ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പൊരുതിയത് ശ്രേയസും സാഹയും; ന്യൂസിലൻഡിന് മുന്നിൽ 284 റൺസ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ

പൊരുതിയത് ശ്രേയസും സാഹയും; ന്യൂസിലൻഡിന് മുന്നിൽ 284 റൺസ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ
Published on

കാൺപുർ: ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് മുന്നിൽ 284 റൺസ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കിവികൾ നാലാം ദിനം കളി അവസാനിക്കുമ്പോൾ‌ ഒരു വിക്കറ്റ് നഷ്ടത്തിൽ നാല് റൺസെന്ന നിലയിലാണ്. ഒരു ദിവസവും ഒൻപത് വിക്കറ്റുകളും ശേഷിക്കേ ന്യൂസിലൻഡിന് ജയത്തിലേക്ക് വേണ്ടത് 280 റൺസ് കൂടി. 

ഓപ്പണർ വിൽ യങിനെയാണ് കിവികൾക്ക് നഷ്ടമായത്. ആറ് പന്തിൽ രണ്ട് റൺസെടുത്ത യങിനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. കളി നിർത്തുമ്പോൾ രണ്ട് റൺസുമായി ഓപ്പണർ ടോം ലാതവും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാനായി വില്ല്യം സോമർവില്ലെയുമാണ് ക്രീസിൽ.

നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ഏഴ് വിക്കറ്റിന് 234 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിങ്‌സിൽ കിവീസിനെ 296 റൺസിന് പുറത്താക്കി ഇന്ത്യ 49 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 345 റൺസിൽ അവസാനിച്ചു. 

ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി കണ്ടെത്തിയ അരങ്ങേറ്റം താരം ശ്രേയസ് അയ്യരാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്കായി തിളങ്ങിയത്. ശ്രേയസ് 125 പന്തിൽ 65 റൺസ് നേടി. എട്ട് ഫോറും ഒരു സിക്‌സും ബാറ്റിൽ നിന്ന് പിറന്നു. പുറത്താകാതെ 61 റൺസ് നേടിയ വൃദ്ധിമാൻ സാഹയും ശ്രേയസിന് പിന്തുണ നൽകി. 126 പന്തിൽ നാല് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു സാഹയുടെ ഇന്നിങ്‌സ്. ഏഴാം വിക്കറ്റിൽ സാഹയും ശ്രേയസും 64 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഡിക്ലയർ ചെയ്യുമ്പോൾ സാഹയ്‌ക്കൊപ്പം 28 റൺസോടെ അക്ഷർ പട്ടേലായിരുന്നു ക്രീസിൽ.

നേരത്തെ 51 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ ആറാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ - ആർ അശ്വിൻ സഖ്യമാണ് രക്ഷിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 62 പന്തുകൾ നേരിട്ട് 32 റൺസെടുത്താണ്  അശ്വിൻ പുറത്തായത്. ജാമിസന്റെ പന്തിൽ നിർഭാഗ്യകരമായാണ് താരം പുറത്തായത്. അശ്വിന്റെ ബാറ്റിൽ തട്ടിയ പന്ത് പഡിലിടിച്ച് വിക്കറ്റിൽ പതിക്കുകയായിരുന്നു.

നാലാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 33 പന്തുകൾ നേരിട്ട് 22 റൺസെടുത്ത പൂജാരയെ കെയ്ൽ ജാമിസൻ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു.

പിന്നാലെ അജിൻക്യ രഹാനെയെ (4) വിക്കറ്റിന് മുന്നിൽ കുടുക്കി അജാസ് പട്ടേൽ ഇന്ത്യയെ ഞെട്ടിച്ചു. 20ാം ഓവറിൽ മായങ്ക് അഗർവാളിനെയും (17) രവീന്ദ്ര ജഡേജയേയും (0) മടക്കി ടിം സൗത്തി ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ഒരു റൺ മാത്രമെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് മൂന്നാം ദിനത്തിൽ തന്നെ നഷ്ടമായിരുന്നു. ന്യൂസിലൻഡിനായി ടിം  സൗത്തിയും കെയ്ൽ ജാമിസനും മൂന്ന് വിക്കറ്റ് വീതം നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com