മുംബൈ: സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ പാർഥിവ് പട്ടേലിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി! നിലവിലെ ഐപിഎൽ ചാമ്പ്യൻമാർ കൂടിയായ മുംബൈ ഇന്ത്യൻസിന്റെ മുൻ താരം കൂടിയായ പാർഥിവിനെ ഇത്തവണ പക്ഷേ അവർ കളിക്കാരനായല്ല സ്വന്തമാക്കിയത് എന്നു മാത്രം. മുംബൈ ഇന്ത്യൻസിനായി പുതിയ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് സ്കൗട്ട് ആയാണ് പാർഥിവ് പട്ടേലിന്റെ നിയമനം.
2015–17 സീസണിൽ മുംബൈ ഇന്ത്യൻസിനായി കളിക്കുകയും 2015ലും 2017ലും കിരീടം ചൂടുകയും ചെയ്ത താരമാണ് പാർഥിവ്. ഈ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ് ടീമിന്റെ പിന്നണിയിൽ പാർഥിവിന്റെ നിയമനം. രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലുമായി രണ്ടു പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള താരമാണ് പാർഥിവ് പട്ടേലെന്ന്, നിയമനവിവരം പുറത്തുവിട്ടുകൊണ്ട് മുംബൈ ഇന്ത്യൻസ് ചൂണ്ടിക്കാട്ടി. ഭാവിയിലെ ടൂർണമെന്റുകളിൽ പാർഥിവ് പട്ടേലിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടായിരിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘പാർഥിവ് പട്ടേൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ട്. കളത്തിൽ സജീവമായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ ക്രിക്കറ്റിലെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ക്രിക്കറ്റിലുള്ള ആഴമായ അനുഭവ പരിജ്ഞാനവും അറിവുംകൊണ്ട് കൂടുതൽ പ്രതിഭകളെ കണ്ടെത്തുന്ന മുംബൈ ഇന്ത്യൻസ് സംഘത്തിൽ പാർഥിവ് പട്ടേലിനെക്കൂടി ഉൾപ്പെടുത്തുന്നതിൽ സന്തോഷം. മുംബൈ ഇന്ത്യൻസ് എന്താണെന്നും ടീമിന്റെ ലക്ഷ്യമെന്താണെന്നും ടീമിന് വേണ്ടതെന്താണെന്നും അദ്ദേഹത്തിന് അറിയാം. മുംബൈ ഇന്ത്യൻസ് കുടുംബത്തിലേക്ക് പാർഥിവ് പട്ടേലിന് സ്വാഗതം’ – ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും കഴിഞ്ഞ ദിവസമാണ് പാർഥിവ് പട്ടേൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനായി 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു. 18 വർഷം നീണ്ട കരിയറിനാണ് പാർഥിവ് കഴിഞ്ഞ ദിവസം വിരാമമിട്ടത്.
25 ടെസ്റ്റുകളിൽ നിന്ന് 31.13 ശരാശരിയിൽ 934 റൺസ് നേടി. ഇതിൽ ആറ് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 71 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ 62 ക്യാച്ചുകളും 10 സ്റ്റംപിങ്ങും. 38 ഏകദിനങ്ങളിൽ നിന്ന് 23.74 ശരാശരിയിൽ 736 റൺസ് നേടി. ഇതിൽ നാല് അർധ സെഞ്ച്വറികളുണ്ട്. 95 റൺസാണ് ഉയർന്ന സ്കോർ. 30 ക്യാച്ചുകളും ഒൻപത് സ്റ്റംപിങ്ങും. രണ്ട് ടി20 മത്സരങ്ങളിൽ നിന്ന് 18.00 ശരാശരിയിൽ 36 റൺസ് നേടി. ഉയർന്ന സ്കോർ 26. ടി20യിൽ ഒരു ക്യാച്ചും സ്വന്തം പേരിൽ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates