

ബംഗളൂരു: തുടരെ രണ്ടാം വട്ടവും ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇത്തവണ ബംഗളൂരു നഗരത്തിലൂടെ വിജയാഘോഷ പ്രകടനം (വിക്ടറി പരേഡ്) നടത്താൻ സാധ്യതയില്ലെന്നു റിപ്പോർട്ടുകൾ. കന്നി കിരീട നേട്ടത്തിനു പിന്നാലെ കഴിഞ്ഞ വർഷം വിക്ടറി പരേഡ് നടത്തിയത് തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിലേക്ക് നയിച്ച ദുരന്തമായി തീർന്നിരുന്നു. ഈ സംഭവമാണ് വിക്ടറി പരേഡിൽ നിന്നു ടീമിനെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ദുരന്തം വലിയ വിവാദങ്ങൾക്കും നിയമ നടപടികൾക്കും കാരണമായി. ചിന്നസ്വാമി സ്റ്റേഡിയത്തിനു മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ വിലക്കും നേരിടേണ്ടി വന്നു. ഇതാണ് പരസ്യമായ ആഘോഷങ്ങളിൽ നിന്ന് പിൻമാറാൻ ഫ്രാഞ്ചൈസിയെ പ്രേരിപ്പിക്കുന്നത്.
പൊതുനിരത്തുകളിൽ ആഘോഷങ്ങൾ പാടില്ലെന്നും പടക്കം പൊട്ടിക്കരുതെന്നും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങൾ ഇൻഡോർ ആയി മാത്രമേ അനുവദിക്കൂ.
ബംഗളൂരുവിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും പരേഡ് ഒഴിവാക്കാൻ കാരണമായിട്ടുണ്ട്. കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡികെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലോക് ഭവനിൽ നടക്കുകയാണ്. ഈ സന്ദർഭത്തിൽ വൻ ജനക്കൂട്ടം ഇവിടെ ഒത്തുകൂടും. വിപുലമായ പൊലീസ് സന്നാഹവും ആവശ്യമുണ്ട്. ഗവർണറുടെ ഔദ്യോഗിക വസതി ചിന്നസ്വാമി സ്റ്റേഡിയത്തിന് തൊട്ടടുത്തായതിനാൽ ഈ ഭാഗത്ത് കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുമുണ്ട്.
ഐപിഎൽ അവസാനിച്ചതിനാൽ പല വിദേശ താരങ്ങളടക്കം ദേശീയ ടീമിനായി കളിക്കാൻ ബംഗളൂരു വിടുന്നതും ആഘോഷങ്ങൾ ലളിതമാക്കാൻ ടീമിനെ പ്രേരിപ്പിക്കുന്നു. ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് തകർത്താണ് ആർസിബി തങ്ങളുടെ രണ്ടാമത്തെ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ മാത്രം ടീമാണ് ആർസിബി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates