

ന്യോൻ: ലോകകപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ടൂർണമെന്റുകളുടെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള നീക്കത്തിൽ നിന്നു ഫിഫ പിൻമാറിയിട്ടും പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ പുറത്താക്കാനുള്ള നീക്കം സജീവമാക്കി യുവേഫ. വിവാദങ്ങൾക്ക് വിരാമം വന്നെങ്കിലും ഇൻഫാന്റിനോയ്ക്കെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവന്ന് പുറത്താക്കാനുള്ള ആലോചനയിലാണ് 55 യൂറോപ്യൻ ടീമുകളുടെ കൂട്ടായ്മയായ യുവേഫ. ഓഹരി വിൽപ്പനയ്ക്കായി കൊണ്ടു വന്ന ഫിഫ ഫോർവേഡ് എന്റർപ്രൈസ് എന്നു പേരിട്ട പദ്ധതി കഴിഞ്ഞ ദിവസം ഫിഫ ഉപേക്ഷിച്ചിരുന്നു.
എന്നാൽ ഇൻഫാന്റിനോ സ്ഥാനം ഒഴിയണമെന്ന കടുത്ത നിലപാടിലാണ് യുവേഫ. ഏഷ്യ, കോൺകാകാഫ്, കോൺമെബോൾ, ആഫ്രിക്ക ഫുട്ബോൾ കൂട്ടായ്മകളും യുവേഫയെ ഇക്കാര്യത്തിൽ പിന്തുണയ്ക്കുന്നുണ്ട്. ഇൻഫാന്റിനോയ്ക്കെതിരെ എല്ലാ ഫുട്ബോൾ അസോസിയേഷനുകളും രംഗത്തെത്തിയിരുന്നു. പുതിയ നീക്കം ഇൻഫാന്റീനോയ്ക്ക് നൽകുന്ന ആഘാതം ചെറുതായിരിക്കില്ല. പ്രത്യേകിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന ഈ ഘട്ടത്തിൽ.
വിവാദ വിഷയം മുൻനിർത്തി ഇൻഫാന്റിനോ രാജിവയ്ക്കണം എന്നാണ് യുവേഫയുടെ കടുത്ത നിലപാട്. ഇതിനെ യുവേഫയിലെ 55 രാജ്യങ്ങളും പിന്തുണയ്ക്കുന്നു. ഫിഫ നിയമം അനുസരിച്ച് 43 അംഗ അസോസിയേഷനുകളുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കും. വിവാദ കരാർ റദ്ദാക്കാനുള്ള ഫിഫ തീരുമാനത്തെ യുവേഫ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ ഫിഫയുടെ നിലവിലെ നേതൃത്വത്തിനും ഭരണ രീതിക്കുമെതിരെ കടുത്ത ആക്രമണമാണ് യുവേഫ നടത്തുന്നത്.
ഫുട്ബോൾ വിൽക്കാനുള്ളതല്ലെന്നു യുവേഫ ആവർത്തിച്ചു പറയുന്നു. വിവാദ പദ്ധതി പിൻവലിക്കാനുള്ള ഫിഫ തീരുമാനം മുഴുവൻ ഫുട്ബോൾ ലോകത്തിന്റേയും വിജയം എന്നാണ് യുവേഫ വിശേഷിപ്പിച്ചത്. നീക്കത്തെ എതിർത്ത ആരാധകർ, ക്ലബുകൾ, ലീഗുകൾ, കളിക്കാർ, ദേശീയ അസോസിയേഷനുകൾ, മറ്റ് ഫെഡറേഷനുകൾ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്കെല്ലാം യുവേഫ നന്ദിയും അറിയിച്ചു.
2016ൽ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സുതാര്യത സംരക്ഷിക്കുമെന്ന ഉറപ്പാണ് ഇൻഫാന്റിനോ വാഗ്ദാനം ചെയ്തത്. എന്നാൽ ഇക്കാര്യം പാലിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. നിലവിലെ നേതൃത്വത്തിലുള്ള വിശ്വാസം തങ്ങൾക്ക് മാത്രമല്ല മറ്റ് പല അസോസിയേഷനുകൾക്കും നഷ്ടമായിട്ടുണ്ടെന്നും യുവേഫ വ്യക്തമാക്കി.
ഫിഫയിൽ അംഗങ്ങളായ 211 രാജ്യങ്ങളും വിവാദ പദ്ധതിക്കെതിരെ രംഗത്തെത്തിയതോടെയാണ് ഇൻഫാന്റിനോയുടെ ഓഹരി വിൽപ്പന പദ്ധതി പാളിയത്. മാത്രമല്ല കഴിഞ്ഞ ദിവസം സമാന വിഷയത്തിൽ കടുത്ത ആരോപണങ്ങളുയർത്തി ഇൻഫാന്റിനോയുടെ വലം കൈ ആയി പ്രവർത്തിച്ച മുതിർന്ന ഉപദേഷ്ടാവ് കാർലോസ് കോർഡെറോ തന്റെ പദവി രാജിവച്ചതും നിർണായകമായി.
ഫിഫ ലോകകപ്പ്, ക്ലബ് ലോകകപ്പ് മറ്റ് സുപ്രധാന ടൂർണമെന്റുകൾ എന്നിവയുടെ വാണിജ്യ അവകാശങ്ങൾ, സ്പോൺസർഷിപ്പ്, ഇവന്റ് റൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി ഫോർവേഡ് എന്റർപ്രൈസ് (എഫ്എഫ്ഇ) എന്ന പേരിൽ 20 ബില്ല്യൺ ഡോളറിന്റെ വാണിജ്യ അനുബന്ധ സ്ഥാപനം രൂപീകരിക്കാനാണ് ഫിഫ ലക്ഷ്യമിട്ടത്.
ഫിഫയുടെ 20 ശതമാനം വരെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് ഏതാണ്ട് 4.2 ബില്ല്യൺ ഡോളർ സമാഹരിക്കാനായിരുന്നു ഇൻഫാന്റിനോയുടേയും സംഘത്തിന്റേയും നീക്കം. ജോഷ്വ കുഷ്നർ സ്ഥാപിച്ച യുഎസിലെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് ഫേം ത്രൈവ് ക്യാപിറ്റൽ എന്ന കമ്പനിയെയാണ് പ്രധാന നിക്ഷേപകരായി ഫിഫ കണ്ടെത്തിയത്. ഈ നീക്കമാണ് അടപടലം പാളി വൻ വിവാദമായി മാറിയത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻകയുടെ ഭർത്താവ് ജെറാർഡ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നറാണ് ത്രൈവ് ക്യാപിറ്റലിന്റെ ഉടമ. ഇൻഫാന്റിനോയ്ക്ക് ട്രംപ് കുടുംബവുമായുള്ള ബന്ധം പദ്ധതിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുണ്ടെന്ന ആരോപണത്തിനും ഇതു കാരണമായി.
പദ്ധതിയിൽ നിന്നു നിവൃത്തിയില്ലാതെ പിൻമാറേണ്ടി വന്നത് ഇൻഫാന്റിനോയ്ക്ക് കനത്ത തിരിച്ചടിയാണ്. പുതിയ ഫിഫ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് അടുത്തു നടക്കാനിരിക്കെ പ്രത്യേകിച്ചും. ഈ സംഭവം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ തന്നെ മോശമായി ബാധിച്ച സ്ഥിതിയാണ്. ഇതിനൊക്കെ പുറമെയാണ് ഇപ്പോൾ അവിശ്വാസ പ്രമേയമെന്ന വാൾ അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിൽ ആടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates