

പാലക്കാട്: സഞ്ജു സാംസണിൽ നിന്നു മൊബൈൽ ഫോൺ സമ്മാനമായി കിട്ടിയ ത്രില്ലിലാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ടി ശബരീഷ്. തന്റെ ഇഷ്ടതാരത്തെ നേരിട്ട് കാണാനും ഒരു സെൽഫി എടുക്കാനും ഏറെ നാളായി ആഗ്രഹിച്ചിരുന്നു. എന്നാൽ ആ ആഗ്രഹം ഇത്രയും വേഗം നടക്കുമെന്ന് ശബരീഷ് കരുതിയിരുന്നില്ല.
ഐപിഎൽ മത്സരങ്ങൾക്കിടെ ചെറിയ ഒരു ഇടവേളയെടുത്ത് സഞ്ജു കേരളത്തിൽ എത്തിയിരിക്കുന്നു. അവധിക്ക് ശേഷം അടുത്ത മത്സരത്തിനായി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ആയിരുന്നു സംഭവം നടന്നത്. യാത്രക്കിടെ ഫോൺ വിളിക്കാനായി പുഞ്ചപ്പാടം സ്കൂൾ ബസ് സ്റ്റോപ്പിനു സമീപം സഞ്ജു വാഹനമൊതുക്കി.
ഈ സമയത്ത് കടമ്പഴിപ്പുറം പുഞ്ചപ്പാടത്തെ മൈതാനത്തു പതിവുപോലെ ക്രിക്കറ്റ് കളിക്കാൻ പോകുകയായിരുന്നു ശബരീഷും കൂട്ടുകാരും. ബസ് സ്റ്റോപ്പിനു സമീപം റേഞ്ച് റോവർ കണ്ടപ്പോൾ കൗതുകത്തിന് അടുത്തേക്ക് പോയ ശബരീഷ് ഞെട്ടിപ്പോയി. കാറിലിരുന്ന് ആരെയോ സഞ്ജു ഫോൺ വിളിക്കുന്നു. അടുത്തേക്കു ചെന്നപ്പോൾ കാത്തുനിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.
കോൾ കഴിഞ്ഞ് സഞ്ജു ശബരീഷിനോട് വിശേഷങ്ങൾ തിരക്കി. ഒടുവിൽ ഫോട്ടോ എടുക്കണോ എന്നു സഞ്ജു തന്നെ ചോദിച്ചു. വേണമെന്നു പറയുകയും ഡിസ്പ്ലേയിൽ വരവീണ സ്വന്തം ഫോൺ ഉപയോഗിച്ച് ശബരീഷ് സെൽഫിയെടുക്കുകയും ചെയ്തു. ഇത് കണ്ടതോടെ സഞ്ജു ഫോൺ ഡിസ്പ്ലേ കേടായല്ലോയെന്നു പറഞ്ഞ് കാറിൽ നിന്ന് പുറത്തിറക്കി.
വണ്ടിയുടെ പിൻവശം തുറന്ന് 40,000 രൂപയോളം വിലയുള്ള പുത്തൻ ഫോൺ എടുത്ത് സമ്മാനമായി നൽകിയെന്ന് ശബരീഷ് പറഞ്ഞു. തുടർന്ന് യാത്ര പറഞ്ഞ സഞ്ജു കോയമ്പത്തൂരിലേക്ക് യാത്ര തുടർന്നു. നാട്ടിൽ കേബിൾ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയാണ് ശബരീഷ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates