

മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത നായകനായി മലയാളി താരം സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനവും നേതൃത്വ മികവുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സെലക്ടർമാർ തീരുമാനിച്ചത്. നായക സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേര് ഉയർന്ന് വന്നെങ്കിലും അവസാന റൗണ്ടിൽ താരത്തെ ഒഴിവാക്കുക ആയിരുന്നു.
നിലവിലെ നായകൻ സൂര്യകുമാർ യാദവ് മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്യാപ്റ്റനെ മാറ്റാൻ സെലക്ടർമാർ നേരത്തെ തീരുമാനിച്ചിരുന്നു. സൂര്യയ്ക്ക് പകരം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു സെലക്ടർമാർ മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ 2023 ഡിസംബറിന് ശേഷം ശ്രേയസിന് ഇന്ത്യൻ ടി20 ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കുക, അതിന് ശേഷം നായക സ്ഥാനത്തേക്ക് പരിഗണിക്കാം എന്നാണ് സെലക്ടർമാരുടെ നിലപാട്. ഇതും സഞ്ജുവിന് തുണയായി.
ടി20 ലോകകപ്പിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് സെലക്ടർമാർ മുൻഗണന നൽകിയിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്നെങ്കിലും പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയ താരം മികച്ച തിരിച്ചുവരവാണ് നടത്തിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയ്ക്ക് നിർണായക ജയം സമ്മാനിച്ചിരുന്നു. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരായ നോക്കൗട്ട് മത്സരങ്ങളിലും 89 റൺസിന്റെ തകർപ്പൻ ഇന്നിങ്സുകളുമായി താരം തിളങ്ങിയിരുന്നു.
ഇപ്പോൾ നടക്കുന്ന ഐപിഎൽ ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന താരം 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അർഞ്ച്വസെഞ്ചുറിയും ഉൾപ്പെടുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇതും ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിൽ പ്രധാന ഘടകമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates