

മുംബൈ: ഒടുവില്‍ വിവാഹം മുടങ്ങിയ വിഷയത്തില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. സംഗീത സംവിധായകന്‍ പലാഷ് മുച്ഛലുമായുള്ള വിവാഹം റദ്ദാക്കിയെന്നും ബന്ധത്തില്‍ നിന്നു പിന്‍മാറിയതായും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും താരം തന്നെ വ്യക്തത വരുത്തി വിരാമമിട്ടു.
'കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്റെ വ്യക്തിപരമായ കാര്യമെന്ന നിലയില്‍ ചില വിഷയങ്ങള്‍ പുറത്തു പറയുന്നതിനു പരിമിതകളുണ്ട്. എങ്കിലും എന്റെ വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്. ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം. രണ്ട് കുടുംബങ്ങളുടേയും സ്വകാര്യതയെ മാനിക്കണം. ജീവിതം സാധാരണ മട്ടില്‍ മുന്നോട്ടു പോകാനുള്ള ഇടം ഞങ്ങള്‍ക്കു തരണമെന്നു അഭ്യര്‍ഥിക്കുന്നു. ഉയര്‍ന്ന ലക്ഷ്യങ്ങളാണ് നമ്മെ നയിക്കുന്നത്. എന്നെ സംബന്ധിച്ച് മഹത്തായ രാജ്യത്തെ പ്രതിനിധീകരിച്ചു, കഴിയുന്നത്ര കാലം ഇന്ത്യയ്ക്കായി കളിച്ച് ട്രോഫികള്‍ നേടാനാണ് ആഗ്രഹിക്കുന്നത്. എന്റെ ശ്രദ്ധയും അതിലായിരിക്കും. നിങ്ങളുടെ എല്ലാ പിന്തണകള്‍ക്കും നന്ദി. മുന്നോട്ടു പോകാനുള്ള സമയമാണിത്'- വിവാഹം റദ്ദാക്കിയതില്‍ സ്മൃതി ഇന്‍സ്റ്റയിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.
വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പലാഷ് മുച്ഛലും ഇന്‍സ്റ്റയില്‍ കുറിപ്പിട്ടിരുന്നു.
'എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും വ്യക്തിപരമായ ബന്ധത്തില്‍ നിന്നു പിന്‍മാറാനും ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഏറ്റവും പവിത്രമായി കരുതുന്ന ഒരു കാര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ കിംവദന്തികളോട് ആളുകള്‍ ഇത്ര എളുപ്പം പ്രതികരിക്കുന്നത് എന്നെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. ജീവിതത്തിലെ പ്രയാസകരമായ ഘട്ടമാണിത്. എന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നു അതിനെ ഭംഗിയായി തന്നെ ഞാന്‍ കൈകാര്യം ചെയ്യും. ഒരു സമൂഹമെന്ന നിലയില്‍ സ്ഥിരീകരിക്കാത്ത ഗോസിപ്പുകളുടെ അടിസ്ഥാനത്തില്‍ ഒരാളെ വിലയിരുത്തുന്നതിനു മുന്‍പ് അതെക്കുറിച്ച് മനസിലാക്കാന്‍ പഠിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു'- പലാഷ് വ്യക്തമാക്കി.
നവംബര്‍ 23നായിരുന്നു സ്മൃതിയും പലാഷും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ സ്മൃതിയുടെ അച്ഛനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റി വച്ചെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വിവാഹം മാറ്റിയതിനു പിന്നാലെ അതുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി സമൂഹ മാധ്യമങ്ങളില്‍ നീക്കം ചെയ്തു.
പിന്നാലെ പലാഷിന്റെ മറ്റൊരു യുവതിയുമായുള്ള ബന്ധമാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ബോളിവുഡ് കോറിയോഗ്രാഫറുമായി പലാഷ് നടത്തിയെന്ന തരത്തിലുള്ള ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തു വന്നിരുന്നു. കോറിയോഗ്രാഫര്‍മാരായ മേരി ഡി കോസ്റ്റ്, നന്ദിക ദ്വിവേദി, ഗുല്‍നാസ് ഖാന്‍ എന്നിവരുമായി ചേര്‍ത്തും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇവരുമായി പലാഷിനുള്ള അടുപ്പമാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നും ആരോപണങ്ങള്‍ വന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates