മുംബൈ: വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായും ഐപിഎല്ലിലും മിന്നും പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് താരത്തെ സീനിയർ ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചിരിക്കുന്നത്. അയർലൻഡ് പര്യടനത്തിനായി തയ്യാറാക്കിയ 35 അംഗ ടി20 സ്പെഷ്യലിസ്റ്റ് പട്ടികയിൽ വൈഭവിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ടീമിൽ ഇടം നേടിയാലും ആദ്യ ഇലവനിൽ താരത്തിന് സ്ഥാനം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിൽ ഇന്ത്യൻ ടീമിൽ നിരവധി മികച്ച ഓപ്പണർമാരാണ് ഉള്ളത്.
അഭിഷേക് ശർമ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരാണ് നിലവിലെ പ്രധാന ഓപ്പണർമാർ. ഇവർ മൂന്ന് പേരും ടി20 ലോകകപ്പ് ഫൈനലിൽ അർധസെഞ്ച്വറി നേടിയ താരങ്ങളാണ്. ഇവർക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ കൂടി എത്തുന്നതോടെ ഓപ്പണർ റോളിൽ കളിക്കുന്ന താരങ്ങളുടെ എണ്ണം നാലായി.
ഇവരെ മറികടന്ന് സൂര്യവംശിയെ ഓപ്പണർ റോളിൽ കളത്തിലിറക്കാൻ സെലക്ടർമാർക്ക് അത്ര എളുപ്പമാകില്ല.
''വൈഭവ് മത്സരങ്ങൾക്ക് സജ്ജമാണ്. പക്ഷേ സഞ്ജു , അഭിഷേക് ശർമ്മ പോലുള്ള താരങ്ങളെ ഒഴിവാക്കണമെങ്കിൽ അതിന് വ്യക്തമായ കാരണം വേണം. ഇനി നാലാമത് ഒരു ഓപ്പണറെ പരിഗണിക്കുക ആണെങ്കിൽ അതിന് യശസ്വി ജയ്‌സ്വാള്‍ ഉണ്ട്. അദ്ദേഹത്തെ എങ്ങനെ ഒഴിവാക്കാൻ കഴിയും?'' എന്നാണ് ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
അതേ സമയം, നിലവിലുള്ള ടീമിൽ നിന്ന് ഒരാളെ പുറത്താക്കിയാൽ മാത്രമേ സൂര്യവംശിയ്ക്ക് സാധ്യതയുള്ളൂ. ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിനും സ്ഥാനം നഷ്ടമായേക്കാൻ സാധ്യതയുണ്ട്. 2024 ടി20 ലോകകപ്പിന് ശേഷം താരത്തിന്റെ ബാറ്റിങ് ശരാശരി 20ൽ താഴെയാണ്. ഇതോടെ സൂര്യകുമാറിനെ ഒഴിവാക്കി മറ്റൊരാളെ നായകസ്ഥാനം ഏൽപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates