്കുന്നത് വിഡിയോയിൽ കാണാം. കോപം അടക്കാൻ സാധിക്കാതെ പാക് താരം നിരാശയും ദേഷ്യവും ഒരു മറയുമില്ലാതെ പ്രകടിപ്പിച്ചപ്പോൾ സഹ താരങ്ങളും ഞെട്ടി.
പാക് താരങ്ങളുടെ ഭീമാബദ്ധം അവർക്ക് ഇംഗ്ലണ്ടിനെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിയിടാനുള്ള മികച്ച അവസരമാണ് ഇല്ലാതാക്കിയത്. പിന്നീട് പുറത്താകാതെ അർധ സെഞ്ച്വറികൾ നേടി റൂട്ടും ജോർദാൻ കോക്സും ചേർന്നു ഇംഗ്ലണ്ടിനെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുന്നത് കണ്ടു നിൽക്കാനെ പാകിസ്ഥാനു സാധിച്ചുള്ളു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates