

ബംഗളൂരു: ആഭ്യന്തര ഏകദിന പോരാട്ടമായ വിജയ് ഹസാരെ ട്രോഫിയിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി അവസാന നിമിഷം മാറ്റം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന പോരാട്ടം തീരുമാനിച്ചത്. ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള മത്സര വേദിയാണ് ചിന്നസ്വാമിയിൽ നിന്നു മാറ്റിയത്.
മത്സരം നടത്താൻ കർണാടക ആഭ്യന്തര വകുപ്പ് അനുമതി നിഷേധിച്ചതാണ് തിരിച്ചടിയായത്. വേദി മാറ്റിയതായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ചിന്നസ്വാമിയിൽ നടക്കേണ്ട എല്ലാ മത്സരങ്ങളും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്കാണ് (സിഒഇ) മാറ്റിയതെന്നും അസോസിയേഷൻ അറിയിച്ചു.
ഡൽഹി ടീമിൽ സൂപ്പർ താരം വിരാട് കോഹ്‍ലി കളിക്കുന്നതാണ് പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. ഋഷഭ് പന്താണ് ഡൽഹി ടീമിനെ നയിക്കുന്നത്. ഐപിഎലിൽ കോഹ്‍ലി ദീർഘ നാളായി കളിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തട്ടകമാണ് ചിന്നസ്വാമി സ്റ്റേഡിയം. അതേ പിച്ചിൽ കോഹ്‍ലി വീണ്ടും കളിക്കാൻ ഇറങ്ങുന്നതിൽ ആരാധകർ ആവേശത്തിൽ നിൽക്കെയാണ് അപ്രതീക്ഷിത വേദി മാറ്റം. കോഹ്‍ലിയെ കാണാൻ വൻ ജനക്കൂട്ടം എത്തിയേക്കുമെന്ന കണക്കുകൂട്ടലാണ് സർക്കാർ ഇടപെടലിനു കാരണം.
സിഒഇയിൽ അടച്ചിട്ട ഗ്രൗണ്ടിലാകും മത്സരങ്ങൾ. കാണികൾക്ക് പ്രവേശനമുണ്ടാകില്ല. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) തുടക്കത്തിൽ പൊതുജനങ്ങൾക്കായി രണ്ട് സ്റ്റാൻഡുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. 2000 മുതൽ 3000 വരെ കാണികളെ പ്രവേശിപ്പിക്കാനായിരുന്ന നീക്കം. എന്നാൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഈ നീക്കവും തടഞ്ഞു.
ഈ വർഷം ജൂണിൽ ആർസിബിയുടെ കന്നി ഐപിഎൽ കിരീട നേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജാഗ്രത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates