

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഗാംഗുലിക്കും ഭാര്യയ്ക്കും കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി വധഭീഷണി കത്തുകളാണ് ലഭിക്കുന്നത്. സംഭവത്തിൽ ഗാംഗുലി പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഓഫീസിലേക്ക് രണ്ട് ഭീഷണി കത്തുകൾ കൂടി ലഭിച്ചു. പിന്നാലെ അദ്ദേഹം ദക്ഷിണ കൊൽക്കത്തയിലെ താക്കൂർപുകുർ പൊലീസ് സ്റ്റേഷനിലാണ് രേഖാമൂലം പരാതി നൽകിയത്. ഗാംഗുലിയുടെ മാനേജർ പറയുന്നതനുസരിച്ച് കഴിഞ്ഞ ആറ് മാസമായി നിരവധി വധഭീഷണി കത്തുകളാണ് തുടർച്ചയായി വരുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ ഇത് ഗൗരവമായി എടുത്തിരുന്നില്ല.
തിങ്കളാഴ്ച വന്ന കത്തിൽ ഗാംഗുലിയേയും ഭാര്യ ഡോണയേയും വധിക്കുമെന്നും ഏറ്റവും അടുത്ത ബന്ധുക്കളെ വെറുതെ വിടില്ലെന്നും ഭീഷണിയുണ്ട്. ഇതോടെയാണ് അദ്ദേഹം പരാതി നൽകിയത്.
പരാതി ഗൗരവമായി തന്നെ എടുത്തിട്ടുണ്ടെന്നു കൊൽക്കത്ത പൊലീസ് വ്യക്തമാക്കി. കത്തുകളുടെ ഉറവിടം, കൊറിയർ വിവരങ്ങൾ എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കൊറിയർ സർവീസ് നടത്തുന്നവരെ ചോദ്യം ചെയ്യുകയും ഒരു മൊബൈൽ നമ്പർ കണ്ടെത്തിയതായും പൊലീസ് പറയുന്നു. ഈ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
നോർത്ത് 24 പർഗാനസ് ജില്ലയിലെ ബെൽഘാരിയിൽ നിന്നുള്ള ഒരാളാണ് കൊറിയർ വഴി കത്തുകൾ അയച്ചത് എന്നു സൂചനകൾ കിട്ടിയിട്ടുണ്ട്. എല്ലാ കത്തുകളും അയച്ചത് ഒരേ വ്യക്തിയാണോ എന്നും ഇതിനു പിന്നിലെ യഥാർഥ കാരണം എന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates