

ധരംശാല: ക്രിക്കറ്റ് കളിയില്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. ശക്തമായ നിലയില്‍ നിന്ന് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ശക്തമായ നിലയിലേക്ക് നീങ്ങുന്നു എന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഗുഭ്മാന്‍ ഗില്‍ എടുത്ത ക്യാച്ചാണ് ഇന്ത്യയ്ക്ക് വഴിത്തിരിവായത്.
വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ഓപ്പണര്‍ ബെന്‍ ഡുക്കറ്റിനെ മടക്കി അയച്ചതിന് പിന്നാലെ ഇംഗ്ലണ്ട് വിക്കറ്റുകള്‍ തുരുതുരാ വീഴുന്നതാണ് പിന്നീട് കണ്ടത്. ഗുഭ്മാന്‍ ഗില്‍ എടുത്ത ഏറെ ദുഷ്‌കരമായ ക്യാച്ചാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടത്. ബെന്‍ ഡുക്കറ്റ് 27 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ പിന്നിലേക്ക് ഓടിയാണ് ശുഭ്മാന്‍ ഗില്‍ ക്യാച്ച് എടുത്തത്. തുടര്‍ന്നുള്ള വിക്കറ്റ് വേട്ടയ്ക്ക് കുല്‍ദീപിന് പ്രചോദനമായതും ഡുക്കറ്റിന്റെ ഔട്ടാണ്.
ഒരുപാട് ഡോട്ട് ബോളുകള്‍ വന്നതോടെ, ക്ഷമ നശിച്ച ഡുക്കറ്റ് ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ചതാണ് പാളിപ്പോയത്. ലെഗ് സൈഡില്‍ അടിക്കാന്‍ ശ്രമിച്ച താരത്തിന് ടൈമിങ് നഷ്ടപ്പെട്ടു. കുല്‍ദീപിന്റെ ഗൂഗ്ലിയില്‍ കുടുങ്ങിയ താരത്തിന്റെ ബാറ്റില്‍ നിന്ന് എഡ്ജ് എടുത്ത് മുകളിലേക്ക് ഉയര്‍ന്നു. കവറില്‍ നിന്ന് പിന്നിലേക്ക് ഓടി 30 യാര്‍ഡ് സര്‍ക്കിളിന് പുറത്തുനിന്ന് മനോഹരമായ ക്യാച്ചിലൂടെയാണ് ഗില്‍ ഡുക്കറ്റിനെ പുറത്താക്കിയത്. ഡുക്കറ്റിനെ ഔട്ടാക്കുന്ന ഗില്ലിന്റെ ക്യാച്ചിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിനാണ് പുറത്തായത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അശ്വിനും ജഡേജയും ചേര്‍ന്നാണ് മുഴുവന്‍ വിക്കറ്റുകളും പിഴുതെടുത്തത്. കുല്‍ദീപ് 72 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റുകള്‍ നേടിയപ്പോള്‍ അശ്വിന്‍ 51 റണ്‍സിന് നാലുവിക്കറ്റുകള്‍ നേടി മികച്ച പിന്തുണ നല്‍കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓപ്പണര്‍ സാക് ക്രൗളി മാത്രമാണ് പിടിച്ചു നിന്നത്. 108 പന്തില്‍ 79 റണ്‍സ് ആണ് സാക് ക്രൗളിയുടെ സംഭാവന. ഇംഗ്ലണ്ട് സ്‌കോര്‍ 60 കടന്നു മുന്നേറുന്നതിനിടെയാണ് അവര്‍ക്ക് ആദ്യ നഷ്ടം സംഭവിച്ചത്. ബെന്‍ ഡുക്കറ്റാണ് മടങ്ങിയത്. താരം 27 റണ്‍സെടുത്തു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് കുതിക്കുന്നതിനിടെ കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഒലി പോപ്പ് ഇറങ്ങി. എന്നാല്‍ പോപ്പിനും അധികം ആയുസുണ്ടായില്ല. വീണ്ടും ഞെട്ടിച്ചത് കുല്‍ദീപ് തന്നെയാണ്. താരം 11 റണ്‍സുമായി പുറത്ത്.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ ഉച്ച ഭക്ഷണ ശേഷം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു സ്‌കോര്‍ 137ല്‍ എത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്ത സാക് ക്രൗളിയെ നഷ്ടമായി. താരത്തേയും കുല്‍ദീപ് യാദവ് തന്നെ മടക്കി. ഇംഗ്ലണ്ടിനു നഷ്ടമായ ആദ്യ മൂന്ന് വിക്കറ്റുകളും കുല്‍ദീപ് ആണ് സ്വന്തമാക്കിയത്.
79 റണ്‍സില്‍ നില്‍ക്കെ ക്രൗളിയെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് ജോണി ബെയര്‍സ്‌റ്റോയെ കുല്‍ദീപ് യാദവ് തന്നെ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് ഉയര്‍ന്ന ജോ റൂട്ടിന്റെ വിക്കറ്റ് ജഡേജയാണ് നേടിയത്. പിന്നാലെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ പൂജ്യത്തിന് കുല്‍ദീപ് മടക്കിയതോടെ തിരിച്ചുവരാനുള്ള ഇംഗ്ലണ്ടിന്റെ എല്ലാ പഴുതും ഇന്ത്യ അടച്ചിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ ഓരോന്നായി വീഴുന്നതാണ് കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
