

ചണ്ഡീഗഢ്: കത്തും ഫോമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മിന്നലടിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പവര്‍ പ്ലേയില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 105 റണ്‍സ്! ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ പവര്‍പ്ലേ സ്‌കോറാണിത്. അഭിഷേകും സഹ ഓപ്പണര്‍ ട്രാവിസ് ഹെഡും ചേര്‍ന്നാണ് തകര്‍പ്പന്‍ തുടക്കം ടീമിനു നല്‍കിയത്. ഇരുവരും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തുന്ന ഓപ്പണര്‍മാരെന്ന റെക്കോര്‍ഡിനൊപ്പവും സഖ്യമെത്തി. ഐപിഎല്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം അഭിഷേകും തന്റെ പേര് എഴുതി ചേര്‍ത്തു.
ഒന്നാം ഓവറില്‍ 9 റണ്‍സും രണ്ടാം ഓവറില്‍ 11 റണ്‍സും മൂന്നാം ഓവറില്‍ 24 റണ്‍സും നാലാം ഓവറില്‍ 16 റണ്‍സും അഞ്ചാം ഓവറില്‍ 24 റണ്‍സും ആറാം ഓവറില്‍ 21 റണ്‍സുമാണ് എസ്ആര്‍എച് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. വിജയകുമാര്‍ വൈശാഖിന്റെ അഞ്ചാം ഓവറില്‍ അഭിഷേക് 4 സിക്‌സുകളാണ് തൂക്കിയത്.
തുടക്കം മുതല്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ അതിവേഗം കുതിച്ചുയര്‍ന്നു. അഭിഷേക് 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിടിച്ച് പോരാട്ടം പഞ്ചാബ് ക്യാംപിലേക്ക് നയിച്ചു. അഭിഷേക് 28 പന്തില്‍ 8 സിക്‌സും 5 ഫോറും സഹിതം 74 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്. ട്രാവിസ് ഹെഡ് 23 പന്തില്‍ ഒരു സിക്‌സും 5 ഫോറും സഹിതം 38 റണ്‍സെടുത്തും പുറത്തായി.
ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനേയും ഇതേ ഓവറിന്റെ മൂന്നാം പന്തില്‍ അഭിഷേക് ശര്‍മയേയും പഞ്ചാബ് മടക്കിയെങ്കിലും 8.3 ഓവറില്‍ എസ്ആര്‍എച് അപ്പോഴേക്കും 122 റണ്‍സിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ വെറും 49 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 120 റണ്‍സ്. ശശാങ്ക് സിങാണ് ഒറ്റ ഓവറില്‍ ഇരുവരേയും മടക്കി ബാറ്റിങ് കൊടുങ്കാറ്റ് ശമിപ്പിച്ചത്.
റെക്കോര്‍ഡുകള്‍
ഐപിഎല്ലിലെ ഏറ്റവും മികച്ച മൂന്നാമത്തെ പവര്‍പ്ലേ സ്‌കോറാണ് ട്രാവിഷേക് സഖ്യം സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ ഓപ്പണര്‍മാര്‍ തന്നെയാണ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനത്തുമുള്ളത്. 2024ല്‍ എസ്ആര്‍എച് ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍- ഡേവിഡ് വാര്‍ണര്‍ സഖ്യം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ 125 റണ്‍സാണ് റെക്കോര്‍ഡില്‍ ഒന്നാമത്. ഇതേ സീസണില്‍ തന്നെ എസ്ആര്‍എചിന്റെ മറ്റൊരു ഓപ്പണിങ് സഖ്യമായ ജോണി ബെയര്‍സ്‌റ്റോ- ഡേവിഡ് വാര്‍ണര്‍ സഖ്യം നേടിയ 107 റണ്‍സാണ് രണ്ടാമത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയായിരുന്നു ഈ പ്രകടനം.
2017ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍മാരായ ക്രിസ് ലിന്‍- സുനില്‍ നരെയ്ന്‍ സഖ്യം 105 റണ്‍സ് നേടിയിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമാണ് ട്രാവിഷേക് സഖ്യവും എത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിലാണ് കെകെആര്‍ ഓപ്പണര്‍മാരുടെ നേട്ടം.
ഐപിഎല്‍ ചരിത്രത്തില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരങ്ങളുടെ എലീറ്റ് പട്ടികയില്‍ അഭിഷേക് തന്റെ പേര് എഴുതി ചേര്‍ത്തു. 7 സിക്‌സുകളാണ് താരം തൂക്കിയത്. സനത് ജയസൂര്യ, ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates