

ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ ഒട്ടനവധി താരങ്ങളുണ്ട്. ചിലരുടെ ആക്ഷൻ കൗതുക കാഴ്ച കൂടിയാണ്. എന്നാൽ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു സ്പിന്നറുടെ ആക്ഷനാണ് ആരാധകരെ ഞെട്ടിച്ചത്. പോൾ ആഡംസ് അടക്കമുള്ള പഴയകാല സ്പിന്നർമാർ ഒരു നിമിഷം ചില ആരാധകരുടെ മനസിലേക്ക് എത്തുമെങ്കിലും അതുക്കും മേലെയുള്ള ആക്ഷനാണ് ഈ സ്പിന്നറുടേത്.
ഒരു ഡാൻസറെ പോലെ ആക്ഷൻ കാണിച്ച് ബൗളിങിനെത്തുന്ന താരം ബാറ്ററെ അടിമുടി ആശയക്കുഴപ്പത്തിലാക്കിയാണ് പന്തെറിയുന്നത്. ഇടം കൈയൻ സ്പിന്നറെ പോലെ റൺ അപ്പ് ചെയ്തു വന്നു ആക്ഷനു തൊട്ടുമുൻപ് പന്ത് വലതു കൈയിലേക്ക് മാറ്റിയാണ് ബൗളർ പന്ത് തൊടുത്തത്. ഇതോടെ ആശയക്കുഴപ്പത്തിലായ ബാറ്റർ ക്രീസിൽ നിന്നു ഇറങ്ങി ഷോട്ട് അടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്ത് താരം ഔട്ടായി.
വിഡിയോ അതിവേഗമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പിന്നാലെ രസകരമായ കമന്റുകളും വന്നു. എക്കാലത്തേയും മികച്ച ബൗളിങ് ആക്ഷൻ എന്നായിരുന്നു ഒരു കമന്റ്.
അച്ഛൻ അവനെ ഒരു ക്രിക്കറ്റ് താരമായി വളർത്തണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അമ്മയ്ക്ക് അവൻ നർത്തകനാകണം എന്നായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇത്തരത്തിൽ പന്തെറിയാൻ ആരംഭിച്ചത് എന്നായിരുന്നു മറ്റൊരു രസികന്റെ കമന്റ് വന്നത്. എവിടെ നടക്കുന്ന പോരാട്ടത്തിലാണ് ഈ ബൗളിങെന്നും ആരാണ് താരമെന്നും എന്നതു സംബന്ധിച്ചു നിലവിൽ വിവരങ്ങളൊന്നും വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates