

ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ശ്രീലങ്ക എ ടീമിനെതിരെ 66 റണ്‍സിന്റെ ത്രല്ലര്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ചാംപ്യന്‍മാരായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് അടിച്ചുകൂട്ടി. ശ്രീലങ്ക എ ടീമിന്റെ പോരാട്ടം 47.1 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു.
62 റണ്‍സെടുത്ത വനുജ സഹന്‍ ആണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. സദീര സമരവിക്രമയും അര്‍ധ സെഞ്ച്വറി നേടി. താരം 52 റണ്‍സെടുത്തു. വിജയകാന്ത് വ്യാസ്‌കാന്ത് (39), ക്യാപ്റ്റന്‍ സഹന്‍ അരച്ചികെ (38), നിരോഷന്‍ ഡിക്ക്‌വെല്ല (25), മുഹമ്മദ് ഷിരാസ് (21) എന്നിവരും പൊരുതി നോക്കി. പക്ഷേ ലക്ഷ്യത്തിലെത്തിയില്ല.
മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി യഷ് ഠാക്കൂര്‍, വിപ്രജ് നിഗം എന്നിവര്‍ ലങ്കന്‍ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അനുകുല്‍ റോയ് 2 വിക്കറ്റെടുത്തു. അശോക് ശര്‍മ, തിലക് വര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുടെ മിന്നല്‍ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ എ കുതിച്ചത്. ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി വൈഭവ് സൂര്യവംശിയുടെ താണ്ഡവം. വെറും 11 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച 15 വയസുകാരന്‍, ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കി. വെറും 29 പന്തില്‍ 94 റണ്‍സ് എടുത്താണ് താരം മടങ്ങിയത്. 8 സിക്‌സും 10 ഫോറും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സ്. താരം തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കന്‍ താരങ്ങളുമായുണ്ടായ തര്‍ക്കങ്ങളുടെയും മോശം ഫോമിന്റെയും പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സൂര്യവംശി കൃത്യമായ മറുപടിയാണ് ഫൈനലില്‍ ലങ്കയ്ക്ക് നല്‍കിയത്. മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ ലങ്കന്‍ ബൗളിങ് നിരയെ തല്ലിച്ചതച്ച വൈഭവ്, മുഹമ്മദ് ഷിറാസ് എറിഞ്ഞ മൂന്നാം ഓവറില്‍ 3 സിക്സറുകളും 2 ഫോറുകളുമടക്കം 26 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ദുലാജ് സമുദിതയുടെ ഓവറില്‍ രണ്ട് ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തിയാണ് താരം 11 പന്തില്‍ തന്റെ റെക്കോര്‍ഡ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്.
50 ഓവര്‍ മത്സരത്തില്‍ ടി20 ശൈലിയിലാണ് വൈഭവ് ബാറ്റ് വീശിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ ഒടുവില്‍ സഹന്‍ ആരച്ചിഗെയാണ് പുറത്താക്കിയത്. സെഞ്ച്വറിക്ക് 6 റണ്‍സ് അകലെ വെച്ച് മിഡ്-ഓഫിന് മുകളിലൂടെ അടിക്കാനുള്ള ശ്രമത്തില്‍ വിജയ്കാന്ത് വ്യാസ്‌കാന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. റെക്കോര്‍ഡ് സെഞ്ച്വറി നഷ്ടമായെങ്കിലും ലങ്കന്‍ താരങ്ങള്‍ പോലും മൈതാനത്തുവച്ച് അഭിനന്ദിച്ചാണ് 15കാരനെ യാത്രയാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക എ ടീം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ തിലക് വര്‍മ ആഗ്രഹിച്ചതുപോലെ തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് ഇന്ത്യയ്ക്ക് നല്‍കിയത്. സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഇന്ത്യ 7 ഓവറില്‍ 100 റണ്‍സ് പിന്നിട്ടു. വൈഭവ് പുറത്താകുമ്പോള്‍ 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ എ ടീം. പ്രിയാംശ് ആര്യ 39 റണ്‍സുമായി മടങ്ങി.
തിലക് വര്‍മയും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. താരം 67 റണ്‍സെടുത്തു. ഋതുരാജ് ഗെയ്ക്‌വാദ് (40), കുമാര്‍ കുശാഗ്ര (36), അനുകുല്‍ റോയ് (39), വിപ്രജ് നിഗം (27) എന്നിവരും ഇന്ത്യയ്ക്കായി സംഭാവന നല്‍കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates