

ന്യൂഡല്‍ഹി: അവളുടെ കഥ ആരംഭിക്കുന്നത് ക്രിക്കറ്റ് മൈതാനത്തിലല്ല, മറിച്ച് പുനെയിലെ ഒരു അനാഥാലയത്തിന് പുറത്തുള്ള ചവറ്റുകുട്ടയിലാണ്. നവജാതശിശുവായി ഉപേക്ഷിക്കപ്പെട്ട അവള്‍ക്ക് ശ്രീവാസ്തവ ഓര്‍ഫനേജിലെ ജീവനക്കാര്‍ ലൈല എന്ന പേര് നല്‍കി. ജീവിതത്തില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും നല്‍കാത്ത തുടക്കമായിരുന്നു അത്. പക്ഷേ വിധി മറ്റൊന്നായിരുന്നു.
അമേരിക്കന്‍ ദമ്പതികളായ ഹരേണും സൂവും ഒരു ആണ്‍കുട്ടിയെ ദത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് ലൈലയുടെ ജീവിതം മാറ്റിമറിച്ചത്. ലൈലയുടെ തിളങ്ങുന്ന തവിട്ടുനിറത്തിലുള്ള കണ്ണുകള്‍ സൂവിനെ ആകര്‍ഷിച്ചു. മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടി അവരുടെ ഹൃദയം കവര്‍ന്നു. ദമ്പതികളുടെ പദ്ധതി തല്‍ക്ഷണം മാറി. ലൈലയെ ദത്തെടുത്തു. ലിസ എന്ന് പുനര്‍നാമകരണം ചെയ്തു. തുടര്‍ന്ന് ലിസയുടെ ജീവിതത്തില്‍ നാടകീയമായ വഴിത്തിരിവ് ഉണ്ടായി. ആദ്യം അമേരിക്കയിലേക്കും ഒടുവില്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കുമാണ് ലിസ പോയത്.
ലിസയുടെ ഭാവി സിഡ്നിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് നിര്‍ണയിച്ചത്. അവളുടെ അച്ഛന്‍ അവളെ ക്രിക്കറ്റ്് പരിചയപ്പെടുത്തി. അവള്‍ അനായാസമായി കളിക്കാന്‍ തുടങ്ങി. ആണ്‍കുട്ടികളുമായി കളിച്ചുകൊണ്ട് അവള്‍ പെട്ടെന്ന് വേറിട്ടു നിന്നു. ലിസ മികച്ച പ്രകടനം കാഴ്ചവയ്ക്കുക മാത്രമല്ല, ബാറ്റിങ്ങിലും പന്തിലും ഒരേപോലെ വൈദഗ്ധ്യമുള്ള പ്രതിഭയുടെ മിന്നലാട്ടമാണ് പിന്നീട് കണ്ടത്. അപ്പോഴും പഠനം ഉപേക്ഷിക്കാന്‍ ലിസ തയ്യാറായില്ല. പഠനത്തോടൊപ്പം കളിയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ ലിസ ജീവിതത്തെ ചിട്ടപ്പെടുത്തി.
1997 ല്‍ ന്യൂ സൗത്ത് വെയില്‍സിനായി ലിസ അരങ്ങേറ്റം കുറിച്ചു. വെറും നാല് വര്‍ഷത്തിന് ശേഷം, ലിസ തന്റെ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു. ഓള്‍റൗണ്ട് മികവില്‍ അവരുടെ കരിയര്‍ ഒരു മാസ്റ്റര്‍ക്ലാസ് ആയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ്: 8 മത്സരങ്ങളില്‍ നിന്ന് 416 റണ്‍സും 23 വിക്കറ്റും.
ഏകദിനങ്ങള്‍: 125 മത്സരങ്ങളില്‍ നിന്ന് 2,728 റണ്‍സും 146 വിക്കറ്റും.
ടി20: 54 മത്സരങ്ങളില്‍ നിന്ന് 769 റണ്‍സും 60 വിക്കറ്റും.
ഏകദിനത്തില്‍ 1,000 റണ്‍സും 100 വിക്കറ്റും നേടുന്ന ചരിത്രത്തിലെ ആദ്യ വനിതയായി ലിസ മാറി. ഐസിസി ഔദ്യോഗിക റാങ്കിങ് അവതരിപ്പിച്ചപ്പോള്‍, ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി അവരെ തെരഞ്ഞെടുത്തു. 2013 ല്‍ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചപ്പോഴാണ് അവരുടെ കിരീട നേട്ടം. തൊട്ടടുത്ത ദിവസം തന്നെ അവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഐസിസി ഹാള്‍ ഓഫ് ഫെയിം ബഹുമതി നേടിയതോടെ ക്രിക്കറ്റ് ലോകത്ത് ഒരു ഇതിഹാസ പദവിയിലേക്കാണ് അവര്‍ ഉയര്‍ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates