

കൊളംബോ: ശ്രീലങ്ക ടെസ്റ്റ് ടീമിനെ ഇനി കുശാല്‍ മെന്‍ഡിസ് നയിക്കും. ധനഞ്ജയ ഡിസില്‍വ അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് കുശാലിനെ ക്യാപ്റ്റനായി നിയമിച്ചത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് കുശാല്‍ മെന്‍ഡിസ് നായക സ്ഥാനത്തെത്തുന്നത്.
31കാരനായ കുശാല്‍ മെന്‍ഡിസ് ശ്രീലങ്കന്‍ ബാറ്റിങിന്റെ നെടുതൂണുകളില്‍ ഒരാളാണ്. നേരത്തെ 21 ഏകദിനങ്ങളിലും 3 ടി20 മത്സരങ്ങളിലും അദ്ദേഹം ലങ്കയെ നയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക് താരം വരുന്നത്.
75 ടെസ്റ്റുകള്‍ ശ്രീലങ്കന്‍ ജേഴ്‌സിയില്‍ കളിച്ചതിന്റെ വലിയ അനുഭവ സമ്പത്തുള്ള താരമാണ് മെന്‍ഡിസ്. 4,836 റണ്‍സും താരം ടെസ്റ്റില്‍ നേടിയിട്ടുണ്ട്. 10 സെഞ്ച്വറികളും 23 അര്‍ധ സെഞ്ച്വറികളും ലോങ് ഫോര്‍മാറ്റില്‍ താരത്തിനുണ്ട്.
പുതിയ തലമുറയിലേക്ക് നായകസ്ഥാനം കൈമാറാനുള്ള സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് 35 കാരനായ താരം വ്യാഴാഴ്ച അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെങ്കിലും ഒരു കളിക്കാരന്‍ എന്ന നിലയില്‍ ടീമില്‍ തുടര്‍ന്നും ലഭ്യമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിക്ക് അയച്ച കത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.
2024 ജനുവരിയില്‍ ദിമുത് കരുണരത്‌നയില്‍ നിന്നാണ് ധനഞ്ജയ ഡിസില്‍വ ശ്രീലങ്കന്‍ ടെസ്റ്റ് ടീമിന്റെ നായകത്വം ഏറ്റെടുത്തത്. തുടര്‍ന്ന് 18 ടെസ്റ്റ് മത്സരങ്ങളില്‍ ശ്രീലങ്കയെ നയിച്ച ഡിസില്‍വയ്ക്ക് കീഴില്‍ ഏഴ് മത്സരങ്ങളില്‍ ടീം വിജയം സ്വന്തമാക്കി. നായകനായിരുന്ന കാലയളവില്‍ 36.45 ശരാശരിയോടെ 1,130 റണ്‍സും ഒന്‍പത് വിക്കറ്റുകളും അദ്ദേഹം നേടി. കരിയറിലാകെ 69 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരം 13 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 4,400ലധികം റണ്‍സ് നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates