

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും സ്വാധീനമുള്ള നായകൻമരിൽ ഒരാളായിരുന്നു കളിക്കുന്ന കാലത്ത് സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അതുവരെ കാണാതിരുന്ന ജയിക്കാനുള്ള അതിതീവ്രമായ ആഗ്രഹം ആവോളം കുത്തിവച്ച ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ഒരാൾ കൂടിയാണ് ദാദ. ടോസ് ചെയ്യാൻ സ്റ്റീവ് വോയെ ഗ്രൗണ്ടിൽ ഏറെ നേരം കാത്തുനിർത്തിയത്, വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് ജേഴ്സി ഊരിവീശി വിജയം ആഘോഷിച്ചത്, പരിശീലകരായ ഗ്രെയ്ഗ് ചാപ്പൽ, ജോൺ ബുക്കാനൻ എന്നിവരുമായുള്ള ഭിന്നതകൾ, ഷെയ്ൻ വോണുമായുള്ള തർക്കങ്ങൾ, ഗ്രെയം സ്മിത്ത് ക്യാച്ചെടുത്തപ്പോൾ ക്രീസിൽ നിന്നു തിരികെ പോകാൻ വിസമ്മതിച്ചത് തുടങ്ങി ഒട്ടേറെ ഗാംഗുലി ഓർമകൾ ആരാധകർക്ക് ഓർത്തെടുക്കാനുണ്ട്.
ഇപ്പോൾ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് ഗാംഗുലിയുടെ രസകരമായ മറ്റൊരു സംഭവമാണ് പങ്കിടുന്നത്. എഴുത്തുകാരൻ ബോറിയ മജുംദാറിന്റെ 'ഇലവൻ ഗോഡ്സ് ആൻഡ് എ ബില്ല്യൺ ഇന്ത്യൻസ്' എന്ന പുസ്തകത്തിൽ ഇന്ത്യയിൽ നടന്ന ഒരു മത്സരത്തിനിടെ അന്നത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങും ഗാംഗുലിയും തമ്മിലുള്ള സംഭവമാണ് പുസ്തകത്തിൽ ക്ലാർക്ക് ഓർത്തെടുക്കുന്നത്. (ഏത് മത്സരമായിരുന്നു എന്ന് കൃത്യമായി ക്ലാർക്കിന് ഓർമയില്ലെന്നു അദ്ദേഹം സമ്മതിക്കുന്നുണ്ട്)
'ഇന്ത്യയിൽ നടന്ന ഒരു മത്സരത്തിനിടെ ഗാംഗുലിയും റിക്കി പോണ്ടിങും ടോസിനായി കളത്തിലെത്തി. (ഏത് കളിയാണെന്നു ഓർമയില്ലെന്നു ക്ലാർക്ക്). പോണ്ടിങിന്റെ കൈയിലായിരുന്നു നാണയം. അദ്ദേഹം നാണയം വായുവിലേക്ക് എറിഞ്ഞ നിമിഷത്തിൽ ഗാംഗുലി ഹെഡ്- ടെയിൽ എന്നാണ് വിളിച്ചത്.'
'വിശ്വസിക്കു, റിക്കി തന്നെയാണ് എന്നോട് ഈ കഥ പറഞ്ഞത്. ദാദ പെട്ടെന്ന് ഹെഡ്- ടെയിൽ എന്നു രണ്ടും പറഞ്ഞപ്പോൾ എന്താണ് സംഭവിച്ചത് എന്നു പോലും മനസിലാക്കാൻ റിക്കിക്ക് കഴിഞ്ഞില്ല. മിന്നൽ വേഗത്തിലാണ് ദാദ ഹെഡ്- ടെയിൽ എന്നു പറഞ്ഞത്. എന്താണ് സംഭവിച്ചത് എന്നു പിടികിട്ടാൻ റിക്കിക്ക് ഒന്നോ രണ്ടോ സെക്കൻഡ് സമയം വേണ്ടിവന്നു. അപ്പോഴേക്കും നാണയം താഴെ വീണിരുന്നു. ഗാംഗുലി ഉടൻ തന്നെ നാണയമെടുത്ത് റിക്കിയോട് ഞങ്ങൾ ബാറ്റ് ചെയ്യുന്നു എന്നു പറഞ്ഞ് നടന്നു പോയി.'
ലഭ്യമായ റെക്കോർഡുകൾ പ്രകാരം റിക്കി പോണ്ടിങിനെതിരെ ഗാംഗുലി അഞ്ച് തവണയാണ് ടോസ് നേടിയത്. അവയെല്ലാം ഇന്ത്യക്ക് പുറത്തു വച്ചായിരുന്നു. രണ്ട് തവണ 2003ലെ ലോകകപ്പിലും മൂന്ന് തവണ 2003-04ലെ വിബി സീരീസിലുമാണ്. അതിനാൽ സംഭവം വിവരിക്കുമ്പോൾ മത്സരവേദി ഏതാണെന്ന കാര്യത്തിൽ ക്ലാർക്കിന് തെറ്റ് പറ്റിയിട്ടുണ്ടാകാം. കാരണം മത്സരം ഇന്ത്യയിലാണ് നടന്നതെങ്കിൽ നാണയം എറിയേണ്ടത് എതിർ ക്യാപ്റ്റനായ പോണ്ടിങ് ആയിരിക്കില്ല. അതിനാൽ തന്നെ സംഭവം ഇന്ത്യക്ക് വെളിയിൽ വച്ച് നടന്ന മത്സരമാകാനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates