

കൊളംബോ: ടി20 ലോകകപ്പില്‍ അനായാസ വിജയത്തോടെ തുടക്കമിട്ട് സിംബാബ്‌വെ. ആദ്യ പോരാട്ടത്തില്‍ അവര്‍ ഒമാനെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തി. ഒമാന്‍ ഉയര്‍ത്തിയ 104 റണ്‍സ് വിജയ ലക്ഷ്യം സിംബാബ്‌വെ വെറും 13.3 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്താണ് സിംബാബ്‌വെ ജയിച്ചു കയറിയത്.
ടോസ് നേടി സിംബാബ്‌വെ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ ഒമാന്‍ 19.5 ഓവറില്‍ 103 റണ്‍സിനു ഓള്‍ ഔട്ടായി.
36 പന്തില്‍ 7 ഫോറുകള്‍ സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ബ്രിയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. വെറ്ററന്‍ താരം ബ്രണ്ടന്‍ ടെയ്‌ലര്‍ 30 പന്തില്‍ 31 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 5 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ ഒമാന്‍ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ഒരു ഘട്ടത്തില്‍ അവര്‍ 100 എത്തില്ലെന്നു തോന്നിച്ചു. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 5 മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. പിന്നീട് മധ്യനിരയും വാലറ്റവും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്.
21 പന്തില്‍ 28 റണ്‍സെടുത്ത വിനായക് ശുക്ലയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. സുഫിയാന്‍ മെഹ്മൂദ് 25 റണ്‍സെടുത്തു. വാലറ്റത്ത് നദീം ഖാന്‍ 20 റണ്‍സും സ്വന്തമാക്കി. ഒമാന്‍ ഇന്നിങ്‌സില്‍ സിക്‌സടിച്ച ഏക ബാറ്ററും നദീമാണ്. ഈ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ റിച്ചാര്‍ഡ് നഗരവ, ബ്ലസിങ് മുസര്‍ബാനി, ബ്രാഡ് ഇവാന്‍സ് എന്നിവരുടെ ബൗളിങാണ് ഒമാനെ തകര്‍ത്തത്. നഗരവ നാലോവറില്‍ 17 റണ്‍സും മുസര്‍ബാനി 16 റണ്‍സും മാത്രമാണ് വിട്ടുകൊടുത്തത്. ഇവാന്‍ 3.5 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി. ഒരു വിക്കറ്റ് ക്യാപ്റ്റന്‍ സികന്ദര്‍ റാസയ്ക്കാണ്. താരവും 4 ഓവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates