

ന്യൂഡല്‍ഹി: റിയാന്‍ പരാഗിന്റെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനം ചോദ്യം ചെയ്ത് ഇതിഹാസ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ തോറ്റതിനു പിന്നാലെയാണ് ചോദ്യങ്ങളുമായി സെവാഗ് രംഗത്തെത്തിയത്. രാജസ്ഥാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഉചിതമായ ക്യാപ്റ്റനെയാണോയെന്നു ചിന്തിക്കേണ്ട സമയമായെന്നു സെവാഗ് വ്യക്തമാക്കി.
എസ്ആർഎച്ചിനെതിരായ പോരാട്ടത്തിൽ രാജസ്ഥാൻ 228 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയിരുന്നു. എന്നാൽ അതു പ്രതിരോധിക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഇതോടെയാണ് മുൻ ഓപ്പണർ ചോദ്യങ്ങളുമായി എത്തിയത്.
റിയാന്‍ പരാഗിന്റെ ടാക്റ്റിക്കല്‍ തീരുമാനങ്ങള്‍ ശരിയല്ലെന്നു സെവാഗ് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ടീമിലെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയേയും രവി ബിഷ്‌ണോയിയേയും ഉപയോഗപ്പെടുത്തുന്ന രീതിയെയാണ് സെവാഗ് ചോദ്യം ചെയ്യുന്നത്. എസ്ആര്‍എച്ചിനെതിരായ പോരാട്ടത്തില്‍ ഇരുവര്‍ക്കും ഓരോ ഓവര്‍ മാത്രമാണ് പന്തെറിയാന്‍ നല്‍കിയത്.
റിയാന്‍ പരാഗ് ഉള്‍പ്പെടെ എട്ട് ബൗളര്‍മാരെ മാറി മാറി പരീക്ഷിക്കുന്നുണ്ട് രാജസ്ഥാന്‍ സീസണിലെ മിക്ക മത്സരങ്ങളിലും. അതേസമയം തന്നെ പ്രധാന സ്പിന്നര്‍മാരായ ജഡേജയ്ക്കും ബിഷ്‌ണോയിക്കും നാലോവര്‍ തികച്ച് പന്തെറിയാന്‍ ലഭിക്കാറും ഇല്ല. എസ്ആര്‍എച്ചിനെതിരായ പോരാട്ടത്തില്‍ ഇരുവരും ഒറ്റ ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. ജഡേജ ഒരോവറില്‍ 11 റണ്‍സും ബിഷ്‌ണോയ് 16 റണ്‍സുമാണ് വഴങ്ങിയത്. ഈയൊരൊറ്റ കാരണം കൊണ്ട് അവര്‍ക്ക് പിന്നീട് പന്തെറിയാന്‍ നല്‍കാത്തത് ശരിയല്ലെന്നും തിരിച്ചു വരാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും സെവാഗ് വ്യക്തമാക്കി.
'നോക്കു, രവി ബിഷ്‌ണോയിയും രവീന്ദ്ര ജഡേജയും ഓരോ ഓവര്‍ മാത്രമാണ് എറിഞ്ഞത്. അവര്‍ രണ്ട് പേരും അത്ര മോശം ബൗളര്‍മാരല്ല. ആദ്യ ഓവറില്‍ ഇരുവരും റണ്‍സ് വഴങ്ങി എന്നത് നേരാണ്. എന്നാല്‍ അവര്‍ക്ക് തിരിച്ചു വരാനുള്ള അവസരം ഒരുക്കുകയല്ലേ വേണ്ടത്. ചിലപ്പോള്‍ ബൗളര്‍മാര്‍ക്ക് തല്ല് കിട്ടിയെന്നു വരാം. എങ്കിലും ചുരുങ്ങിയത് രണ്ടാമതൊരു ഓവര്‍ കൂടി നല്‍കി അവരെ വീണ്ടും പരീക്ഷിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അവരല്ലെങ്കില്‍ പിന്നെ ആരാണ് നിങ്ങള്‍ക്ക് വിക്കറ്റ് നേടിത്തരിക? പാര്‍ട്ട് ടൈം ബൗളര്‍മാരോ? അവര്‍ എങ്ങനെ ഈ ഓവര്‍ തീര്‍ക്കാം എന്നാലോചിച്ചായിരിക്കും പന്തെറിയുക. റിയാന്‍ പരാഗ് തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടതുണ്ട്. റിയാന്‍ പരാഗ് തന്നെയാണോ ശരിയായ ക്യാപ്റ്റന്‍ എന്ന കാര്യം മാനേജ്‌മെന്റും ആലോചിക്കണം.'
ക്യാപ്റ്റന്‍സിയിലെ പരാജയം മാത്രമല്ല റിയാന്‍ പരാഗിനു നേരെ വിമര്‍ശനമുയരാന്‍ കാരണം. താരത്തിന്റെ ബാറ്റിങും ചോദ്യ ചിഹ്നത്തിലാണ്. ഇതുവരെ 25ല്‍ കൂടുതല്‍ റണ്‍സ് താരം ഒരു കളിയിലും നേടിയിട്ടില്ല. 8 കളിയില്‍ നിന്നു 88 റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ നേടിയത്.
'ഞാനാണ് ക്യാപ്റ്റനെങ്കില്‍ എനിക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് നൂറ് ശതമാനവും എന്റെ ക്യാപ്റ്റന്‍സിയെ ബാധിക്കും. എന്റെ ബാറ്റിങിനെക്കുറിച്ചായിരിക്കും ചിന്ത മുഴുവന്‍. വൈഭവ് സൂര്യവംശി 36 പന്തില്‍ സെഞ്ച്വറി നേടുമ്പോള്‍ മുതിര്‍ന്ന താരവും പരിചയ സമ്പന്നനുമായിട്ടും എനിക്ക് എന്തുകൊണ്ട് അങ്ങനെ റണ്‍സ് നേടാന്‍ കഴിയാത്തതെന്നു ഞാന്‍ ആലോചിക്കും'- സെവാഗ് തുറന്നടിച്ചു.
സീസണ്‍ തുടക്കത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ രാജസ്ഥാന് ആ താളം നഷ്ടമാകുകയായിരുന്നു. ആദ്യ നാല് മത്സരങ്ങള്‍ തുടരെ ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്തു നിന്ന അവര്‍ പിന്നീട് തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റു. പിന്നീട് ഏഴാം പോരാട്ടത്തില്‍ ജയിച്ച് തിരിച്ചെത്തി. എന്നാല്‍ എട്ടാം പോരില്‍ വീണ്ടും പരാജയപ്പെട്ടു. നിലവില്‍ അവര്‍ 10 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates