

വണ്ടർ കിഡ് വൈഭവ് സൂര്യവംശി എത്രത്തോളം മികച്ച ബാറ്ററാണ്? - ആഗോള ക്രിക്കറ്റ് ലോകം മുഴുവൻ ഇപ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ്. ചരിത്രമെഴുതി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറിയ താരത്തിനു പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല. എന്നാൽ പിന്നാലെ നടന്ന സിംബാബ്‍വെക്കെതിരായ പോരാട്ടത്തിൽ താരം 3 മത്സരങ്ങളിൽ രണ്ടിലും അർധ സെഞ്ച്വറി നേടി. 50, 81 എന്നീ സ്കോറുകളാണ് താരം നേടിയത്. പരമ്പരയുടെ താരമായും 15കാരൻ മാറി.
മിന്നും പ്രകടനത്തിനു പിന്നാലെ താരത്തിന്റെ ബാറ്റിങ് മികവിനെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരങ്ങൾ. ഇതിൽ ശ്രദ്ധേയമാകുന്നത് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയുടെ നിരീക്ഷണങ്ങളാണ്. ഓസ്ട്രേലിയൻ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാനോടാണ് ഉത്തപ്പ വൈഭവിനെ താരതമ്യം ചെയ്യുന്നത്. താരത്തിന്റെ സാങ്കേതിക തികവ് ബ്രാഡ്മാനു സമമാണെന്നു ഉത്തപ്പ പറയുന്നു.
'ബ്രാഡ്മാൻ റൺസ് നേടുന്നതു തടയാൻ മുൻപ് ബൗളർമാർ അദ്ദേഹത്തിനു നേർക്ക് ബോഡി ലൈൻ ബൗളിങ് തന്ത്രമാണ് പ്രയോഗിച്ചിരുന്നത്. വൈഭവ് കരിയറിന്റെ തുടക്കത്തിലാണെങ്കിലും ബൗളർമാർ താരത്തിനെതിരേയും സമാന തന്ത്രം പുറത്തെടുക്കുന്നത് ഇപ്പോൾ കാണാം.'
'ഇതിനെക്കുറിച്ച് ഈ ഘട്ടത്തിൽ കൃത്യമായി പറയുക പ്രയാസമാണ്. വൈഭവ് ബാറ്റ് ചെയ്യുന്ന രീതിക്ക് ബൗളർമാർ എങ്ങനെ മറുപടി നൽകുമെന്നു ഇനിയും കാണേണ്ടതുണ്ട്. ബൗളർമാർ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളു. അതിനാൽ കാത്തിരുന്നു കാണേണ്ട കാര്യങ്ങളാണ് ഇതെല്ലാം. ബ്രാഡ്മാൻ അത്തരത്തിൽ ബാറ്റ് ചെയ്തിരുന്നപ്പോൾ ബൗളർമാർ സ്വീകരിച്ചത് ബോഡി ലൈൻ തന്ത്രമാണ്. വൈഭവിനു ബ്രാഡ്മാന്റേതിനു സമാനമായ ബാറ്റിങ് ശൈലിയുണ്ട്. അദ്ദേഹം എൽബിഡബ്ല്യു ആയി ഔട്ടാകാനുള്ള സാധ്യത വളരെ കുറവാണ്.'
'നിലവിൽ വൈഭവ് തന്റെ സ്ട്രൈക്ക് റേറ്റ് 40നു മുകളിൽ ആവറേജ് നിലനിർത്തിയാൽ അദ്ദേഹത്തെ അപൂർവ പ്രതിഭയായി കണക്കാക്കാം. രണ്ടാം ലോക മഹായുദ്ധം ഉണ്ടായിരുന്നില്ലെങ്കിൽ ബ്രാഡ്മാൻ 30 ടെസ്റ്റുകൾ കൂടി കളിക്കുമായിരുന്നു. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ആവറേജ് 99 ആയി തുടരുമോ അതോ 100നു മുകളിൽ പോകുമോ എന്നത് ഒരു കൗതുകമായി നിൽക്കുന്ന കാര്യമായിരുന്നേനെ.'
'ഇക്കാലത്ത് വൈഭവിനെ പോലെയുള്ള പ്രതിഭകൾ ഉണ്ടാകാനുള്ള സാധ്യത പണ്ടേത്തേതിനേക്കാൾ കൂടുതലാണ്. കാരണം കളത്തിൽ ഇപ്പോൾ പരമ്പരാഗത ബൗളിങ് അല്ലെങ്കിൽ ബാറ്റിങ് ശൈലികളെ മാത്രം ആശ്രയിക്കുന്നില്ല. ഇന്ന് ഏത് ശൈലിയും സ്വീകാര്യമാണ്. ഒരു പ്രത്യേക രീതി പിന്തുടരുന്നതിനേക്കാൾ കളിക്കാർ തങ്ങളുടെ സ്വാഭാവികമായ കഴിവുകളിലാണ് കൂടുതൽ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് എംഎസ് ധോനി തന്റെ സ്വന്തം ശൈലിയിൽ കളിച്ച് വിജയിച്ചപ്പോൾ ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത്. ഇപ്പോൾ വൈഭവും സ്വന്തം ശൈലിയിലാണ് കളിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി എന്നിവരെയൊക്കെ ആളുകൾ ആസ്വദിക്കുന്നതിന്റെ കാര്യവും ഈ നൈസർഗികത തന്നെയാണ്'- ഉത്തപ്പ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates