

മുംബൈ: മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹമുറപ്പിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം ശിഖർ ധവാൻ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി. ഫെബ്രുവരിയിൽ വിവാഹം നടക്കുമെന്നാണ് സൂചനകൾ. ഫെബ്രുവരി മൂന്നാം വാരം ചടങ്ങുകൾ നടക്കും. ബോളിവുഡ് മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം പങ്കെടുക്കുന്ന ആഡംബര വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചതായും വിവരങ്ങളുണ്ട്. കൂടുതൽ കാര്യങ്ങൾ ഇതേക്കുറിച്ച് പക്ഷേ പുറത്തു വന്നട്ടില്ല.
പങ്കിട്ട പുഞ്ചിരികളിൽ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്. എക്കാലവും ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങളുടെ വിവാഹനിശ്ചയത്തിന് നൽകിയ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാ ആശംസകൾക്കും നന്ദി- എന്ന കുറിപ്പോടെയാണ് താരം വിവാഹ നിശ്ചയ കാര്യം താരം അറിയിച്ചത്. വിവാഹ നിശ്ചയ മോതിരങ്ങൾ അണിഞ്ഞ കൈകളുടെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്.
അയർലൻഡ് സ്വദേശിയായ സോഫി ഷൈനുമായി ശിഖർ ധവാൻ കഴിഞ്ഞ വർഷം ആദ്യമാണ് ഡേറ്റിങിലായത്. ദുബൈയിലെ ഒരു റസ്റ്റോറന്റിൽ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യൻസ് ട്രോഫിയും ഐപിഎൽ മത്സരങ്ങളും കാണാൻ ഒരുമിച്ചെത്തിയിരുന്നു.
2023ലാണ് ആദ്യ ഭാര്യ അയേഷ മുഖർജിയിൽനിന്ന് ശിഖർ ധവാൻ വിവാഹ മോചനം നേടിയത്. 2012ലായിരുന്നു ഇരുവരുടേയും വിവാഹം. ശിഖർ ധവാന്റെ മകൻ സോറാവർ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്. മകനെ കാണാൻ മുൻ ഭാര്യ അനുവദിക്കുന്നില്ലെന്ന് ധവാൻ സമൂഹ മാധ്യമങ്ങളിൽ പല തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2024ൽ ആണ് ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചത്.
ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുള്ള സോഫി ഷൈൻ, നിലവിൽ അബുദാബി ആസ്ഥാനമായുള്ള നോർത്തേൺ ട്രസ്റ്റ് കോർപറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റാണ്. ധാ വൺ സ്പോർട്സിന്റെ ജീവകാരുണ്യ വിഭാഗമായ ശിഖർ ധവാൻ ഫൗണ്ടേഷന്റെ മേധാവിയുമാണ്. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്സ് സോഫി ഷൈനിനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates