

അഡ്‌ലെയ്ഡ്: രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം. രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. ഓസിസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 337 റണ്‍സിനൊപ്പമെത്താന്‍ ഇന്ത്യക്ക് 29 റണ്‍സ് വേണം.
ഋഷഭ് പന്തും (21 പന്തില്‍ 28), നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് (14 പന്തില്‍ 15) ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങി പത്തോവറിനുള്ളില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. കെഎല്‍ രാഹുല്‍ ഏഴ് റണ്‍സും യശസ്വി ജയ്‌സ്വാള്‍ 24 റണ്‍സും എടുത്താണു പുറത്തായത്.
നായകന്‍ പാറ്റ് കമിന്‍സാണ് ഓസ്‌ട്രേലിയയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. കോഹ് ലി(11), ശുഭ്മന്‍ ഗില്‍ (28), രോഹിത് ശര്‍മ (ആറ്) എന്നിവരും അതിവേഗം മടങ്ങി. 18.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്.
ട്രാവിസ് ഹെഡിന് സെഞ്ച്വറി
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 337 റണ്‍സിന് ഓള്‍ ഔട്ടായി ഓസ്ട്രേലിയ. 157 റണ്‍സ് ലീഡാണ് ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഒമ്പത് പന്ത് നേരിട്ട സ്‌കോട്ട് ബോളണ്ടിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് ഇന്നിങ്സ് അവസാനിച്ചു.
മത്സരത്തില്‍ എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് ഹെഡ് അഡ്ലെയ്ഡില്‍ കുറിച്ചത്. 111 പന്തുകള്‍ നേരിട്ട് 10 ഫോറും 3 സിക്സും സഹിതമാണ് താരത്തിന്റെ ശതകം.
ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 141 പന്തില്‍ 17 ഫോറും 4 സിക്സും സഹിതം 140 റണ്‍സെടുത്തു മടങ്ങി. ഹെഡിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ 12 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനെ ജസ്പ്രിത് ബുംറയും മടക്കി. മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിറാജ് മടക്കി. താരം 18 റണ്‍സെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 180 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്‌ട്രേലിയ മറുപടി ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി മര്‍നസ് ലാബുഷെയ്ന്‍ അര്‍ധ സെഞ്ച്വറിയടിച്ചിരുന്നു.
രാത്രി ഭക്ഷണത്തിനു പിരിയും മുന്‍പ് ഓസീസിന് നാലാം വിക്കറ്റ് നഷ്ടമായി. ലാബുഷെയ്‌നാണ് പുറത്തായത്. താരം 64 റണ്‍സുമായി മടങ്ങി. രാത്രി ഭക്ഷണത്തിനു പിന്നാലെ ഓസീസിന് അഞ്ചാം വിക്കറ്റും നഷ്ടമായി. മിച്ചല്‍ മാര്‍ഷ് 9 റണ്‍സുമായി പുറത്തായി. ഉസ്മാന്‍ ഖവാജ (13), മക്‌സ്വീനി (39) സ്റ്റീവ് സ്മിത്ത് (2), അലക്സ് കാരി (15) എന്നിവരാണ് ഔട്ടായ മറ്റുള്ളവര്‍.
ഇന്ത്യക്കായി ജസ്പ്രിത് ബുംറ 4 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് 3 വിക്കറ്റെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡി, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങാണ് വെട്ടിലാക്കിയത്. 180 റണ്‍സിന് എല്ലാവരും പുറത്തായി. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി പിങ്ക് പന്തിലെ തന്റെ സ്വാധീനം ഒരിക്കല്‍ കൂടി വെളിവാക്കി. 54 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates