

ലണ്ടൻ: ലോർഡ്സിലെ രണ്ടാം ടെസ്റ്റിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ 7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ച് പുതിയ താരങ്ങളെ ഉൾപ്പെടുത്തി മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ പാകിസ്ഥാന് ഒരു മാറ്റവുമില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ അവർ വെറും 133 റൺസിൽ ഓൾ ഔട്ടായി! കൂനിൻമേൽ കുരു എന്ന സ്ഥിതിയിലാണ് നിലവിൽ അവർ. പ്രതിസന്ധി കൂടുതൽ രൂക്ഷമായതൊഴിച്ചാൽ പ്രത്യേകിച്ച് മാറ്റമൊന്നും അവരുടെ മനോഭാവത്തിൽ സംഭവിച്ചില്ലെന്നു ഒന്നാം ഇന്നിങ്സ് ബാറ്റിങ് കണ്ടാൽ മനസിലാകും. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ട് നിലവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 23 റൺസ് ലീഡ്.
പ്ലെയിങ് ഇലവനിൽ 3 താരങ്ങൾക്ക് അരങ്ങേറ്റത്തിനു അവസരമൊരുക്കിയ പാകിസ്ഥാൻ സയിം അയൂബിനെ ടീമിലേക്ക് തിരികെ വിളിച്ചാണ് മൂന്നാം ടെസ്റ്റിന് ഇറങ്ങിയത്. പക്ഷേ ബാറ്റർമാർ ഒരിക്കൽ കൂടി ബാറ്റിങ് മറന്ന അവസ്ഥയിലാണെന്നു മാത്രം. മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. 43 റണ്‍സെടുത്ത സൗദ് ഷക്കീലാണ് ടോപ് സ്‌കോറര്‍. വാലറ്റത്ത് മുഹമ്മദ് അബ്ബാസ് 21 റണ്‍സെടുത്തു. 11 റണ്‍സെടുത്ത റസുല്ലയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. പാക് ഇന്നിങ്‌സിലെ മൂന്നാമത്തെ മികച്ച സ്‌കോര്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ നല്‍കിയ എകസ്ട്രാസാണ്. 20 റണ്‍സാണ് ഇത്തരത്തില്‍ അവര്‍ക്ക് കിട്ടിയത്.
ഒറ്റ സെഷനും രണ്ടാം സെഷനിലെ കുറച്ചു സമയവും മാത്രമേ ഇംഗ്ലീഷ് ബൗളർമാർക്ക് പന്തെറിയേണ്ടി വന്നുള്ളു. അപ്പോഴേക്കും പാകിസ്ഥാൻ ഏതാണ്ട് അവരുടെ കാര്യങ്ങൾ തീരുമാനത്തിലെത്തിച്ചിരുന്നു. 4 വിക്കറ്റെടുത്ത ജോഷ് ടോംഗാണ് ഇംഗ്ലണ്ട് നിരയില്‍ കൂടുതല്‍ വിക്കറ്റെടുത്തത്. ഒല്ലി റോബിന്‍സന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ 3 വീതം വിക്കറ്റുകളും പിഴുത് പണി അതിവേഗം തീര്‍ത്തു.
ഒരു ഘട്ടത്തിൽ 26 റൺസെടുക്കുന്നതിനിടെ പാകിസ്ഥാന്റെ 4 വിക്കറ്റുകൾ വീണു. ഈ പരമ്പരയിൽ അഞ്ചാം തവണയാണ് പാക് ഓപ്പണിങ് സഖ്യം ഒറ്റയക്കത്തിൽ അവസാനിക്കുന്നത്. ആദ്യ അഞ്ച് ബാറ്റർമാർ ചേർന്ന് പാക് ബോർഡിൽ ചേർത്തത് വെറും 24 റൺസ്! 2000ത്തിനു ശേഷം ഒരു ടെസ്റ്റ് ഇന്നിങ്സിൽ അവരുടെ മുൻനിര ബാറ്റർമാരുടെ ഏറ്റവും ദയനീയ ബാറ്റിങ് കൂടിയാണ് എഡ്ജ്ബാസ്റ്റണിൽ കണ്ടത്.
43 റൺസെടുത്ത സൗദ് ഷക്കീൽ ഒരറ്റത്ത് പൊരുതി നിന്നത് മാത്രമാണ് അവർക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. മറുഭാഗത്ത് ഒരാളും താരത്തെ പിന്തുണച്ചില്ല. ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്റെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മൂന്നാമത്തെ ടെസ്റ്റ് ഇന്നിങ്സ് കൂടിയാണ് എഡ്ജ്ബാസ്റ്റണിൽ കണ്ടത്.
പിച്ച് പേസ് ബൗളർമാരെ കൈയയച്ച് സഹായിച്ചതിനാൽ കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങിയത്. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് വേഗം (11) മടങ്ങിയെങ്കിലും സഹ ഓപ്പണര്‍ എമിലിയോ ഗേ മികച്ച പ്രതിരോധം തീര്‍ത്തു. താരം അര്‍ധ സെഞ്ച്വറി നേടി. 114 പന്തില്‍ 9 ഫോറുകള്‍ സഹിതം ഗേ 60 റണ്‍സെടുത്തു. പിന്നാലെ വന്ന ജോര്‍ദാന്‍ കോക്‌സ് (4), ക്യാപ്റ്റന്‍ ജോ റൂട്ട് (8) എന്നിവര്‍ക്കും തിളങ്ങാനായില്ല. എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്ക് അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു. ബ്രൂക്ക് നിലവില്‍ 52 റണ്‍സെടുത്തിട്ടുണ്ട്. ഒപ്പം ഡാന്‍ ലോറന്‍സാണ് (5) ബ്രൂക്കിനൊപ്പം ക്രീസിലുള്ളത്. നാലാം വിക്കറ്റില്‍ ഗേ- ബ്രൂക്ക് സഖ്യം 104 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates