

ന്യൂഡൽഹി: ഇതിഹാസ താരം രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് ആണ് കേണൽ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുന്നത്. മാർച്ച് 15ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രശസ്തമായ ‘ബിഗ് ഫോർ’ ബാറ്റിങ് നിരയുടെ ഭാഗമായിരുന്നു ദ്രാവിഡ്. ഒരു കാലഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയിൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരോടൊപ്പം ശക്തമായ സാന്നിധ്യമായിരുന്നു ദ്രാവിഡ്. കൂടുതൽ സമയം ക്രീസിൽ നിന്ന് മെച്ചപ്പെട്ട ഇന്നിങ്സ് പടുത്തുയർത്താൻ താരത്തിന് പ്രത്യേക ഒരു കഴിവ് തന്നെ ഉണ്ടായിരുന്നു. 'ഇന്ത്യയുടെ വൻ മതിൽ' എന്ന പേരിലും അറിയപ്പെട്ടിരുന്ന കളിക്കാരൻ കൂടിയാണ് ദ്രാവിഡ്.
2012ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ദ്രാവിഡ് കമന്ററി രംഗത്തേക്കാണ് ആദ്യം കടന്നത്. പിന്നീട് ഇന്ത്യൻ പരിശീലകനായി ക്രിക്കറ്റ് രംഗത്ത് സജീവമായി. ഇന്ത്യയുടെ അണ്ടർ-19 ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ആദ്യം. 2018 അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതിൽ മുഖ്യപനക് വഹിച്ചതും ദ്രാവിഡ് ആയിരുന്നു. അന്നത്തെ ഇന്ത്യൻ ടീമിൽ ശുഭ്മാൻ ഗിൽ, പൃത്വി ഷാ തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു.
അതിനുശേഷം ഇന്ത്യ എ ടീമിനൊപ്പം പരിശീലകനായി പ്രവർത്തിച്ചിരുന്നു. ഒടുവിൽ ദ്രാവിഡിനെ 2021ൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഹെഡ് കോച്ചായി നിയമിച്ചു.
ദ്രാവിഡിന്റെ പരിശീലന കാലത്ത് ഇന്ത്യൻ ടീം നിരവധി ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. 2023ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റിരുന്നു. എന്നാൽ 2024ൽ നടന്ന ടി20 ലോകകപ്പിൽ കിരീടം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്താൻ ദ്രാവിഡിനും സംഘത്തിനും കഴിഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates