ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസനെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്‌കർ. തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ഫുട്‌വർക്കിലെ പിഴവാണ്. ഇത് പരിഹരിക്കാൻ സഞ്ജുവിന് കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
“ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് മനസിലായത് സഞ്ജുവിന്റെ ഫുട്‌വർക്കിലെ പോരായ്മായാണ്. കാൽ വേണ്ട രീതിയിൽ ഉപയോഗിക്കാതെയാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് മാറി മൂന്നു സ്റ്റമ്പുകളും തുറന്നുകാട്ടിയുള്ള നിൽപ്പ് തന്നെയാണ് പ്രധാന പ്രശ്‌നം'' സുനിൽ ഗാവസ്‌കർ പറഞ്ഞു.
മൂന്ന് സ്റ്റമ്പുകളും കാണാൻ കഴിയുന്നത് ബൗളർമാർക്ക് കൂടുതൽ പ്രയോജനം ചെയ്യും. അവർ നല്ല രീതിയിൽ ബൗൾ ചെയ്താൽ സ്റ്റമ്പുകൾ തെറിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലൻഡിനെതിരായ നാലാം ടി20യിൽ 15 പന്തിൽ 24 റൺസെടുത്ത് സാംസൺ പുറത്തായതിന് പിന്നാലെയാണ് ഗാവസ്‌കറുടെ പ്രതികരണം. മത്സരത്തിൽ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും വിക്കറ്റ് അതിവേഗം നഷ്ടമായതോടെ സഞ്ജുവിന് മികച്ച അവസരമാണ് ലഭിച്ചത്.
മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും നേടി പ്രതീക്ഷ നൽകുന്ന പ്രകടനവും താരം കാഴ്ചവച്ചു. എന്നാൽ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നറുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങുക ആയിരുന്നു.
ഈ പരമ്പരയിലെ സഞ്ജുവിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഈ മത്സരത്തിൽ നേടിയ 24 റൺസ്. ആദ്യ മൂന്ന് മത്സരങ്ങളിൽ 10, 6, 0 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ടൂർണമെന്റിലെ അവസാന മത്സരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സഞ്ജുവിന്റെ ഹോം ഗ്രൗണ്ട് ആയ ഇവിടെ താരത്തിന് തിളങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates