

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ശ്രീലങ്കൻ ടീമിൽ മാറ്റം. ആദ്യ ടെസ്റ്റിലെ വലിയ തോല്‍വിക്ക് പിന്നാലെയാണ് ടീം അഴിച്ചു പണിതത്. കൊളംബോയില്‍ നടക്കുന്ന നിര്‍ണായകമായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ രണ്ട് മാറ്റങ്ങളാണ് ശ്രീലങ്ക വരുത്തിയത്. പരമ്പര സമനിലയിലാക്കുക ലക്ഷ്യമിട്ട് പുതുമുഖ ബാറ്റര്‍ കാമില്‍ മിഷാര, ഓള്‍റൗണ്ടര്‍ സഹാന്‍ അരാച്ചികെ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഗാലെ ടെസ്റ്റില്‍ 165 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ഈ മാസം 23 മുതൽ 27 വരെ കൊളംബോയിലാണ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. ഈ പരമ്പര ജയിച്ചാലോ സമനിലയിൽ അവസാനിച്ചാലോ പരമ്പര ഇന്ത്യ സ്വന്തമാക്കും.
രമേശ് മെന്‍ഡിസിന് പകരം ടീമിലെത്തിയ അരാച്ചികെ ബാറ്റിങ് ആഴം കൂട്ടും ഉപ്പം ഓഫ് സ്പിന്നര്‍ കൂടിയാണ് താരം. ലങ്കന്‍ പ്രീമിയര്‍ ലീഗിലും ഇന്ത്യ എ ടീമിനെതിരെയുള്ള പരമ്പരയിലും സഹാന്‍ അരാച്ചികെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 4,365 റണ്‍സും 63 വിക്കറ്റുകളും അരാചികെയുടെ പേരിലുണ്ട്.
സമീപകാല മത്സരങ്ങളില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഇടം കൈയന്‍ ബാറ്ററാണ് കാമില്‍ മിഷാര. നിഷാന്‍ മദുഷ്‌കയ്ക്ക് പകരക്കാരനായി എത്തുന്ന മിഷാര, ലഹിരു ഉദാരയ്ക്കൊപ്പം ഓപ്പണിങ് ഇറങ്ങാനാണ് സാധ്യത. ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍മാരായ മാനവ് സുതറിനും രവീന്ദ്ര ജഡേജയ്ക്കുമുള്ള മറുപടിയായാണ് മിഷാരയുടെ വരവ്. ലങ്കൻ പ്രീമിയർ 10 കളിയിൽ നിന്നു 411 റൺസ് അടിച്ചെടുത്ത താരമാണ് കാമിൽ മിഷാര. ഏപ്രിലിൽ ന്യൂസിലൻഡിനെതിരെ നടന്ന ഫസ്റ്റ് ക്ലാസ് പോരാട്ടത്തിൽ 168 പന്തിൽ 174 റൺസെടുത്തും താരം ശ്രദ്ധേയനായിരുന്നു.
ആദ്യ ടെസ്റ്റിനിടയില്‍ കഴുത്തിന് പരിക്കേറ്റ വെറ്ററൻ താരം ദിനേശ് ചൻഡിമല്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല. കൂടാതെ കുശാല്‍ മെന്‍ഡിസ് (ഹാംസ്ട്രിങ് പരിക്ക്), പതും നിസ്സങ്ക (കൈവിരലിലെ ശസ്ത്രക്രിയ) എന്നിവരുടെയും സേവനം ലങ്കയ്ക്ക് നഷ്ടമാകും.
രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്ക ടീം: ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, കാമില്‍ മിഷാര, പസിന്ദു സൂര്യബന്ദര, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), സഹാന്‍ അരാച്ചികെ, സോനല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്‌വെല്ല, കേശര നുവന്ത, പ്രഭാത് ജയസൂര്യ, മിലന്‍ രത്നയാക്കെ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ, വിശ്വ ഫെര്‍ണാണ്ടോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates