അവസാന പന്തിൽ സിക്സ്! കാലിക്കറ്റിനെതിരെ തൃശൂരിന് 'ത്രില്ലർ' ജയം

ക്യാപ്റ്റൻ അഖിലിന്റെ അർധ സെഞ്ച്വറിയും അവസാന പന്തിൽ സിക്സർ പറത്തിയ എകെ അ‍ർജുനുമാണ് തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്
Thrissur Titans
Thrissur Titans
Updated on
2 min read

തിരുവനന്തപുരം: അവസാന പന്ത് വരെ ജയ സാധ്യതകൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ്. ക്യാപ്റ്റൻ അഖിലിന്റെ അർധ സെഞ്ച്വറിയും അവസാന പന്തിൽ സിക്സർ പറത്തിയ എകെ അ‍ർജുനുമാണ് തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. വിജയത്തോടെ കാലിക്കറ്റിനെ മറികടന്ന് തൃശൂർ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. തൃശൂരിൻ്റെ എംഎസ് അഖിലാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്.

കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് - 20 ഓവറിൽ 146/5, തൃശൂ‍ർ ടൈറ്റൻസ് - 20 ഓവറിൽ 149/6

ടോസ് നേടിയ തൃശൂർ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിലെ അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് പന്തെറിഞ്ഞ തൃശൂരിൻ്റെ ബൗളർമാർ കാലിക്കറ്റിന്റെ സ്കോറിങ് ദുഷ്കരമാക്കി. ശരത്ചന്ദ്ര പ്രസാദായിരുന്നു തൃശൂർ ബൗളിങ് നിരയിൽ മികച്ചു നിന്നത്. പവർപ്ലേയിലെ മൂന്ന് ഓവറുകളിൽ വെറും എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ശരത് തുടക്കത്തിൽ തന്നെ തൃശൂരിന് മുൻതൂക്കം നൽകി. അഞ്ച് റൺസെടുത്ത വരുൺ നായനാരുടെ വിക്കറ്റാണ് കാലിക്കറ്റിന് ആദ്യം നഷ്ടമായത്. ശരത്ചന്ദ്ര പ്രസാദിന്റെ പന്തിൽ എസ് ഷാരോൺ ക്യാച്ചെടുത്താണ് വരുൺ മടങ്ങിയത്. തന്റെ അടുത്ത ഓവറിൽ കെഎസ് അരവിന്ദിനെയും (2) ശരത് തന്നെ മടക്കി.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രോഹൻ കുന്നുമ്മലും അഖിൽ സ്കറിയയും ചേർന്ന് കരുതലോടെയാണ് ബാറ്റ് വീശിയത്. 56 പന്തുകളിൽ നിന്ന് 57 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ 43 റൺസെടുത്ത രോഹൻ മടങ്ങി. തൊട്ടടുത്ത പന്തിൽ 19 റൺസെടുത്ത അഖിൽ സ്കറിയയും പുറത്തായി. തുടർന്ന് ഒത്തുചേർന്ന സൽമാൻ നിസാറും അബ്ദുൽ ബാസിദും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് കാലിക്കറ്റിന്റെ സ്കോർ 146ൽ എത്തിച്ചത്. 40 പന്തുകളിൽ നിന്ന് 73 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 25 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 51 റൺസുമായി സൽമാൻ നിസാർ പുറത്താകാതെ നിന്നു. അബ്ദുൽ ബാസിദ് 15 പന്തുകളിൽ നിന്ന് 21 റൺസെടുത്തു. കാലിക്കറ്റിൻ്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു.

Thrissur Titans
മെസിയും അർജന്റീനയും... അടങ്ങാത്ത പ്രണയത്തിന്റെ കഥ!

147 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് തുടക്കത്തിൽ തന്നെ ഒമർ അബൂബക്കറിനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച അഹ്മദ് ഇമ്രാനും ഷോൺ റോജറും ചേർന്ന് കരുതലോടെ സ്കോർ ബോർഡ് മുന്നോട്ട് നീക്കി. ഇരുവരും ചേർന്ന് 65 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 45 റൺസെടുത്ത ഇമ്രാൻ ആതിഫ് ബിൻ അഷ്റഫിൻ്റെ പന്തിൽ അഖിൽ സ്കറിയ ക്യാച്ചെടുത്ത് പുറത്തായി. സ്കോർ 82-ൽ നിൽക്കെ 28 റൺസെടുത്ത ഷോൺ റോജറും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 82 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. തുടർന്നെത്തിയ ക്യാപ്റ്റൻ എംഎസ് അഖിലിന്റെ തകർപ്പൻ ഇന്നിങ്സാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അഖിൽ ക്രീസിൽ നിലയുറപ്പിച്ചതോടെ തൃശൂർ വിജയവഴിയിലേക്ക് നീങ്ങി.

എന്നാൽ അവസാന നിമിഷങ്ങളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. അവസാന ഓവറിൽ 11 റൺസായിരുന്നു തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്തിൽ ഡബിൾ നേടി അർധ സെഞ്ച്വറി തികച്ച അഖിൽ തൊട്ടടുത്ത പന്തിൽ പുറത്തായി. പിന്നാലെയെത്തിയ എസ് ഷാരോൺ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയതോടെ ലക്ഷ്യം രണ്ട് പന്തിൽ നാല് റൺസായി ചുരുങ്ങി. എന്നാൽ അടുത്ത പന്തിൽ ഷാരോണും പുറത്തായി. ഇതോടെ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റൺസ്. എന്നാൽ സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ ബാറ്റ് വീശിയ എകെ അർജുൻ സിക്സുമായി ടീമിന് വിജയമൊരുക്കി.

Thrissur Titans
'ശാശ്വത നന്ദി ഏറ്റവും പ്രിയപ്പെട്ട ലിയോ... ജീവിതാവസാനം വരെ ‍ഞങ്ങൾ താങ്കളെ സ്നേഹിക്കും!'
Thrissur Titans
'ലയണൽ മെസി'... സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!
Summary

Thrilling Win for Thrissur Titans Against Calicut Globstars with a Six on the Last Ball!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com