

ന്യൂ ചണ്ഡീഗഢ്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന സഖ്യമെന്നു മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ ക്വാളിഫയര്‍ 2 പോരാട്ടത്തില്‍ 215 റണ്‍സ് ചെയ്‌സ് ചെയ്ത ടീമിനെ ഇരുവരും ചേര്‍ന്നു മികച്ച തുടക്കമിട്ടാണ് ജയത്തിലേക്ക് നയിച്ചത്. വെറും 77 പന്തില്‍ 167 റണ്‍സ് ചേര്‍ത്താണ് കൂട്ടുകെട്ട് പിരിഞ്ഞത്. ടൂര്‍ണമെന്റിലുടനീളം സഖ്യം മിന്നും ഫോമിലാണ് ബാറ്റ് വീശിയത്.
ഗില്‍ 53 പന്തില്‍ 15 ഫോറും 3 സിക്‌സും സഹിതം 104 റണ്‍സെടുത്തു. സായ് സുദര്‍ശന്‍ 32 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സും കണ്ടെത്തി.
'ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് സഖ്യമാണ് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ 100, ഏറ്റവും കൂടുതല്‍ 50നു മുകളില്‍ റണ്‍സ് പങ്കാളിത്തവും നേടിയതിന്റെ റെക്കോര്‍ഡ് ഇവരുടെ പേരിലാണ്'- പഠാന്‍ ജിയോ സ്റ്റാറിലെ മത്സര അവലോകനത്തില്‍ വ്യക്തമാക്കി.
'ഇരുവരുടേയും ഗെയിം ശൈലി പരസ്പരം സ്വാഭാവികമായി പൊരുത്തപ്പെടുന്നു എന്നതിലാണ് അവരുടെ വിജയം രഹസ്യം. ഇത് മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ എതിരാളികളായ ബൗളര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദം തീര്‍ക്കാന്‍ ഗുജറാത്തിനെ സഹായിക്കുന്നു. ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് മികച്ച തുടക്കമാണ് വേണ്ടതെങ്കില്‍ ഇരുവരും ഓപ്പണിങില്‍ ഉണ്ടാകണം. അവര്‍ പരസ്പരം മികച്ച രീതിയില്‍ പൂരകമായി നില്‍ക്കുന്നു. ഒരാള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുമ്പോള്‍ മറ്റൊരാള്‍ ബൗണ്ടറികള്‍ നേടുന്നു. അവര്‍ക്കിടയിലെ പരസ്പര ധാരണ അവിശ്വസനീയമാണ്.'
പവര്‍ പ്ലേയില്‍ രാജസ്ഥാന്റെ തന്ത്രപരമായ പിഴവുകളെ ഈ സഖ്യം എങ്ങനെ മുതലെടുത്തു എന്നും പഠാന്‍ ചൂണ്ടിക്കാട്ടുന്നു. ഷോര്‍ട്ട് പിച്ച് ബൗളിങിലൂടെ ഇരുവരേയും കുരുക്കാനുള്ള രാജസ്ഥാന്‍ നീക്കം സത്യത്തില്‍ അവര്‍ക്ക് അനുകൂലമായി മാറുന്നതാണ് ഗ്രൗണ്ടില്‍ കണ്ടതെന്നു പഠാന്‍ പറയുന്നു.
'ബൗളര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിയാന്‍ ശ്രമിച്ചാല്‍ ഇവര്‍ അത് ശരിക്കും ആസ്വദിക്കും. കട്ട് ഷോട്ടുകള്‍ കളിക്കാനും ഷോര്‍ട്ട് പന്തുകളെ ശിക്ഷിക്കാനും അവര്‍ എപ്പോഴും തയ്യാറാണ്. നാന്ദ്രെ ബര്‍ഗറും ജോഫ്ര ആര്‍ച്ചറും കൃത്യമായി അതുതന്നെ ചെയ്തു. അവര്‍ ഷോര്‍ട്ട് പന്തുകള്‍ എറിഞ്ഞു. ഗില്ലും സുദര്‍ശനും കാത്തിരുന്നതും അതിനായിരുന്നു.'
പേസ്, സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ ഗില്‍ സ്വീകരിക്കുന്ന തന്ത്രവും ശ്രദ്ധേയമാണ്. ക്രീസിനു പുറത്തേക്ക് ഇറങ്ങി കളിക്കാനുള്ള ഗുജറാത്ത് ക്യാപ്റ്റന്റെ മനസ് അദ്ദേഹത്തെ തളയ്ക്കാന്‍ ബൗളര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്നെന്നും പഠാന്‍ ചൂണ്ടിക്കാട്ടുന്നു. ഓപ്പണിങ് കൂട്ടുകെട്ടില്‍ തന്നെ മത്സര ഫലം തീരുമാനിക്കപ്പെട്ടതായും പഠാന്‍ വ്യക്തമാക്കി.
'യഷ് രാജ് പുഞ്ജ ബൗളിങിനായി വന്നപ്പോള്‍ പോലും അദ്ദേഹം അല്‍പ്പം ലെങ്ത് കുറച്ചാണ് എറിഞ്ഞത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കുമെതിരെ ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ഗില്ലിനു ഭയമില്ല. അദ്ദേഹം മുന്നോട്ടു വന്ന് സ്‌പെയ്‌സ് ഉണ്ടാക്കി ടോപ്പിനു മുകളിലൂടെ അടിക്കുന്നു. വെറും 77 പന്തില്‍ 167 റണ്‍സിന്റെ ഓപ്പണിങ് പങ്കാളിത്തമാണ് രാജസ്ഥാനില്‍ നിന്നു മത്സരം തട്ടിയെടുത്തത്. ആ കൂട്ടുകെട്ട് രാജസ്ഥാനെ വിജയ പദ്ധതിയില്‍ നിന്നു പൂര്‍ണമായും അകറ്റി നിര്‍ത്തി'- ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലിലെത്തിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് ഗുജറാത്ത് മറികടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates