

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആകർഷകമായ ത്യാഗത്തിന്റെ കഥയാണ് രാഹുൽ ദ്രാവിഡിന്റെ വിക്കറ്റ് കീപ്പർ സ്ഥാനം. ഇന്ത്യയുടെ 'വൻമതിൽ' എന്നറിയപ്പെട്ട അസാമാന്യ ടെസ്റ്റ് ബാറ്റാറായ ദ്രാവിഡ് ഏകദിന ശൈലിക്ക് പോരാത്തവൻ എന്ന പഴി ഏറെക്കാലം കൊണ്ടു നടന്നിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ ഏകദിന ടീമിലെ മികവിലേക്കുള്ള തിരിച്ചുവരവിന്റേയും ടെസ്റ്റിലെന്ന പോലെ മിസ്റ്റർ ഡിബൻഡബിൾ റോളിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനം സംഭവിക്കുന്നതിന്റേയും കഥ കൂടിയാണത്. ടീമിന്റെ പിൽക്കാല ഘടനാപരമായ മാറ്റത്തിന്റെ കാമ്പും കഴമ്പും കൂടിയാണ് അന്നത്തെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി തന്റെ സുഹൃത്തിനെ ടീമിൽ നിലനിർത്താനായി മുന്നോട്ടുവച്ച നവീന ആശയമായ ഏകദിനത്തിൽ ദ്രാവിഡിന് വിക്കറ്റ് കീപ്പർ സ്ഥാനം നൽകുക എന്നത്.
ടി20 ഫോർമാറ്റ് ക്രിക്കറ്റിനെ മാറ്റിമറിച്ചതിനു സമാനമായി 2000ത്തിന്റെ തുടക്കത്തിൽ ഏകദിന ഫോർമാറ്റ് വേഗത്തിൽ മാറ്റങ്ങൾക്കു വിധേയമാകുന്ന കാലം കൂടിയാണ്. മറ്റ് ടീമുകളിൽ ബഹുമുഖ പ്രതിഭകളായ വിക്കറ്റ് കീപ്പർ ബാറ്റർമാർ ഉയർന്നുവരുന്ന ഘട്ടവുമായിരുന്നു അത്. ഓസ്ട്രേലിയയ്ക്ക് ആദം ഗിൽക്രിസ്റ്റ്, ദക്ഷിണാഫ്രിക്കയ്ക്ക് മാർക്ക് ബൗച്ചർ, ശ്രീലങ്കയ്ക്കു കുമാർ സംഗക്കാര തുടങ്ങി മിന്നും താരങ്ങളായിരുന്നു വിക്കറ്റ് കീപ്പർമാർ.
എന്നാൽ അവരുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച രീതിയിൽ വിക്കറ്റ് കീപ്പിങ് ചെയ്യാനും ഒപ്പം മധ്യനിരയിൽ ടീമിന്റെ നട്ടെല്ലായി ബാറ്റ് ചെയ്യാനും കെൽപ്പുള്ള കളിക്കാർ ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു. ഇതുമൂലം ഇന്ത്യയുടെ ബാറ്റിങ് നിര പരമ്പരാഗതമായി ആറാം നമ്പറിൽ അവസാനിച്ചു. ഈ സമയത്ത് ഏകദിന ടീമിലെ ദ്രാവിഡിന്റെ സ്ഥാനം ചോദ്യ ചിഹ്നത്തിലായിരുന്നു. ടെസ്റ്റിലെ പ്രതിഭാധനനായ ബാറ്ററായി നിൽക്കുമ്പോഴും ദ്രാവിഡിന്റെ റൺസ് കണ്ടെത്തുന്ന വേഗതയും ശൈലിയും ഏകദിന ക്രിക്കറ്റിനു അനുയോജ്യമല്ലെന്ന വിമർശനങ്ങൾ സെലക്ടർമാരടക്കം ഉന്നയിച്ചു. അദ്ദേഹത്തെ ഏകദിന ടീമിൽ നിന്നു ഒഴിവാക്കണമെന്ന സമ്മർദ്ദവും ഉയർന്നു.
അന്നത്തെ നായകനായിരുന്ന സൗരവ് ഗാംഗുലി പക്ഷേ ദ്രാവിഡിനു പൂർണ പിന്തുണ നൽകിയാണ് നിലകൊണ്ടത്. അദ്ദേഹത്തെ ഏകദിന ടീമിൽ നിന്നു ഒഴിവാക്കാനുള്ള നീക്കങ്ങളെ ഗാംഗുലി ശക്തമായി തന്നെ എതിർത്തു. ടീമിൽ നിന്നു ഒഴിവാക്കുന്നത് ദ്രാവിഡിന്റെ അന്താരാഷ്ട്ര കരിയറിലെ ആത്മവിശ്വാസത്തെയും ഫോമിനേയും ബാധിക്കുമെന്ന് ഗാംഗുലി വിശ്വസിച്ചു. സെലക്ടർമാരുടെ വെട്ടലിൽ നിന്നു ദ്രാവിഡിനെ സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യയുടെ ബാറ്റിങ് ഘടനയിലെ പ്രതിസന്ധി പരിഹരിക്കാനുമായി ഗാംഗുലി മുന്നോട്ടു വച്ച ആശയമായിരുന്നു രാഹുൽ ദ്രാവിഡിനെ വിക്കറ്റ് കീപ്പർ ആക്കുക എന്നത്.
ദ്രാവിഡിനോട് വിക്കറ്റ് കീപ്പർ ഗ്ലൗ അണിയാൻ ആവശ്യപ്പെടുന്നതിലൂടെ ബാറ്റിങിൽ വലിയ സംഭാവന നൽകാൻ കഴിയാതിരുന്ന ഒരു സ്പെഷലിസ്റ്റ് കീപ്പറെ ഒഴിവാക്കി ഒരു സ്പെഷലിസ്റ്റ് ബാറ്ററെ കൂടി പ്ലെയിങ് ഇവനിൽ ഉൾപ്പെടുത്താനും ഇന്ത്യയ്ക്കു സാധിക്കുമായിരുന്നു. ആ തീരുമാനം ഇന്ത്യയുടെ ബാറ്റിങ് നിരയുടെ ആഴം കൂടുതൽ സുരക്ഷിതമാക്കി. ഏഴാം നമ്പറിലും മികച്ച ബാറ്ററെ കിട്ടാനും തീരുമാനം കാരണമായി.
ഏറെ അധ്വാനം ആവശ്യമുള്ള ഈ ചുമതല ഏറ്റെടുക്കുന്നതിൽ ദ്രാവിഡ് തുടക്കത്തിൽ ചെറിയ മടി കാണിച്ചിരുന്നു. എന്നാൽ ടീമിന്റെ ഗുണത്തിനായി ആ സ്ഥാനം പിന്നീട് പൂർണ തൃപ്തിയോടെ തന്നെ ഏറ്റെടുക്കുകയായിരുന്നു. ഈ പരീക്ഷണം പക്ഷേ വൻ വിജയമായി മാറി. അതോടെ ഇന്ത്യ കൂടുതൽ സന്തുലിതമായ സംഘമായി. അഞ്ച് ബൗളർമാർ/ ഓൾറൗണ്ടർമാർ, ഒപ്പം മികച്ച ബാറ്റിങ് നിര എന്ന കോമ്പിനേഷനിലേക്ക് ഇന്ത്യ ഉയർന്നു. ഈ തന്ത്രമാണ് ദക്ഷിണാഫ്രിക്കയിൽ 2003ൽ അരങ്ങേറിയ ലോകകപ്പിൽ ഇന്ത്യയുടെ ഫൈനൽ വരെയുള്ള കുതിപ്പിന് ആധാരമായി മാറിയതും.
ദ്രാവിഡിനെ സംബന്ധിച്ച് ഇന്ത്യൻ ടീമിന്റെ യഥാർഥ മിസ്റ്റർ ഡിപൻഡിബിൾ താരം താൻ തന്നെയാണെന്നു തെളിയിക്കുന്നതു കൂടിയായിരുന്നു അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പർ സ്ഥാനം ഏറ്റെടുക്കൽ. ടീമിന്റെ മഹത്തായ ലക്ഷ്യത്തിനായി സ്വന്തം കംഫർട്ട് സോൺ നോക്കാതെ ഏറ്റവും ഇഷ്ടപ്പെട്ട സ്ലിപ്പ് ഫീൽഡിങ് ത്യജിക്കാൻ താൻ എപ്പോഴും സന്നദ്ധനാണെന്നു അടിവരയിടുക കൂടിയാണ് ഈ മനോഹരമായ മാറ്റത്തിലൂടെ ദ്രാവിഡ് സാധ്യമാക്കിയത്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates