

അഹമ്മദാബാദ്: ഐപിഎല്ലിലെ ജേതാക്കളെ ഇന്നറിയാം. കിരീടം തേടി മഹേന്ദ്ര സിങ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് ഫൈനല്‍.
കഴിഞ്ഞ തവണ ആദ്യ സീസണില്‍ തന്നെ കിരീടം ചൂടിയ ഗുജറാത്ത് ടൈറ്റന്‍സ്, കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്. മികച്ച പ്രകടനത്തോടെ ഇത്തവണ ഒന്നാം സ്ഥാനക്കാരായാണ് ഗുജറാത്ത് പ്ലേ ഓഫില്‍ കടന്നത്. എന്നാല്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈയോട് പരാജയപ്പെട്ടു. തുടര്‍ന്ന് രണ്ടാം ക്വാളിഫയറില്‍ മുംബൈയെ തകര്‍ത്താണ് ഗുജറാത്ത് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
കഴിഞ്ഞ കളിയിലെ തോല്‍വിക്ക് പ്രതികാരം വീട്ടുക എന്ന ലക്ഷ്യം കൂടി ഹാര്‍ദിക് പാണ്ഡ്യക്കും കൂട്ടര്‍ക്കുമുണ്ട്. ഈ സീസണിന്റെ ഉദ്ഘാടന മത്സരത്തിലും ഗുജറാത്തും ചെന്നൈയുമാണ് ഏറ്റുമുട്ടിയത്. ഒരു സീസണില്‍ ആദ്യമത്സരത്തിലും ഫൈനലിലും ഒരേ ടീമുകള്‍ തന്നെ ഏറ്റുമുട്ടുന്നതും ഇതാദ്യമായാണ്.
സ്റ്റാര്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിന്റെ അപാര ഫോമാണ് ഗുജറാത്തിന്റെ കരുത്ത്. ഈ സീസണില്‍ മൂന്ന് സെഞ്ച്വറി അടക്കം 851 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്. റണ്‍നേട്ടത്തിനുള്ള ഓറഞ്ച് ക്യാപ്പ് ഗില്‍ ഏതാണ്ട് ഉറപ്പിച്ചു. റണ്‍വേട്ടക്കാരില്‍ ചെന്നൈയുടെ ഡെവണ്‍ കോണ്‍വെയാണ് രണ്ടാം സ്ഥാനത്ത്. 625 റണ്‍സാണ് കോണ്‍വെക്കുള്ളത്.
വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാട്ടിയ, റാഷിദ് ഖാന്‍ എന്നിവരുടെ മികവും ബാറ്റിങ്ങിന് ആഴം വര്‍ധിപ്പിക്കുന്നു. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, ജോഷ് ലിറ്റില്‍ എന്നിവരടങ്ങിയ ബൗളിങ് നിരയും സന്തുലിതമാണ്.
അഞ്ചാം കിരീടം തേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ചെന്നൈ ക്യാപ്റ്റന്‍ ധോനിയുടെ 11-ാം ഐപിഎല്‍ ഫൈനലാണിത്. 10 തവണയാണ് ധോനിക്ക് കീഴില്‍ ചെന്നൈ ഫൈനല്‍ കളിക്കുന്നത്. കിരീടം നേടിയാല്‍ ധോനിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും അഭ്യൂഹമുണ്ട്.
ഡെവണ്‍ കോണ്‍വെയും ഋതുരാജ് ഗെയ്ക് വാദും ചേര്‍ന്ന ഓപ്പണിങ്ങ് ആണ് ചെന്നൈയുടെ കരുത്ത്. ഈ സീസണിലെ ഏറ്റവും ശക്തമായ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇവരുടേത്. അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡി, രവീന്ദ്ര ജഡേജ, ധോനി എന്നിവരുടെ ബാറ്റിങ് മികവും ചെന്നൈയ്ക്ക് കരുത്തു പകരുന്നു. ദീപക് ചാഹര്‍, മോയിന്‍ അലി, രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരണ, മഹീഷ് തീക്ഷണ തുടങ്ങിയവര്‍ ബൗളിങ് വിഭാഗത്തെ നയിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates