ധവാനും കോഹ്‌ലിക്കും അര്‍ധ സെഞ്ച്വറി; ഗോള്‍ഡന്‍ ഡക്കായി പന്ത്; ഇന്ത്യ പൊരുതുന്നു

ധവാനും കോഹ്‌ലിക്കും അര്‍ധ സെഞ്ച്വറി; ഗോള്‍ഡന്‍ ഡക്കായി പന്ത്; ഇന്ത്യ പൊരുതുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
2 min read

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിന പോരാട്ടത്തില്‍ ജയത്തിനായി ഇന്ത്യ പൊരുതുന്നു. ദക്ഷിണാഫ്രിക്ക മുന്നിലേക്ക് വച്ച് 288 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 23 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയിലാണ്. 

അര്‍ധ സെഞ്ച്വറി നേടി വിരാട് കോഹ്‌ലിയും രണ്ട് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. കോഹ്‌ലി 63 പന്തുകള്‍ നേരിട്ട് നാല് ഫോറുകള്‍ സഹിതം 50 റണ്‍സുമായി ബാറ്റിങ് തുടരുന്നു.

വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍- വിരാട് കോഹ്‌ലി സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്‌കോര്‍ 18 റണ്‍സിലെത്തിയപ്പോഴാണ് ഇന്ത്യക്ക് രാഹുലിനെ നഷ്ടമായത്. പിന്നീട് രണ്ടാം വിക്കറ്റ് വീണത് 116 റണ്‍സിലാണ്. എന്നാല്‍ രണ്ട് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും മൂന്നാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഋഷഭ് പന്ത് ഗോള്‍ഡന്‍ ഡക്കായി മടങ്ങി. 

രാഹുല്‍ ഒന്‍പത് റണ്‍സുമായി മടങ്ങിയപ്പോള്‍ ധവാന്‍ അര്‍ധ സെഞ്ച്വറി നേടി. 73 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സാണ് ധവാന്‍ കണ്ടെത്തിയത്. ധവാനേയും പന്തിനേയും ഫെലുക്വാവോയാണ് പുറത്താക്കിയത്. ലുംഗി എന്‍ഗിഡിക്കാണ് രാഹുലിന്റെ വിക്കറ്റ്. 

ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറിക്കരുത്തില്‍ ദക്ഷിണാഫ്രിക്ക

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.5 ഓവറില്‍ 287 റണ്‍സില്‍ പുറത്തായി. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറിയും റസ്സി വാന്‍ ഡെര്‍ ഡസ്സന്‍ നേടിയ അര്‍ധ സെഞ്ച്വറിയും മധ്യനിരയില്‍ പൊരുതി നിന്ന ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റിങ്ങാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപക് ചഹര്‍, ജസ്പ്രിത് ബുമ്‌റ,  എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. യുസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റെടുത്തു. രണ്ട് താരങ്ങള്‍ റണ്ണൗട്ടായി.

130 പന്തുകള്‍ നേരിട്ട് പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 124 റണ്‍സുമായി ഡി കോക്ക് ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അര്‍ധ സെഞ്ച്വറിയുമായി റസ്സി വാന്‍ ഡെര്‍ ഡസ്സനും ഡി കോക്കിന് പിന്തുണ നല്‍കി. താരം 59 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സുമായി മടങ്ങി. ഡേവിഡ് മില്ലര്‍ 38 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സ് കണ്ടെത്തി.

ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് വിടുകയായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മികവോടെ തുടങ്ങിയെങ്കിലും ക്വിന്റണ്‍ ഡി കോക്ക് ഡസ്സന്‍ സഖ്യം ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 

ഓപ്പണര്‍ ജന്നേമന്‍ മാലന്‍ (ഒന്ന്), ക്യാപ്റ്റന്‍ ടെംബ ബവുമ (എട്ട്), എയ്ഡന്‍ മാര്‍ക്രം (15), ആന്‍ഡില്‍ ഫെലുക്വാവോ (4), ഡ്വയ്ന്‍ പ്രിട്ടോറിയസ് (20), കേശവ് മഹാരാജ് (6), സിസന്‍ഡ മഗള (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

മാലനെ ദീപക് ചഹര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ ടെംബ ബവുമയെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ റണ്ണൗട്ടാക്കുകയായിരുന്നു. മാര്‍ക്രത്തേയും ചഹര്‍ മടക്കി. ഫെലുക്വാവോ ശ്രേയസ് അയ്യര്‍ പന്ത് കൂട്ടുകെട്ടില്‍ റണ്ണൗട്ടായി. പ്രിട്ടോറിയസിനെയും ഡേവിഡ് മില്ലറേയും സിസന്‍ഡ മഗളയേയും
പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. ഡി കോക്കിനേയും കേശവ് മഹാരാജിനേയും ജസ്പ്രിത് ബുമ്‌റയാണ് മടക്കിയത്. ലുംഗി എന്‍ഗിഡി റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com