ഗോൾ നേട്ടമാഘോഷിക്കുന്ന ജെയിംസ് വാർ‍ഡ് പ്രൗസ്
ഗോൾ നേട്ടമാഘോഷിക്കുന്ന ജെയിംസ് വാർ‍ഡ് പ്രൗസ്

കഷ്ടം തന്നെ ചെൽസി... കഷ്ടം തന്നെ! ലീ​ഗിലെ അവസാന സ്ഥാനക്കാരോടും ദയനീയ തോൽവി

തുടക്കം മുതൽ ഒടുക്കം വരെ വൻ ആക്രമണം അഴിച്ചുവിട്ടിട്ടും സതാംപ്ടൻ പ്രതിരോധത്തെ മറികടക്കാൻ ചെൽസിക്ക് സാധിച്ചില്ല
Published on

ലണ്ടൻ: ചെൽസിയുടെ കഷ്ടകാലത്തിന് ഒരു അറുതിയും ഇല്ല. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ സതാംപ്ടനോടും അവർ തോൽവി വഴങ്ങി. അതും സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് സതാംപ്ടൻ ചെൽസിയെ ഞെട്ടിച്ചത്. 

തുടക്കം മുതൽ ഒടുക്കം വരെ വൻ ആക്രമണം അഴിച്ചുവിട്ടിട്ടും സതാംപ്ടൻ പ്രതിരോധത്തെ മറികടക്കാൻ ചെൽസിക്ക് സാധിച്ചില്ല. പന്തടക്കവും പാസിങുമൊക്കെ മൃ​ഗീയ ഭൂരിപക്ഷത്തിൽ അവർക്കൊപ്പം തന്നെയായിരുന്നെങ്കിലും കിട്ടിയ അവസരം മുതലാക്കി സതാംപ്ടൻ വലയിൽ പന്തിട്ടതോടെ ചെൽസി സ്വന്തം തട്ടകത്തിലും സ്തബധം. ഈ തോൽവി പരിശീലകൻ ​ഗ്രാം പോട്ടറിന്റെ കസേരയുടെ അവസാന ആണിയും ഇളക്കുന്ന മട്ടിലായി. 

ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ജെയിംസ് വാർ‍ഡ് പ്രൗസാണ് സതാംപ്ടന് ജീവ ശ്വാസം നൽകുന്ന വിജയം സമ്മാനിച്ച ​ഗോൾ വലയിലാക്കിയത്. ഫ്രീ കിക്കിൽ നിന്നായിരുന്നു താരത്തിന്റെ ​ഗോൾ. 

അവസാന അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം പോലും ചെൽസി ജയിച്ചിട്ടില്ല. അവസാന പത്തിൽ ഒരു മത്സരം മാത്രം ജയിച്ച ചെൽസി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കോടികൾ ചെലവഴിച്ചിട്ടും ഫലം കണ്ടെത്താത്തെ കഷ്ടപ്പെടുകയാണ്. പരിശീലകനായി ചുമതലയേറ്റതിനു ശേഷം ക്ലബിന്റെ ലീ​ഗിലെ ​ഗതി പരിതാപകരമായി തുടരുന്ന സാഹചര്യത്തിൽ ​ഗ്രഹാം പോട്ടറും സമ്മർദ്ദത്തിലായി.  

31 പോയിന്റുമായി ചെൽസി പത്താം സ്ഥാനത്താണ്. 18 പോയിന്റുമായി ഇപ്പോഴും അവസാന സ്ഥാനത്താണ് സതാംപ്ടൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com