

അഹമ്മദാബാദ്: 37ാം വയസിലും വിരാട് കോഹ്‍ലി ബാറ്റിങിന്റെ സമസ്ത പാഠങ്ങളും ഗ്രൗണ്ടിൽ ഒഴുക്കി വിടുന്നു. ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 25 പന്തിൽ അർധ സെഞ്ച്വറി നേടിയതിനെ കുറിച്ച് ചോദിച്ചപ്പോൾ താനിപ്പോഴും ക്രിക്കറ്റിലെ വിദ്യാർഥിയാണെന്ന മറുപടിയാണ് കോഹ്‍ലി നൽകിയത്. കരിയറിന്റെ സായാഹ്നത്തിലും കളി മികവുറ്റതാക്കുന്നതിൽ അതീവ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന കോഹ്‍ലി വൈഭവ് സൂര്യവംശിയെ പോലുള്ള താരാങ്ങളുടെ വരവ് തന്റെ ചിന്താഗതി മാറ്റിയെന്നും സമ്മതിക്കുന്നു. ഫൈനലിൽ കോഹ്‍ലി നേടിയത് കരിയറിലെ തന്നെ ഏറ്റവും വേഗമേറിയ ഐപിഎൽ അർധ സെഞ്ച്വറിയാണ്.
'ഞാനിപ്പോഴും ക്രിക്കറ്റിലെ ഒരു വിദ്യാർഥിയാണ്. 37ാം വയസിൽ കളിയുടെ ശൈലിയല്ല ഞാൻ മാറ്റിയത്. എന്റെ ചിന്താഗതിയാണ്. ബൗളർമാരെ കൂടുതൽ ആക്രമിച്ചു കളിച്ച് റൺസ് കണ്ടെത്താൻ ഇതെന്നെ ഏറെ സഹായിച്ചു.'
'കിരീടം നേടിയെടുക്കുന്ന ഇന്നിങ്സ് കളിക്കുക എന്നത് വലിയ സ്വപ്നമായിരുന്നു. ഈയൊരു നിമിഷത്തെക്കുറിച്ച് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്. സീസണിൽ എന്റെ കളിയുടെ ശൈലി മാറ്റാൻ പ്രേരിപ്പിച്ചത് 15 വയസുകാരനായ വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവ താരങ്ങളുടെ സാന്നിധ്യമാണ്. യുവ താരങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.'
'സീണണിൽ ടീമെന്ന നിലയിൽ എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ പത്ത് മത്സരങ്ങളിൽ എട്ട് വ്യത്യസ്ത കളിക്കാരാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. ജോഷ് ഹെയ്സൽവുഡ്, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ക്രുണാൽ പാണ്ഡ്യ, റാസിഖ് സലാം ദാർ തുടങ്ങിയ ലോകോത്തര ബൗളർമാരുടെ പ്രകടനം ടീമിനു വലിയ ആത്മവിശ്വാസം നൽകി.'
'ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ നടന്നത്. എങ്കിലും അവിടെയുണ്ടായിരുന്ന കാണികളിൽ ബഹുഭൂരിഭാഗവും ആർസിബിയെയാണ് പിന്തുണച്ചത്. ഞങ്ങൾക്ക് 7 ഹോം മത്സരങ്ങളല്ല 14 ഹോം മത്സരങ്ങൾ ഉള്ളതുപോലെയാണ് ഫീൽ ചെയ്തതത്. ആരാധകരുടെ വലിയ പിന്തുണയ്ക്കു കടപ്പെട്ടിരിക്കുന്നു'- കോഹ്‍ലി കിരീട നേട്ടത്തിനു ശേഷം വ്യക്തമാക്കി.
ഫൈനലിൽ 9 ഫോറും 3 സിക്സും സഹിതം കോഹ്‍ലി പുറത്താകാതെ 42 പന്തിൽ 75 റൺസെടുത്ത് തന്റെ ചെയ്സിങ് രാജാവെന്ന പട്ടം അരക്കിട്ടുറപ്പിക്കുന്നത് ലോകം ഒരിക്കൽ കൂടി കണ്ടു. 18 വർഷം കോഹ്‍ലി ഒരു ഐപിഎൽ കിരീടത്തിനായി കാത്തിരുന്നു. രണ്ടാമത്തെ കിരീടത്തിനു വേണ്ടി വന്നത് വെറും 12 മാസങ്ങൾ. രണ്ട് വർഷത്തിനിടെ 2 ഐപിഎൽ കിരീടങ്ങൾ!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates