

മുംബൈ: ഡഗൗട്ടിൽ ഇരിക്കുമ്പോൾ താൻ അത്ര ശാന്തനല്ലെന്നു പഞ്ചാബ് കിങ്സ് പരിശീലകൻ റിക്കി പോണ്ടിങ് (Ricky Ponting). ഐപിഎൽ ഫൈനൽ തോൽവിക്കു പിന്നാലെ പഞ്ചാബ് ടീം ഉടമ പ്രീതി സിന്റയുമായി നടത്തിയ ചർച്ചയിലാണ് പോണ്ടിങിന്റെ മറുപടി. കളിക്കുന്ന കാലത്ത് വലിയ അഗ്രസീവായ താരമായിരുന്ന പോണ്ടിങ് കോച്ചായപ്പോൾ എങ്ങനെയാണ് ഇത്ര ശാന്തനായി മറിയത് എന്നായിരുന്നു പ്രീതിയുടെ സംശയം. എന്നാൽ അത്ര ശാന്തനല്ല എന്നായിരുന്നു പോണ്ടിങിന്റെ മറുപടി.
'ഇടയ്ക്ക് നിങ്ങൾ എന്റെ കൂടെ ഡഗൗട്ടിൽ ഇരുന്നു നോക്കു. അപ്പോൾ അറിയാം ഞാൻ എല്ലായ്പ്പോഴും ശാന്തനായല്ല ഇരിക്കുന്നതെന്ന്. ഞാൻ കോപക്കാരനായ വ്യക്തിയാണ്. ക്രിക്കറ്റ് പോരാട്ടം അരങ്ങേറുന്ന ഘട്ടത്തിൽ പ്രത്യേകിച്ചും. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് എന്റെ ചുമതല. ക്രിക്കറ്റ് പോരാട്ടത്തിന്റെ ഘട്ടം കഴിഞ്ഞു പുറത്ത് ആരോടും എത്ര നേരം വേണമെങ്കിലും എനിക്ക് ചിരിച്ചു സംസാരിക്കാൻ ഒരു പ്രശ്നവുമില്ല.'
'ഒരു പരിശീലന സെഷനും ഒഴിവാക്കാൻ ഞാൻ തയ്യാറല്ല. എന്റെ കൂടെയുള്ള താരങ്ങളിൽ നിന്നു ഏറ്റവും മികച്ചത് പുറത്തെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഏറ്റവും മികച്ച പരിശീലകനെന്ന പേരെടുക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല'- പോണ്ടിങ് വ്യക്തമാക്കി.
നേരത്തെ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്നു പോണ്ടിങ്. ഈ സീസണിലാണ് മുൻ ഓസീസ് നായകൻ പഞ്ചാബ് പരിശീലകനായി എത്തിയത്. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ പോണ്ടിങിനു സാധിച്ചു. ടീം ഫൈനൽ വരെ എത്തുകയും ചെയ്തു. എന്നാൽ കിരീടമെന്ന പഞ്ചാബിന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ പക്ഷേ പോണ്ടിങിനും സാധിച്ചില്ല. ഇത്തവണ ഫൈനലിലെത്തിയ പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനു മുന്നിൽ കിരീടം അടിയറ വച്ചു. ആർസിബിയുടെ കന്നി കിരീട നേട്ടമാണ് ഇത്തവണ കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
