അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ പിച്ച് സംബന്ധിച്ച് വലിയ ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. മൂന്നാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചതോടെ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും ഓസ്ട്രേലിയയുടേയും മുൻ താരങ്ങളടക്കമുള്ള നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കന്നി ടെസ്റ്റിൽ, സ്പിന്നർമാരുടെ കരുത്തിൽ ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയിരുന്നു. ഗുജറാത്തുകാരൻ കൂടിയായ അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ മികവിലാണ് ഇന്ത്യ അഹമ്മദാബാദ് ടെസ്റ്റിൽ രണ്ട് ദിവസം കൊണ്ട് ജയിച്ചു കയറിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചൊരുക്കി സന്ദർശകരെ കുഴിയിൽ ചാടിച്ചെന്ന തരത്തിലാണ് വിവാദം കൊഴുക്കുന്നത്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും സ്പിന്നറുമായ പ്രഗ്യാൻ ഓജ. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചൊരുക്കി ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ സ്വന്തം നാട്ടിലെ പരമ്പരകളിൽ നേട്ടം കൊയ്യുമ്പോഴും, ഇന്ത്യ സ്പിന്നിന് അനുകൂലമായ പിച്ചൊരുക്കുന്നതിനെ എല്ലാവരും വിമർശിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് ഓജ പറയുന്നു. ഇംഗ്ലീഷ് താരങ്ങളടക്കമുള്ളവരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുകയാണ് ഓജ.
‘സ്റ്റുവാർട്ട് ബ്രോഡ് വെറും 15 റൺസ് മാത്രം വഴങ്ങി എട്ട് വിക്കറ്റെടുത്ത മത്സരം ഓർമയില്ലേ? അന്ന് അദ്ദേഹം പന്തെറിഞ്ഞ പിച്ചിനെക്കുറിച്ചുകൂടി രണ്ട് വാക്ക് എല്ലാവരും സംസാരിക്കൂ. എന്തൊരു പിച്ചായിരുന്നു അത്? പച്ചപ്പു നിറഞ്ഞ സീമിങ് വിക്കറ്റുകളിൽ ടെസ്റ്റ് മത്സരങ്ങൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് അവസാനിച്ചാൽ അത് വളരെ നല്ലത്. പക്ഷേ, പന്ത് ചെറുതായൊന്ന് സ്പിൻ ചെയ്യാൻ തുടങ്ങിയാൽ അപ്പോൾ പ്രശ്നം തുടങ്ങും. അഞ്ച് ദിന ടെസ്റ്റ് മത്സരങ്ങൾക്ക് ഇത്തരം വേദികൾ അനുകൂലമല്ലെന്ന വാദമുയരും.‘
‘ഏതു പ്രതലത്തിലും നിങ്ങൾ പരീക്ഷിക്കപ്പെടുന്നു എന്നു തന്നെയാണ് ടെസ്റ്റ് മത്സരങ്ങൾ എന്നതിന്റെ വ്യാഖ്യാനം. പേസ് ബൗളിങ് വിക്കറ്റുകളിൽ മാത്രമാണ് നിങ്ങൾ പരീക്ഷിക്കപ്പെടേണ്ടത് എന്നും സ്പിന്നിങ് വിക്കറ്റുകളിൽ പരീക്ഷിക്കപ്പെടേണ്ടതില്ല എന്നും ഒരിടത്തും എഴുതിയിട്ടില്ല. ഞങ്ങളുടെ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു എന്നതാണ് വാസ്തവം. അശ്വിനും അക്സറും എറിഞ്ഞ പന്തുകൾ നോക്കൂ. ഓരോ പന്തും സ്റ്റംപിനു നേരെയായിരുന്നു. പേസ് പിച്ചിലായാലും സ്പിൻ പിച്ചിലായാലും പന്ത് കുതിച്ചു പൊങ്ങുകയോ കുത്തിത്തിരിയുകയോ ചെയ്താൽ ബാറ്റ്സ്മാന്റെ ശ്രദ്ധ പതറും’ – ഓജ ചൂണ്ടിക്കാട്ടി.
2015ൽ നോട്ടിങ്ഹാമിൽ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലാണ് പേസിനെ അതിരറ്റ് തുണച്ച പിച്ചിൽ സ്റ്റുവർട്ട് ബ്രോഡ് 9.3 ഓവറിൽ അഞ്ച് മെയ്ഡൻ ഓവറുകൾ സഹിതം 15 റൺസ് മാത്രം വഴങ്ങി എട്ട് വിക്കറ്റുകൾ വീഴ്ത്തിയത്. അന്ന് ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ വെറും 60 റൺസിന് എല്ലാവരും പുറത്തായിരുന്നു. മത്സരം ഇംഗ്ലണ്ട് ഇന്നിങ്സിനും 78 റൺസിന് ജയിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates