പത്ത് ഏക്കര്‍ വിസ്തൃതി, 56 കോടി ചെലവ്; കൊല്ലവും കായിക ഭൂപടത്തിലേക്ക്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു
KOLLAM STADIUM
കൊല്ലത്ത് പണിയാൻ പോകുന്ന സ്റ്റേഡിയത്തിന്റെ രൂപരേഖ
Updated on
1 min read

കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്.

56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഈ മാസം 25 ന് രാവിലെ 11ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വ്വഹിക്കും. മന്ത്രി ജെ ചിഞ്ചു റാണി, കൊടിക്കുന്നില്‍ സുരേഷ് എംപി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ആദ്യഘട്ടത്തില്‍ 21 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കെസിഎ ആദ്യമായി നിര്‍മ്മിക്കുന്ന ഗ്രീന്‍ റേറ്റിങ് ഫോര്‍ ഇന്‍ഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റ് (GRIHA) അംഗീകൃത സ്റ്റേഡിയം കൂടിയാണ് എഴുകോണിലേത്. 2026 അവസാനത്തോടെ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും. കൊല്ലം ജില്ലയിലെ കായിക ഭൂപടത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സ്റ്റേഡിയം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഭാവിയില്‍ വേദിയാകും. 2015-16 കാലയളവില്‍ കെസിഎ ഏറ്റെടുത്ത സ്ഥലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയാണ്.

അഭ്യന്തര മത്സരങ്ങള്‍ നടത്താനുള്ള 150 മീറ്റര്‍ വ്യാസമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, കളിക്കാരുടെ ഡ്രസ്സിംഗ് റൂം ഉള്‍പ്പെടുന്ന ആധുനിക പവലിയന്‍, ഓപ്പണ്‍ എയര്‍ ആംഫി തീയേറ്റര്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗാലറി, മികച്ച സൗകര്യങ്ങളുള്ള ഓഫീസ് ബ്ലോക്ക്, ഔട്ട് ഡോര്‍ നെറ്റ് പ്രാക്ടീസ് സൗകര്യം, ഏത് കാലാവസ്ഥയിലും പരിശീലനം നടത്താവുന്ന ഇന്‍ഡോര്‍ പ്രാക്ടീസ് സംവിധാനം, മറ്റ് കായികയിനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, അത്യാധുനിക ജിംനേഷ്യം, വിശാലമായ കാര്‍ പാര്‍ക്കിങ് എന്നി സൗകര്യങ്ങള്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരിക്കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു.

കെസിഎയുടെ പരിസ്ഥിതി സൗഹൃദ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തില്‍ മഴവെള്ള സംഭരണിയും ഒരുക്കും. കൂടാതെ, സ്റ്റേഡിയത്തിന് സമീപത്തുള്ള നീര്‍ചാലുകളുടെയും ചുറ്റുമുള്ള മരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയുള്ളതാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ രീതി. കേരളത്തിന്റെ കായികരംഗം മികവുറ്റതാക്കുന്നതിനും സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനും കെസിഎ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഉത്തമ ഉദാഹരണമാണ് എഴുകോണിലെ സ്റ്റേഡിയമെന്നും കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. ഈ പദ്ധതിയിലൂടെ ജില്ലയിലെ കായിക മേഖലയുടെ ദീര്‍ഘകാല ആവശ്യം നിറവേറ്റുക മാത്രമല്ല, പരിസ്ഥിതി സംരക്ഷണവും കെസിഎ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com