

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടം നാളെ തുടങ്ങും. ഗ്രൂപ്പ് ചാംപ്യൻമാരായ സൗത്ത് ആഫ്രിക്കയുമായി ഇന്ത്യ ഏറ്റുമുട്ടുമ്പോൾ 2024 ലെ ഫൈനൽ ആവർത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് ആണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും മുൻപ് പരസ്പരം ഏറ്റുമുട്ടിയപ്പോൾ കൂടുതൽ മത്സരങ്ങളും വിജയിച്ചത് ഇന്ത്യ ആയിരുന്നു.
ടി20 ഫോർമാറ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 36 മത്തെ മത്സരമാണ് ഇത്. ഇതുവരെ നടന്ന 35 മത്സരങ്ങളിൽ ഇന്ത്യ 21 വിജയം നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 13 മത്സരങ്ങളിൽ വിജയിച്ചു. ഒരു മത്സരം ഉപേക്ഷിച്ചു. ടി20 ലോകകപ്പിൽ ഇരുടീമുകളും ഏഴ് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് തവണ ഇന്ത്യയും രണ്ട് തവണ സൗത്ത് ആഫ്രിക്കയും വിജയം സ്വന്തമാക്കി. 2014ലെ സെമിഫൈനലിലും 2024ലെ ഫൈനലിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു.
ഇരു ടീമുകളും 2025 ഡിസംബറിൽ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഏറ്റുമുട്ടിയിരുന്നു. ആ പരമ്പരയിൽ ഇന്ത്യ 3-1ന് വിജയിക്കുകയും ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. അവസാനത്തെ അഞ്ച് ടി20 മത്സരങ്ങളിൽ ഇന്ത്യ തുടർച്ചയായി വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക നാല് വിജയവും ഒരു തോൽവിയും നേരിടേണ്ടി വന്നിരുന്നു. കണക്കുകൾ ഇന്ത്യക്ക് അനുകൂലമാണ്. എന്നാൽ കഴിഞ്ഞ ഫൈനലിൽ കണക്ക് തീർക്കാൻ ഇറങ്ങുന്ന സൗത്ത് ആഫ്രിക്കൻ ടീം മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. എയ്ഡന്‍ മാര്‍ക്രത്തിന്റെ തന്ത്രങ്ങൾക്ക് എങ്ങനെയാകും സൂര്യകുമാർ യാദവ് മറുതന്ത്രം മെനയുക എന്നതാണ് ആരാധകർ കാണാൻ കാത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates