തിലക് 'ബാലൻസ്', വരുൺ 'വജ്രായുധം'! ഇന്ത്യ ഇറങ്ങുന്നു, ലോക കിരീം നിലനിർത്താൻ

ഇന്ത്യ- യുഎസ്എ പോരാട്ടം ഇന്ന് വൈകീട്ട് ഏഴ് മുതൽ. മത്സരം ലൈവ് കാണാം ഹോട്സ്റ്റാറിൽ
Tilak Verma, Suryakumar Yadav, Varun Chakravarthy in training
തിലക് വർമ, സൂര്യകുമാർ യാദവ്, വരുൺ ചക്രവർത്തി t20 world cupx
Updated on
2 min read

മുംബൈ: ടി20 ലോക കിരീടം നിലനിർത്താനും മൂന്നാം കിരീടം സ്വന്തമാക്കി റെക്കോർഡ് നേട്ടമിടാനും ഇന്ത്യയുടെ യാത്ര ഇന്നാരംഭിക്കുന്നു. ടി20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെ. നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ‌ ടി20 ടീം ഇന്ത്യയാണ്. ടി20യിലെ ഒന്നാം റാങ്കിലുള്ള ബാറ്ററും ഒന്നാം റാങ്കിലുള്ള ബൗളറും ഇന്ത്യൻ താരങ്ങൾ തന്നെ. അഭിഷേക് ശർമയും വരുൺ ചക്രവർത്തിയുമാണ് ടി20 റാങ്കിങിൽ ഒന്നാമത് നിൽക്കുന്ന ഇന്ത്യൻ താരങ്ങൾ. സ്വന്തം മണ്ണിലാണ് മത്സരമെന്നതും മറ്റൊരു അ‍ഡ്വാൻഡേജ് കൂടി ഇന്ത്യക്കു നൽകുന്നു. സഹ ആതിഥേയരായി ശ്രീലങ്കയുണ്ടെങ്കിലും ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരം നടന്നാൽ മാത്രമേ ഇന്ത്യക്ക് ആ മണ്ണിൽ കളിക്കേണ്ടതുള്ളു.

ആ​ദ്യ മത്സരത്തിൽ യുഎസ്എയാണ് ഇന്ത്യയുടെ എതിരാളി. ആ ടീമിലും ഇന്ത്യൻ വംശജരായ താരങ്ങൾ നിരവധിയുണ്ട്. മോനങ്ക് പട്ടേലാണ് അവരുടെ ക്യാപ്റ്റൻ. ആഭ്യന്തര ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളായ ജസ്പ്രിത് ബുംറ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം ​ഗുജറാത്തിനായി കളിച്ച താരമാണ് മോനങ്ക്. മത്സരത്തിൽ ഇന്ത്യക്കു തന്നെയാണ് സാധ്യത. എങ്കിലും ക്രിക്കറ്റയാതിനാലും ടി20 പോരാട്ടമെന്ന നിലയിലും യുഎസ്എയെ അങ്ങനെ എഴുതി തള്ളാനുമാകില്ല.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ- യുഎസ്എ പോരാട്ടം. ഇന്ന് വൈകീട്ട് ഏഴ് മുതലാണ് മത്സരം. ടോസ് നേടുന്ന ടീം ഇന്ന് ആദ്യം പന്തെറിയാനായിരിക്കും തീരുമാനിക്കുക. രണ്ടാമത് പന്തെറിയുന്ന ടീമിന് സാഹചര്യങ്ങൾ പ്രതികൂലമാകാൻ സാധ്യതയുണ്ട്. രാത്രിയിലെ മഞ്ഞ് വീഴ്ചയടക്കമുള്ള പ്രശ്നങ്ങൾ പിച്ചിനെ ബാധിക്കുമെന്നതിനാൽ പ്രത്യേകിച്ചും. ബാറ്റർമാർക്ക് കൂടുതൽ സഹായം കിട്ടുന്ന പിച്ചാണ് വാംഖഡെയിലേത്.

Tilak Verma, Suryakumar Yadav, Varun Chakravarthy in training
ഇന്ത്യ കളിക്കാനിറങ്ങും പാകിസ്ഥാനോ?; ടി20 ലോകകപ്പ് മത്സരക്രമം, സമയം അറിയാം

ഇന്ത്യൻ ബാറ്റിങ് നിര അതിശക്തമാണ്. മുൻനിര താരങ്ങളെല്ലാം കൃത്യ സമയത്ത് ഫോമിലേക്ക് എത്തിയതും ആത്മവിശ്വാസം വാനോളം ഉയർത്താൻ പര്യാപ്തമാണ്. മലയാളി താരം സഞ്ജു സാംസണിന് അന്തിമ ഇലവനിൽ സ്ഥാനമുണ്ടാകാൻ സാധ്യതയില്ല. താരത്തിന്റെ സമീപ കാലത്തെ മോശം ഫോമാണ് തിരിച്ചടിയായത്. ബാക്ക് അപ്പ് കീപ്പറായി ടീമിലെത്തിയ ഇഷാൻ കിഷൻ സന്നാഹ മത്സരത്തിലടക്കം ഓപ്പണിങിൽ വെട്ടിത്തിളങ്ങിയതും സഞ്ജുവിന്റെ വഴിയടച്ചു.

അഭിഷേക് ശർമയും ഇഷാൻ കിഷനുമായിരിക്കും ഇന്ന് ഓപ്പൺ ചെയ്യുക. മൂന്നാമനായി തിലക് വർമ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കു മാറി സന്നാഹ മത്സരത്തിൽ മികച്ച രീതിയിൽ കളിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയാണ് തിലക് വരുന്നത്. നാലാം സ്ഥാനത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കളത്തിലെത്തും. അഞ്ചാം സ്ഥാനത്ത് ഹർദിക് പാണ്ഡ്യയും ആറാമനായി ശിവം ദുബെയും ബാറ്റിങിനായി എത്തും. ഏഴ്, എട്ട് സ്ഥാനങ്ങളിൽ റിങ്കു സിങും അക്ഷർ പട്ടേലും ബാറ്റിങിനെത്തും.

ബൗളിങിൽ സ്പെഷലിസ്റ്റ് പേസർമാരായി ജസ്പ്രിത് ബുംറയും അർഷ്ദീപ് സിങും കളിക്കും. ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയായിരിക്കും ഇറങ്ങുക. ഹർദിക്, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരും ബൗളിങ് വിഭാ​ഗം കൈകാര്യം ചെയ്യുമെന്നതിനാൽ ഇലവൻ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഈ ഇലവനിൽ മാറ്റം വരാൻ സാധ്യത കുറവാണ്.

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്ന തിലക് വർമ തന്നെയാണ്. വേണ്ട സമയത്ത് വേണ്ട രീതിയിൽ ബാറ്റ് വീശാൻ കെൽപ്പുള്ള താരമാണ് തിലക്. ടീമിന്റെ ബാലൻസ് കൃത്യമായി കാക്കുന്നതും തിലകിന്റെ സാന്നിധ്യമാണെന്നു പറയാം. സ്ട്രൈക്ക് കൈമാറി ബാറ്റ് ചെയ്യാനും കൂറ്റൻ സ്കോറുകൾ നേടേണ്ട ഘട്ടങ്ങളിൽ അതു ചെയ്യാനും ധൈര്യം കാണിക്കുന്ന താരം കൂടിയാണ് തിലക്.

Tilak Verma, Suryakumar Yadav, Varun Chakravarthy in training
ആദ്യ മത്സരത്തില്‍ ഇഷാന്‍ തന്നെ ഓപ്പണര്‍, സഞ്ജു ബഞ്ചില്‍? ക്യാപ്റ്റന്റെ സൂചന

വരുൺ ചക്രവർത്തിയാണ് ഇന്ത്യയുടെ മറ്റൊരു തുരപ്പുചീട്ട്. എതിർ ടീം തച്ചു തകർത്ത് മുന്നേറുന്ന ഘട്ടത്തിൽ അവരുടെ മുന്നേറ്റത്തെ തടയാനും വിക്കറ്റ് വീഴ്ത്താനും വരുൺ പ്രത്യേക വിരുത് പ്രദർശിപ്പിക്കാറുണ്ട്. താരത്തിന്റെ ബൗളിങിലെ വൈവിധ്യങ്ങൾ എതിർ ബാറ്റർമാർക്കുണ്ടാക്കുന്ന അലോസരം ചില്ലറയല്ല. ആറ് പന്തുകൾ ആറ് വ്യത്യസ്ത രീതിയിൽ സ്പിൻ ചെയ്ത് എറിയാനുള്ള മികവും വരുണിനെ വ്യത്യസ്തനാക്കുന്നു.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്.

ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ

ഫെബ്രുവരി 12: ഇന്ത്യ- നമീബിയ, വൈകീട്ട് 7.00 മുതല്‍

ഫെബ്രുവരി 15: ഇന്ത്യ- പാകിസ്ഥാന്‍, വൈകീട്ട് 7.00 മുതല്‍

ഫെബ്രുവരി 18: ഇന്ത്യ- നെതര്‍ലന്‍ഡ്‌സ്, വൈകീട്ട് 7.00 മുതല്‍

2024ൽ തുടങ്ങിയ ഒരു അപൂർവ യാത്രയുടെ തുടർച്ചയാണ് ഇതെന്നു വിശേഷിപ്പിക്കാം. 2024ൽ ഇന്ത്യ ടി20 ലോകകപ്പ് ഉയർത്തി. 2025ൽ ചരിത്രത്തിലാദ്യമായി വനിതാ ടീം ഏകദിന ലോകകപ്പ് സ്വന്തമാക്കി. 2026ൽ ഇന്ത്യയുടെ അണ്ടർ 19 ടീം ഏകദിന ലോക കിരീടം ആറാം തവണയും പിടിച്ചെടുത്തു. അടുത്തത് സൂര്യ കുമാർ യാദവിന്റേയും സംഘത്തിന്റേയും ഊഴമാണ്. ഇത്തവണത്തെ ടി20 ലോക കിരീടം ഉയർത്തി ഇന്ത്യ ഈ യാത്ര കൂടുതൽ സവിശേഷമാക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. ​ഗുഡ് ലക്ക് ടീം ഇന്ത്യ.

Summary

India vs USA t20 world cup Match team india playing 11 prediction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com