

ധാക്ക: ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന കടുംപിടുത്തവുമായി നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് വീണ്ടും കത്തയച്ചു. ഇന്ത്യയിലെ ബംഗ്ലാദേശിന്റെ മത്സര വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസിയുടെ സ്വതന്ത്ര തര്‍ക്ക പരിഹാര സമിതിയ്ക്കു (ഡിആര്‍സി) വിടണമെന്നാണ് പുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ് ടീമിന്റെ ടി20 ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച ഏറ്റവും പുതിയ മാധ്യമ റിപ്പോര്‍ട്ടുകളിലാണ് കത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.
സ്വതന്ത്ര അഭിഭാഷകര്‍ ഉള്‍പ്പെടുന്നതാണ് ഐസിസിയുടെ തകര്‍ക്ക പരിഹാര സമിതി. തങ്ങളുടെ പുതിയ അഭ്യര്‍ഥനയ്ക്കു ഐസിസി മറുപടി നല്‍കുമെന്ന പ്രതീക്ഷയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്. വേദി മാറ്റത്തിനുള്ള ആവശ്യം ഐസിസി ഡിആര്‍സിക്കു വിടുമെന്നും അവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. ബംഗ്ലാദേശിനു ലോകകപ്പ് കളിക്കണം. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി അത് ഇന്ത്യയിലെ വേദിയില്‍ സാധിക്കില്ല. പകരം ശ്രീലങ്കയില്‍ മത്സരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യമാണ് അവര്‍ നിരന്തരം മുന്നോട്ടു വയ്ക്കുന്നത്.
ഐസിസി തര്‍ക്കപരിഹാര സമിതി
അന്താരാഷ്ട്ര ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സ്വതന്ത്ര സമിതിയാണിത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ബോര്‍ഡുകള്‍ക്കോ മറ്റും പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു സമിതിയെ സമീപിക്കാം. ഐസിസി, അംഗങ്ങളായ ക്രിക്കറ്റ് ബോര്‍ഡുകള്‍, താരങ്ങള്‍, ക്രിക്കറ്റ് ഭരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് കക്ഷികള്‍ എന്നിവര്‍ക്കെല്ലാം സമിതിയില്‍ പരാതികള്‍ നല്‍കാം.
ഇംഗ്ലീഷ് നിയമമനുസരിച്ചാണ് സമിതിയുടെ നിലവിലെ പ്രവര്‍ത്തനം. ഡിആര്‍സിയുടെ നടപടികള്‍ ലണ്ടനിലാണ് നടക്കുന്നത്. തര്‍ക്കങ്ങള്‍ ഡിആര്‍സി ആദ്യം പരിശോധിക്കും. പിന്നീട് സ്വതന്ത്ര പാനലുകള്‍ വഴി രഹസ്യ മധ്യസ്ഥത നടത്തും. ഐസിസിയുടെ തീരുമാനങ്ങളുടേയും ചട്ടങ്ങളുടേയും കരാറുകളുടേയും നിയമസാധുതകളും മറ്റും വിലയിരുത്തുകയാണ് സമിതി ചെയ്യുന്നത്. അതേസമയം അപ്പീല്‍ ഫോറമായി സമിതി പ്രവര്‍ത്തിക്കുന്നില്ല. ഡിആര്‍സി വിധികള്‍ അന്തിമമായിരിക്കും. അതിനു മുകളിലൊരു അപ്പീല്‍ പരിമിതമായ ചില സമയങ്ങളില്‍ മാത്രമേ സാധ്യമാകു.
ഇന്ത്യയില്‍ സുരക്ഷയില്ലെന്നു ആരോപിച്ചാണ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്നു ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി രണ്ട് തവണ ബംഗ്ലാദേശ് ഐസിസിക്ക് കത്തുമയച്ചു. എന്നാല്‍ രണ്ട് തവണയും ഐസിസി നിര്‍ദ്ദേശം തള്ളി. ഇന്ത്യയില്‍ തന്നെ കളിക്കണമെന്നു അവരെ അറിയിച്ചു. എന്നാല്‍ ബംഗ്ലാദേശ് തീരുമാനം മാറ്റാന്‍ തയ്യാറായില്ല. വിഷയത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കണമെന്നു ഐസിസി പിന്നീട് അന്ത്യശാസനം നല്‍കി. പിന്നാലെ ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ താരങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്തി. പിന്നാലെ ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നു വ്യക്തമാക്കി. ഇതോടെ ബംഗ്ലാദേശിനു പകരം സ്‌കോട്‌ലന്‍ഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിക്കുകയും ചെയ്തു.
എന്ത് വരുമാന നഷ്ടമുണ്ടായാലും അഭിമാനമാണ് വലുതെന്നു പറഞ്ഞാണ് കായിക ഉപദേഷ്ടാവ് കളിക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ചത്. സുരക്ഷയുടെ കാര്യത്തിലാണ് ആശങ്ക. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു ഉറപ്പും തങ്ങള്‍ക്കു കിട്ടിയിട്ടില്ല. മസ്തഫിസുറിനെ ഐപിഎല്ലില്‍ നിന്നു ഒഴിവാക്കിയതില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ താരങ്ങള്‍, ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പും കിട്ടിയിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തില്ലെന്ന തങ്ങളുടെ മുന്‍ നിലപാട് മാറ്റേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ ഐസിസി ബംഗ്ലാദേശിനു വേണ്ടി ശബ്ദം പോലും ഉയര്‍ത്തിയിട്ടില്ലെന്നും ആസിഫ് നസ്‌റുല്‍ ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates